വിദ്യാർഥികൾക്ക് ഹരിത സേന സ്‌കോളർഷിപ്
ജില്ലയിൽ 4925 വിദ്യാർഥികൾക്കായി 73.87 ലക്ഷം

തൃശൂർ
വിദ്യാർഥികളിൽ ഉത്തരവാദിത്വമുള്ള ഉപഭോക്തൃ സംസ്‌കാരം, ശാസ്‌ത്രീയ മാലിന്യ സംസ്‌കരണം തുടങ്ങിയവയിൽ താൽപ്പര്യം വളർത്താൻ സ്‌കോളർഷിപ് പദ്ധതി. ‘വിദ്യാർഥി ഹരിത സേന സ്‌കോളർഷിപ്-– ഇക്കോ സെൻസ്’ എന്ന പേരിലാണ് സ്കൂൾ കുട്ടികൾക്കായി സ്‌കോളർഷിപ് നൽകുക. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി മാലിന്യ സംസ്‌കരണത്തിന്റെ മാതൃകാ പദ്ധതികൾക്കാണ് സ്‌കോളർഷിപ് നൽകുന്നത്. ഒരു കുട്ടിക്ക് 1500 രൂപയാണ് നൽകുക. ജില്ലയിൽ 94 തദ്ദേശ സ്ഥാപനങ്ങളിലായി 4925 വിദ്യാർഥികൾക്കായി 73.87 ലക്ഷം രൂപ സ്‌കോളർഷിപ് ലഭിക്കും. പഞ്ചായത്തിൽ 50 വിദ്യാർഥികൾക്കും നഗരസഭകളിൽ 75 പേർക്കും കോർപറേഷനിൽ 100 വിദ്യാർഥികൾക്കുമാണ് സ്‌കോളർഷിപ് നൽകുന്നത്. വിദ്യാർഥികളിൽ ശാസ്ത്രീയ പാഠവസ്തു പരിപാലനം, ഹരിത നൈപുണികൾ വികസിപ്പിക്കൽ, പാഴ് വസ്തു പരിപാലനവുമായി ബന്ധപ്പെട്ട് പ്രാദേശികമായി നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തൽ, പാഴ്‌വസ്തുക്കളുടെ അളവ് കുറയ്‌ക്കൽ തുടങ്ങിയവ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. തദ്ദേശ വകുപ്പും പൊതു വിദ്യാഭ്യാസവും ശുചിത്വ മിഷനും ചേർന്നാണ് സ്‌കോളർഷിപ് നൽകുന്നത്. യുപി വിഭാഗത്തിലെ ആറ്, ഏഴ് ക്ലാസിലെ വിദ്യാർഥികൾക്കും ഹൈസ്കൂൾ വിഭാഗത്തിൽ എട്ട്, ഒമ്പത് ക്ലാസുകളിലുള്ളവർക്കും ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽനിന്ന് ഒന്നാംവർഷ വിദ്യാർഥികൾക്കുമാണ് സ്‌കോളർഷിപ് നൽകുക. ശുചിത്വ മാലിന്യ സംസ്കരണ രംഗത്തുള്ള വിവിധ പ്രവർത്തനങ്ങൾ ആയിരിക്കും സ്കോളർഷിപ് ലഭിക്കാൻ വേണ്ടത്. ഇതിന്റെ ഭാഗമായി തദ്ദേശ വകുപ്പും വിദ്യാഭ്യാസ വകുപ്പും ശുചിത്വ മിഷനും ജില്ലയിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു.









0 comments