കാടിൻചേല് കാണാം കാടുകേറാതെ

ഗ്രീൻ വാരിയേഴ്‌സ് തൃശൂർ ലളിതകലാ അക്കാദമിയിൽ സംഘടിപ്പിച്ച വന്യജീവി ഫേട്ടാ പ്രദർശനത്തിൽ നിന്ന്
തൃശൂർ
പുള്ളിപ്പുലിയുടെ മുഖത്ത് കാടിൻ ശൗര്യം കാണാം. മയിലിൻ നടനത്തിൽ വന ചാരുത പ്രകടം. കൊക്കിൻ തുന്പത്ത് കുരുങ്ങിയ മീനിൽ ജീവന്റെ പിടച്ചിൽ. മൂങ്ങകളുടെ കൺകളിൽ കാടിൻ രാത്രിചന്തം. ലളിത കലാ അക്കാദമിയിൽ ആർട്ട് ഗാലറിയിൽ ആരംഭിച്ച ‘വന്യ 2025’ ന് ഫോട്ടോ പ്രദർശനം കാഴ്‌ചക്കാരെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവും. ‘പ്രകൃതിയുടെ കാവലാളാവുക. മായ്‌ക്കപ്പെടുന്ന ഹരിതാഭയെ തിരിച്ചുപിടിക്കാനും വരും തലമുറകൾക്കായി കാത്തുസൂക്ഷിക്കാനും നമ്മളിലൊരാളാവുക, അതെ നമ്മൾ തന്നെയാണ് ഭൂവിന്റെ കാവൽക്കാരും യോദ്ധാക്കളും’ എന്ന സന്ദേശവുമായാണ് ഗ്രീൻ വാരിയേഴ്‌സ് ചിത്രപ്രദർശനം സംഘടിപ്പിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ അക്രിലിക് പ്രിന്റിലേക്ക് പകർത്തിയ ചിത്രങ്ങൾ അപൂർവ ദൃശ്യാനുഭവമാണ് പകരുന്നത്. വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വനം, വന്യജീവി വകുപ്പ് സാമൂഹിക വനവൽക്കരണ വിഭാഗം തൃശൂർ ഡിവിഷന്റെ സഹകരണത്തോടെ ഗ്രീൻ വാരിയേഴ്സ് ഗ്രൂപ്പ് സംഘടിപ്പിച്ച ‘വന്യ 2025' വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി എക്സിബിഷൻ റവന്യൂ മന്ത്രി അഡ്വ. കെ രാജൻ ഉദ്ഘാടനം ചെയ്‌തു. ഗ്രീൻ വാരിയേഴ്സ് ഗ്രൂപ്പ് ഭാരവാഹി മധു കിഴുക്കൂത്ത് അധ്യക്ഷനായി. 50 ചിത്രകാരന്മാരുടെ 75 ഫോട്ടോകളാണ് വാർഷിക പ്രദർശനത്തിന്റെ മൂന്നാം പതിപ്പിൽ ഒരുക്കിയിട്ടുള്ളത്. പ്രദർശനം അഞ്ചിന് സമാപിക്കും.









0 comments