ചിറയ്ക്കൽ പാലം ഇന്ന് 
തുറന്നു നൽകും

ബുധനാഴ്ച ഗതാഗതത്തിനായി തുറന്ന് നൽകുന്ന ചിറയ്ക്കൽ പാലം

ബുധനാഴ്ച ഗതാഗതത്തിനായി തുറന്ന് നൽകുന്ന ചിറയ്ക്കൽ പാലം

വെബ് ഡെസ്ക്

Published on Aug 06, 2025, 12:48 AM | 1 min read

ചേർപ്പ്

തൃപ്രയാർ - തൃശൂർ റോഡിൽ ചാഴൂർ പഞ്ചായത്തിലെ ചിറയ്ക്കൽ തോടിന് കുറുകെ നിർമിച്ച ചിറയ്ക്കൽ പാലം ബുധൻ രാവിലെ 8ന് ഗതാഗതത്തിനായി തുറന്ന് നൽകും. ജനങ്ങളുടെ യാത്രാക്ലേശം ഉടൻ പരിഹരിക്കുക എന്ന തീരുമാനത്തിന്റെ ഭാഗമായാണ് ചില അനുബന്ധ പണികൾ ബാക്കിയുണ്ടെങ്കിലും അടിയന്തരമായി തുറന്ന് നൽകുന്നത്. ചൊവ്വാഴ്ച സി സി മുകുന്ദൻ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ്​ കെ എസ് മോഹൻദാസ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം. പാലത്തിന്റെ ഇരുഭാഗങ്ങളിലും അപ്രോച്ച് റോഡുകളിലും പാലത്തിലെ നടപ്പാതയിലും ടൈൽ വിരിക്കൽ, പുഴയുടെ സംരക്ഷണ ഭിത്തികളും കടവും നിർമിക്കൽ, പെയിന്റിങ് എന്നിവയാണ് ബാക്കിയുള്ള പ്രവൃത്തികൾ. വാഹനങ്ങൾ ഓടി അപ്രോച്ച് റോഡ് നല്ലവണ്ണം ഉറച്ചതിനു ശേഷമേ ടൈൽ വിരിക്കാനാകൂവെന്ന് നിർമാണച്ചുമതലയുള്ള എൻജിനിയർ പറഞ്ഞു. സംസ്ഥാന സർക്കാർ അനുവദിച്ച ആസ്തി വികസന ഫണ്ട് 5.3 കോടി രൂപ ഉപയോഗിച്ചാണ് പാലം നിർമിച്ചത്. 20 മീറ്റർ നീളവും 9.5 മീറ്റർ വീതിയുമാണ് ഉള്ളത്. ജീർണാവസ്ഥയിലായിരുന്ന പഴയ പാലം പൊളിച്ച്നീക്കി 2025 ഫെബ്രുവരി ആറിനാണ് പുതിയ പാലത്തിന്റെ നിർമാണം ആരംഭിച്ചത്. പഴയ പാലത്തിന്റെ അടിത്തൂണുകൾ ഇളക്കി മാറ്റേണ്ടിയിരുന്നതിനാൽ പൈലിങ് പ്രവൃത്തി ആരംഭിക്കാൻ താമസം നേരിട്ടു. പഴയ പാലം പൊളിച്ചതോടെ സമീപത്ത് നിർമിച്ച താൽക്കാലിക ബണ്ട് റോഡിലൂടെയായിരുന്നു ഗതാഗതം. എന്നാൽ ഇത് നിർമാണ പ്രവർത്തനങ്ങൾ സുഗമമായി നടത്താൻ തടസ്സമായി. മെയ് 8 മുതൽ പൂർണമായി ഗതാഗതം നിരോധിച്ചതിനുശേഷമാണ് വേഗത്തിൽ നിർമാണ പ്രവർത്തനങ്ങൾ നടത്താനായത്. പ്രതീക്ഷിച്ചതിലും നേരത്തേത്ത കാലവർഷം എത്തിയതും വേഗതയെ ബാധിച്ചിരുന്നു. ബസുകൾ പാലത്തിന്റെ ഇരുഭാഗങ്ങളിലും ക്രമീകരിച്ചാണ് സർവീസ് നടത്തിയിരുന്നത്. കാൽനടയ്ക്കായി താൽക്കാലിക നടപ്പാലവും സജ്ജമാക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home