തൊട്ടറിയാം, ഗാന്ധിജിയെ

കേരള ലളിത കലാ അക്കാദമിയിൽ നടക്കുന്ന ഗാന്ധിജി ചരിത്ര വഴിയിൽ കലാപ്രദർശന ചിത്രങ്ങൾക്കരികെ സുധീഷ് എഴുവത്ത്, പി എൻ ഗോപീകൃഷ്ണൻ, മുരളി ചീരോത്ത് എന്നിവർ
തൃശൂർ
‘ഇത് ആദരവിന്റെ വസ്തുവായോ ചരിത്രമായോ ഗാന്ധിയെ കുപ്പിയിലടച്ച് നടത്തുന്ന പ്രദർശനമല്ല’ എന്ന് ഓർമപ്പെടുത്തിയാണ് ലളിതകലാ അക്കാദമിയിൽ ‘ഫ്രീഡം, ഗാന്ധി, 169 ഡേയ്സ്' കലാപ്രദർശനം നടക്കുന്നത്. സ്വതന്ത്ര ഇന്ത്യയിൽ കേവലം 169 ദിവസങ്ങളാണ് മഹാത്മാ ഗാന്ധി ജീവിച്ചത്. ആ കാലത്തെ ഗാന്ധി എന്ന വെളിച്ചത്തിലേക്കുള്ള ഉറ്റുനോട്ടമാണ് പ്രദർശനം. വർഗീയതയ്‌ക്കെതിരായ വർത്തമാനകാല പോരാട്ടത്തിന് ഉൗർജം പകരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനൊപ്പം രാജ്യത്ത് കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ജനജീവിതത്തെ - താറുമാറാക്കാൻ ശ്രമിച്ച വർഗീയ ശക്തികളോടുള്ള സമരമായിരുന്നു സ്വതന്ത്ര ഇന്ത്യയിലെ ഗാന്ധിജിയുടെ ജീവിതം. ആ ദിവസങ്ങളിൽ അദ്ദേഹം നടത്തിയ ഐതിഹാസികമായ ഈ ചെറുത്തുനിൽപ്പിന്റെ ഓർമകൾ നിറഞ്ഞ കാഴ്ച, ഇക്കാലത്തെ ഗാന്ധിയുടെ യാത്രയ്ക്കൊപ്പമുള്ള സഞ്ചാരംകൂടിയാണ്. ഫോട്ടോഗ്രാഫുകൾ, കവിതകൾ, ദൃശ്യ, ശ്രാവ്യ കലാസങ്കേതങ്ങൾ, ഇൻസ്റ്റലേഷനുകൾ തുടങ്ങിയവ കോർത്തിണക്കിയാണ് ഗാന്ധിയുടെ കാഴ്ച. നവഖലി, ബിഹാർ, ഡൽഹി, കൊൽക്കത്ത തുടങ്ങിയ ഇടങ്ങളിൽ ഗാന്ധി നടന്ന വഴികളിലൂടെ പുതിയ കാലത്ത് സഞ്ചരിച്ചാണ് കലാപ്രദർശനം ഒരുക്കിയത്. സുധീഷ് എഴുവത്ത്, പി എൻ ഗോപീകൃഷ്ണൻ, മുരളി ചീരോത്ത് എന്നിവർ 50 ദിവസമെടുത്ത് ഇൗ പ്രദേശങ്ങളിലൂടെ നടത്തിയ സഞ്ചാരത്തിലൂടെ ശേഖരിച്ചവയാണ് പ്രദർശനത്തിലേക്ക് ചേർത്തുവച്ചത്. സമദർശിയും ജനാധിപത്യ മതേതര കൂട്ടായ്മയും ചേർന്ന് സംഘടിപ്പിക്കുന്ന പ്രദർശനം 18ന് സമാപിക്കും. മുരളി ചീരോത്തും ജയരാജ് സുന്ദരേശനുമാണ് പ്രദർശനം ക്യൂറേറ്റ് ചെയ്യുന്നത്. ശനിയാഴ്ച കലാപ്രദർശനത്തിന്റെ സമൂഹ ഉദ്ഘാടനം നടന്നു. ഇതിനു മുന്നോടിയായി കലാമണ്ഡലം സംഗീത വിഭാഗം അവതരിപ്പിച്ച ‘മഹാത്മജിയുടെ പ്രിയങ്കരമായ ഗീത’ങ്ങളുടെ അവതരണം അരങ്ങേറി. എം എ ബേബിയുടെ പ്രഭാഷണം ഇന്ന് ഞായർ രാവിലെ 10ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ‘ഗാന്ധിയുടെ ഇന്നത്തെ രാഷ്ട്രീയ പ്രസക്തി’യെക്കുറിച്ച് സംസാരിക്കും. വൈകിട്ട് 5.30ന് ആക്ടിവിസ്റ്റ് എസ് പി ഉദയകുമാര്‍ "ഗാന്ധി നടന്ന വഴികള്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. സുന്ദര്‍ സരുക്കായ്, ഗൗഹര്‍ റാസ, തുഷാര്‍ഗാന്ധി, ആനന്ദ് പട് വര്‍ധൻ, രേവതി ലോള്‍ എന്നിവർ വിവിധ ദിവസങ്ങളിൽ സംസാരിക്കും. 17ന് വൈകിട്ട് ആറിന് വസുധൈവ കുടുംബകം പ്രദര്‍ശിപ്പിക്കും.









0 comments