കളത്തിൽ തൃശൂർ എഫ്‌സി, ഗാലറിയിൽ ആരാധകരും

തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന കേരള സൂപ്പർ ലീഗിൽ തൃശൂർ മാജിക് എഫ്സിയും മലപ്പുറം എഫ്സിയും തമ്മിൽ നടന്ന മത്സരത്തിൽ തൃശൂർ മാജിക് എഫ്സി ഗോൾ നേടിയപ്പോൾ ആരാധകരുടെ ആവേശം
സ്വന്തം ലേഖകൻ
തൃശൂർ
പന്ത് ഉരുളും മുമ്പേ ആഘോഷം തുടങ്ങി. പുലികളിയും ശിങ്കാരിമേളവും കാവടിയും വെടിക്കെട്ടുമായി കോർപറേഷൻ സ്‌റ്റേഡിയം പൂരപ്പറമ്പായി. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം തൃശൂരിൽ വിരുന്നെത്തിയ സൂപ്പർ ലീഗ് കേരളയുടെ ഭാഗമായ ഫുട്‌ബോൾ മത്സരം ആഘോഷമാക്കാൻ എത്തിയവർക്കെല്ലാം മധുരം വിതരണം ചെയ്‌താണ് സ്വാഗതം ചെയ്‌തത്. വെള്ളി ഏഴരയ്‌ക്കുള്ള കിക്കോഫിന് മുന്പ് തന്നെ ഗാലറിയിൽ തൃശൂർ മാജിക് എഫ്‌സിയുടെ ആരാധക കൂട്ടം ‘ബ്യൂ ഗഡീസ്’ ആഘോഷം തുടങ്ങി. തൃശൂരിലെ കാൽപ്പന്ത് പൂരം കാണാൻ 14 ബസ്സുകളിലായി മലപ്പുറത്തിന്റെ ആരാധകരായ ‘മലപ്പുറം അൾട്രാസ്’ കൂടി എത്തിയത്തോടെ ഗാലറിയിൽ ആവേശം തിരതല്ലി. ഐ എം വിജയൻ ഗ്രൗണ്ടിലിറങ്ങി കാണികളെ അഭിവാദ്യം ചെയ്‌തപ്പോൾ ഓർമകളുടെ മേളപ്പെരുക്കം തീർത്ത് ഗാലറി ആർത്തുവിളിച്ചു. കളി തുടങ്ങി മിനിറ്റുകൾക്കകം തൃശൂർ ഗോളടിച്ചത്തോടെ കാണികൾ ആർത്തിരന്പി. മിനിറ്റുകൾക്കകം എത്തിയ മലപ്പുറത്തിന്റെ സമനില ഗോളിന് പിന്നാലെ തിരിച്ചടിക്കാൻ ആർത്ത് വിളിച്ച് ഗാലറിയിൽനിന്ന് വമ്പൻ പിന്തുണ. തൃശൂരിന്റെ ഓരോ മുന്നേറ്റവും ഗോളെന്ന പോലെ ആഘോഷിച്ചു. മലപ്പുറത്തിന്റെ ഗോൾ ശ്രമങ്ങളെ തടഞ്ഞപ്പോഴെല്ലാം കൈയ്യടിയും ആർപ്പ് വിളിയുമായി നിറഞ്ഞാടി. അവസരങ്ങൾ നഷ്ടമായതോടെ തലയിൽ കൈവച്ച് നിരാശ പ്രകടിപ്പിച്ചു. 90 മിനിറ്റും കളത്തിൽ തൃശൂർ മാജിക് എഫ്‌സി നിറഞ്ഞ് കളിച്ചപ്പോൾ കളത്തിന് പുറത്ത് പന്ത്രണ്ടാമത്തെ കളിക്കാരന്റെ റോളിൽ കാണികൾ ടീമിന് ഉറച്ച പിന്തുണ നൽകി. കളിയുടെ രണ്ടാം പകുതിയിൽ മലപ്പുറം മേധാവിത്വം പുലർത്തി. ഇതിനിടയിൽ പകരക്കാരനായി എത്തിയ ഇഷാൻ പണ്ഡിതയുടെ ഹെഡ്ഡർ തൃശൂരിനെ വിറപ്പിച്ച് ബാറിനെ ഉരുമ്മി പുറത്തുപോയി. ഒരു നിമിഷം ശ്വാസം അടക്കിപ്പിടിച്ച ആരാധകർ ടീം വ്യത്യാസമില്ലാതെ മലപ്പുറത്തിന്റെ നല്ല നീക്കങ്ങൾക്ക് കൈയടി നൽകി. തൃശൂർ മാജിക് എഫ്‌സിയുടെ ആദ്യ ഹോം മാച്ച് കാണാൻ 6219 കാണികളാണ് സ്റ്റേഡിയത്തിലെത്തിയത്. മാജിക്ക് എഫ്‌സിയുടെ അംബാസിഡർ കുഞ്ചാക്കോ ബോബൻ മകൻ ഇസഹാക്കിന് ഒപ്പമാണ് എത്തിയത്. മഞ്ജു വാര്യർ, ഗായത്രി സുരേഷ്, അതിഥി രവി, മന്ത്രി കെ രാജൻ, മേയർ എം കെ വർഗീസ് തുടങ്ങി നിരവധി പ്രമുഖർ ഗാലറിയിലുണ്ടായിരുന്നു.









0 comments