വളം വ്യാപാരികൾ ഇനി ‘മിനി കർഷക ഡോക്ടർമാർ’

ഡിപ്ലോമ ഇൻ അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ സർവീസസ് ഫോർ ഇൻപുട്ട് ഡീലർസ് കോഴ്‌സ് പൂർത്തിയായവരുടെ ബിരുദദാന ചടങ്ങ്
സി എ പ്രേമചന്ദ്രൻ
Published on Mar 20, 2025, 12:30 AM | 1 min read
തൃശൂർ
സുസ്ഥിരകൃഷിയുടെ പാഠങ്ങൾ വളം വ്യാപാരികൾ ഹൃദിസ്ഥമാക്കി. ഇനി അവർ മണ്ണറിഞ്ഞ് വളങ്ങളും വിളകളുടെ രോഗം മനസ്സിലാക്കി മരുന്നുകളും നൽകും. 25 മുതൽ 65 വയസ്സ്‌വരെയുള്ള നാൽപ്പത് പേരാണ് കാർഷിക സർവകലാശാലയുടെ തൃശൂർ കൃഷി വിജ്ഞാന കേന്ദ്രം വഴി ഒരു വർഷം നീണ്ട കാർഷിക ഡിപ്ലോമ കോഴ്‌സ് പാസായത്. അവർ ഇനി മിനി കൃഷി ഡോക്ടർമാരായി കർഷകരിലേക്ക് ഇറങ്ങിച്ചെല്ലും. ഭാരത സർക്കാരിന്റെ കീഴിലുള്ള നാഷണൽ അഗ്രികൾച്ചറൽ ആൻഡ് എക്സ്റ്റൻഷൻ മാനേജ്മെന്റിന്റെ ഡിപ്ലോമ ഇൻ അഗ്രികൾച്ചറൽ എക്സ്റ്റൻഷൻ സർവീസസ് ഫോർ ഇൻപുട്ട് ഡീലർസ് (ഡിഎഇസ്‌ഐ) കോഴ്‌സാണ് ഇവർ പൂർത്തിയാക്കിയത്. ശാസ്ത്രീയവും സുസ്ഥിരവുമായ കൃഷിയുടെ അടിസ്ഥാന പാഠങ്ങളാണ് കോഴ്സ് വഴി വ്യാപാരികൾക്ക് ലഭ്യമാക്കുന്നത്.കൃഷി വിജ്ഞാന കേന്ദ്രം, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, ആത്മ തൃശൂർ എന്നിവർ സംയുക്തമായാണ് കോഴ്സ് നടത്തുന്നതെന്ന് കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. മേരി റെജീന പറഞ്ഞു. വളം വ്യാപാരികൾ കോഴ്‌സ് പൂർത്തിയാക്കിയാൽ മാത്രമേ സ്ഥാപനത്തിന് ലൈസൻസ് ലഭിക്കൂ. ഫീസ് സബ്‌സിഡിയോടെയാണ് കോഴ്‌സ് നടത്തുന്നത്. ആത്മയിൽ രജിസ്‌റ്റർ ചെയ്യുന്നവർക്കാണ് കൃഷി വിജ്ഞാന കേന്ദ്രം വഴി ഒരു വർഷത്തെ കോഴ്‌സ് നടത്തുന്നത്. ഓരോ വിളകൾക്കും നൽകേണ്ട വളപ്രയോഗം, മരുന്നുകളുടെ ഉപയോഗം, രോഗലക്ഷണങ്ങൾ, കീടങ്ങൾ, വൈറസുകൾ, മണ്ണറിവ് എന്നിവ തിരിച്ചറിയൽ ഇതിനെല്ലാമുള്ള ശാസ്‌ത്രീയ ക്ലാസുകൾ, പ്രാക്ടിക്കൽ പരിശീലനങ്ങൾ എന്നിവയാണ് കോഴ്‌സിലൂടെ നൽകുന്നത്. ഡിപ്ലോമ പൂർത്തീകരിച്ചതിനുള്ള സർട്ടിഫിക്കറ്റ് വിതരണം മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹനൻ നടത്തി. ആത്മ പ്രോജക്ട് ഡയറക്ടർ എൻ ഷീല അധ്യക്ഷയായി.









0 comments