ഗെയിം ഓഫ് ത്രോൺസി’ന് നാളെ തുടക്കം
ഇനി തുഴയാവേശം

മുക്കം
കുത്തിയൊഴുകുന്ന പുഴയിൽ ആവേശത്തുഴയെറിഞ്ഞ് ജല സാഹസികതയുടെ വിസ്മയക്കാഴ്ചകളുമായി 11–-ാമത് മലബാർ റിവർ ഫെസ്റ്റിവൽ അന്താരാഷ്ട്ര കയാക്കിങ് ചാമ്പ്യൻഷിപ്പിന് വെള്ളിയാഴ്‌ച പുലിക്കയത്ത് ചാലിപ്പുഴയിൽ തുടക്കമാകും. മൺസൂൺ ടൂറിസം ഇനമായി ടൂറിസം കലണ്ടറിൽ ഉൾപ്പെടുത്തിയ ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പ് ഞായറാഴ്ചവരെ ചാലിപ്പുഴയിലും ഇരുവഴിഞ്ഞിയിലുമായാണ് നടത്തുക. പ്രശസ്ത വെബ് സീരീസിനെ അനുസ്മരിപ്പിച്ച് ‘ഗെയിം ഓഫ് ത്രോണ്‍സ്’ എന്നാണ് പേരിട്ടിരിക്കുന്നത്. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണത്തെ തുടർന്ന് വ്യാഴാഴ്ച ചക്കിട്ടപാറ മീൻതുള്ളിപ്പാറയിലെ കുറ്റ്യാടി പുഴയിൽ നടത്തേണ്ടിയിരുന്ന ഫ്രീസ്റ്റൈൽ പ്രദർശന മത്സരങ്ങൾ ഒഴിവാക്കി. പുലിക്കയത്ത് വെള്ളി രാവിലെ 9.30ന് ലിന്റോ ജോസഫ് എംഎൽഎ ഫെസ്റ്റിവെൽ ഉദ്‌ഘാടനംചെയ്യും. ഞായറാഴ്ച പുല്ലൂരാംപാറ ഇലന്തുകടവിൽ സമാപന ചടങ്ങ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. റാപ്പിഡ് രാജ, റാപ്പിഡ് റാണി പട്ടങ്ങളും വിജയികൾക്കുള്ള സമ്മാനങ്ങളും മന്ത്രി വിതരണം ചെയ്യും. ഒളിമ്പിക്‌സ് മത്സരയിനങ്ങളായ പുരുഷ-–-വനിതാ വിഭാഗം സ്ലാലം, എക്‌സ്‌ട്രീം സ്ലാലം എന്നിവ പുലിക്കയത്ത് ചാലിപ്പുഴയിലും എക്‌സ്‌ട്രീം സ്ലാലം ഫൈനൽ, ഡൗൺ റിവർ, ബോട്ടർ ക്രോസ് എന്നിവ പുല്ലൂരാംപാറയിൽ ഇരുവഴിഞ്ഞി പുഴയിലും നടക്കും. വിവിധ രാജ്യങ്ങളിൽനിന്നുള്ള 18 അന്താരാഷ്ട്ര കയാക്കർമാരും ഉത്തരേന്ത്യൻ താരങ്ങളും ചാമ്പ്യൻഷിപ്പിൽ തുഴയെറിയും. അന്തര്‍ദേശീയ കയാക്കിങ് രംഗത്തെ അതികായരായ ആന്റണ്‍ സ്വേഷിങ്കോവ്, ദാരിയ കുസിഷ്ചേവ, റയാന്‍ ഒകോര്‍ണര്‍ (റഷ്യ), മനു വാക്കര്‍നെഗല്‍, സാക് സ്റ്റോണ്‍സ്, മിലി ചേംബര്‍ലിന്‍, ദയാലാ വാര്‍ഡ്, ഫിലിപ് പാല്‍സര്‍ (ന്യൂസിലന്‍ഡ്), പാട്രിക് ഷീ ഹാന്‍, ജോയ് ടോഡ് (യുഎസ്‌എ), കിലിയന്‍ ഇവേലിക് (ചിലി), ജില്ലി ജൂസ് (ബെല്‍ജിയം), മാരിയ (ഇറ്റലി) തുടങ്ങിയവര്‍ ഐക്കണ്‍ താരങ്ങളാണ്. നേപ്പാള്‍, മലേഷ്യ, സിംഗപ്പുര്‍ എന്നിവിടങ്ങളിൽനിന്നുള്ള താരങ്ങളും പങ്കെടുക്കുന്നുണ്ട്. സംസ്ഥാന ടൂറിസം വകുപ്പും കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ത്രിതല പഞ്ചായത്തുകളും ചേർന്ന് ഇന്ത്യൻ കയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷന്റെ സാങ്കേതികസഹായത്തോടെയാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്.









0 comments