ഗ്യാസ് സിലിണ്ടർ ലോറി ഇടിച്ച് റെയിൽവെ ഗേറ്റ് തകർന്നു

പുതുക്കാട്
ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയിടിച്ച് പുതുക്കാട് റെയിൽവേ ഗേറ്റ് തകർന്നു. അപകടത്തിൽ റെയിൽവേ ഗേറ്റ് വൈദ്യുതിക്കമ്പിയിൽ വീണ് ട്രയിൻ ഗതാഗതം തടസ്സപ്പെട്ടെങ്കിലും വൻ ദുരന്തം ഒഴിവായി. വെള്ളി പകൽ പന്ത്രണ്ടരയോടെയായിരുന്നു അപകടം. ഹൈ വോൾട്ടേജ് വൈദ്യുതി പ്രവഹിക്കുന്ന ലൈനിൽ നിന്ന് ലോറിയുടെ മുകളിലേക്ക് തീപ്പൊരി ചിതറിയെങ്കിലും ഗ്യാസ് സിലിണ്ടറുകളിൽ തീ പടരാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ഭാരത് പെട്രോളിയത്തിന്റെ ഗ്യാസ് സിലിണ്ടറുകളുമായി കൊച്ചിയിൽ നിന്ന് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. മംഗലാപുരത്തേക്കുള്ള പരശുറാം എക്സ്പ്രസിന് പോകാനായി ഗേറ്റ് അടയ്ക്കുന്നതിനിടെ ലോറി കടന്നുപോകാൻ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്. ഗേറ്റിൽ ഇടിച്ചശേഷം ലോറി വീണ്ടും മുന്നോട്ടെടുത്തെങ്കിലും നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ലോറി പുറകിലേക്ക് മാറ്റി. റെയിൽവേ കരാർ ജീവനക്കാരെത്തി ഗേറ്റ് വൈദ്യുതി ലൈനിൽ നിന്ന് എടുത്തുമാറ്റി. അപകടത്തെത്തുടർന്ന് ട്രെയിൻ ഗതാഗതം ഒരുമണിക്കൂറോളം തടസസപ്പെട്ടു. എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകൾ പല സ്റ്റേഷനുകളിലായി പിടിച്ചിട്ടു. രണ്ടരയോടെ ഗതാഗതം പുനഃസ്ഥാപിച്ചു. ഗേറ്റ് തകർന്നതോടെ പുതുക്കാട്, ഇരിങ്ങാലക്കുട, ഊരകം റോഡിലും ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ചാലക്കുടിയിൽ നിന്ന് റെയിൽവേ എൻജിനിയറിങ് വിഭാഗം ജീവനക്കാരെത്തി വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണികൾ നടത്തി.









0 comments