വീണ്ടും ന്യൂനമർദം
തിങ്കളാഴ്ചവരെ മഴ കനക്കും

കെ എൻ സനിൽ
Published on Jul 25, 2025, 12:03 AM | 1 min read
തൃശൂർ
കേരളത്തിൽ തിങ്കളാഴ്ച വരെ ശക്തമായ മഴ തുടർന്നേക്കും. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട പുതിയ ന്യൂനമർദമാണ് ശക്തമായ മഴ തുടരാൻ കാരണം. പസഫിക് സമുദ്രത്തിൽ രൂപംകൊണ്ട ചുഴലിക്കാറ്റ് ദുർബലമായി വടക്കൻ ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ച് ന്യൂനമർദമായി മാറുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറഞ്ഞു. ന്യൂനമർദം ശക്തിപ്രാപിച്ച് രണ്ടുദിവസത്തിനകം ഒഡിഷ, പശ്ചിമ ബംഗാൾ തീരത്തേയ്ക്ക് നീങ്ങും. ന്യൂന മർദം കേരള തീരത്തേക്ക് അടുക്കുന്നതോടെ മലയോര മേഖലയിൽ ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടേക്കും. പ്രതീക്ഷിക്കുന്ന രീതിയിലാണെങ്കിൽ ആദ്യം മധ്യകേരളത്തിലും തെക്കൻ ജില്ലകളിലും തുടർന്ന് വടക്കൻ ജില്ലകളിലും ശക്തമായ മഴ ലഭിക്കും. തൃശൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്കും മറ്റിടങ്ങളിൽ സാമാന്യ മഴയ്ക്കും സാധ്യതയുണ്ട്. ന്യൂനമർദം തുടരുകയാണെങ്കിൽ 31 വരെ നല്ല മഴ ലഭിച്ചേക്കും. ഇൗ സീസണിലെ ശക്തമായ മഴദിവസങ്ങളെ അപേക്ഷിച്ച് പടിഞ്ഞാറൻ കാറ്റായി വീശി മഴപെയ്യാനാണ് സാധ്യത. ഇൗ സീസണിൽ ഭൂരിഭാഗം ദിവസങ്ങളിലും കാറ്റ് വടക്കുപടിഞ്ഞാറൻ ദിശയിലായിരുന്നു. ജൂൺ ഒന്നുമുതൽ ജൂലെ 23 വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ 1016.9 മില്ലിമീറ്റർ മഴ ലഭിച്ചു. 11 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇൗ സീസണിൽ 1142 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടത്. തൃശൂർ ജില്ലയിൽ നാലുശതമാനമാണ് മഴക്കുറവ്. 1227 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 1180.2 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. ഇടുക്കി, വയനാട് ജില്ലകളിലാണ് സംസ്ഥാനത്ത് ഏറ്റവും മഴക്കുറവ്. മറ്റ് ജില്ലകളിൽ ഏതാണ്ട് സാധാരണ നിലയിൽ മഴ ലഭിച്ചിട്ടുണ്ട്. വയനാട് 41 ശതമാനവും ഇടുക്കിയിൽ 33 ശതമാനവുമാണ് മഴക്കുറവ്. ലക്ഷദ‍്വീപിൽ 24 ശതമാനം മഴ കുറവാണ്.









0 comments