തൃശൂർ സുവോളജിക്കൽ പാർക്ക്
28ന് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

സുവോളജിക്കൽ പാർക്കിലെ കുളത്തിൽ നീന്തുന്ന പെലിക്കൻ
സ്വന്തം ലേഖകൻ
തൃശൂർ
രാജ്യത്തെ ആദ്യ ഡിസൈൻ സൂ ആയ തൃശൂർ സുവോളജിക്കൽ പാർക്ക് ചൊവ്വ വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് പാർക്ക് സ്‌പെഷ്യൽ ഓഫീസർ കെ ജെ വർഗീസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷനാകും. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ കെ രാജൻ, ഡോ. ആർ ബിന്ദു, കെ എൻ ബാലഗോപാൽ, ജെ ചിഞ്ചുറാണി, റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, കെ ബി ഗണേഷ് കുമാർ, രാമചന്ദ്രൻ കടന്നപ്പള്ളി, മുഹമ്മദ് റിയാസ്, മേയർ എം കെ വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് തുടങ്ങിയവർ പങ്കെടുക്കും. ചെമ്പൂക്കാവിലെ തൃശൂർ മൃഗശാല വിശാലമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കണമെന്ന പതിറ്റാണ്ടുകളായുള്ള അവശ്യമാണ് ഇതോടെ യാഥാർഥ്യമാകുന്നത്. തൃശൂർ മൃഗശാലയിലെ 44 ഇനങ്ങളിലായി 439 ജീവികളെ ഉദ്‌ഘാടനത്തിന് മുമ്പ് മാറ്റും. വിവിധ രാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും പുതിയ ജീവികളെ എത്തിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. കിഫ്ബി അനുവദിച്ച 331 കോടി രൂപയും പ്ലാൻ ഫണ്ടിലെ 40 കോടി രൂപയും ചേർത്ത് 371 കോടി രൂപ ഉപയോഗിച്ചാണ് അതിവേഗം നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്. ഇതിനു പുറമെ 17 കോടി രൂപ കൂടി കിഫ്ബി അനുവദിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും മികച്ച മൃഗശാല ആയി മാറുന്ന വിധത്തിലാണ് 338 ഏക്കറിൽ വിവിധഘട്ടങ്ങളിലായി തൃശൂർ സുവോളജിക്കൽ പാർക്ക് നിർമിച്ചത്. പാർക്കിന്റെ അനുബന്ധമായി പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ പെറ്റിങ് സൂ, പുത്തൻ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഹോളോഗ്രാം സൂ എന്നിവയുടെ നിർമാണവും ഇതിനകം തുടങ്ങിയിട്ടുണ്ട്. പാർക്ക് ചുറ്റിക്കാണാൻ കെഎസ്ആർടിസിയുടെ ചെറിയ ബസുകളും നഗരത്തിൽനിന്ന് പാർക്കിലേക്ക് ഡബിൾ ഡക്കർ ബസ് സർവീസും ഉണ്ടാകും. വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം കോ–ഓർഡിനേറ്റർ കെ വി സജു, പാർക്ക് ഡയറക്ടർ ബി എൻ നാഗരാജ്, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ. അടലരസൻ, നജ്‌മൽ അൻവർ, മിനി ഉണ്ണിക്കൃഷ്ണൻ എന്നിവരും പങ്കെടുത്തു.









0 comments