ഹൃദ്രോഗിക്ക് ജീവരക്ഷയ്ക്കായി ഐസിഡി; എല്ലാം സൗജന്യം
ജനറൽ ആശുപത്രിയിൽ പുതുചരിത്രം

ഐസിഡി ശസ്ത്രക്രിയ ചെയ്ത ജനറൽ ആശുപത്രിയിലെ കാർഡിയോളജി വിഭാഗം ടീം
സി എ പ്രേമചന്ദ്രൻ
Published on Jul 17, 2025, 12:55 AM | 1 min read
തൃശൂർ
ഹൃദ്രോഗ ചികിത്സയിൽ ജനറൽ ആശുപത്രി വീണ്ടും ചരിത്രം രചിക്കുന്നു. ഹൃദയാഘാതം സംഭവിച്ച് അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് ജീവരക്ഷയേകി ഐസിഡി (ഇംപ്ലാന്റബിൾ കാർഡിയോവെർട്ടർ ഡിഫൈബ്രിലേറ്റർ) ഇംപ്ലാന്റേഷൻ വിജയകരമായി പൂർത്തിയാക്കി. വെൻട്രിക്കുലാർ ടാകികാർഡിയ ബാധിച്ച 65കാരന് ശരീരത്തിനുള്ളിൽ ഐസിഡി ഉപകരണം ഘടിപ്പിക്കുകയായിരുന്നു. തൃശൂർ ജനറൽ ആശുപത്രി കാർഡിയോളജി വിഭാഗത്തിൽ ആദ്യമായാണ് ഐസിഡി വിജയകരമായി ഘടിപ്പിച്ചത്. രോഗിക്ക് ഒരു തവണ ഹൃദയാഘാതം സംഭവിച്ചിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വീണ്ടും ഹൃദയാഘാത സാധ്യത വരുന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന രോഗിക്ക് ഐസിഡി ഘടിപ്പിക്കാനുള്ള ശസ്ത്രക്രിയയ്ക്ക് ആറ് ലക്ഷം രൂപയോളം ചെലവ് വരും. ഈ ചെലവ് രോഗിയുടെ കുടുംബത്തിന് താങ്ങാൻ സാധിക്കാത്തതിനാലാണ് തൃശൂർ ജനറൽ ആശുപത്രിയിൽ ചികിത്സക്കെത്തിയത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ പൂർണമായും സൗജന്യമായാണ് ജനറൽ ആശുപത്രിയിൽ ചികിത്സ ഒരുക്കിയത്. ഐസിഡി ഡിവൈസ് സ്ഥാപിക്കുക വഴി ഹൃദയമിടിപ്പ് നിയന്ത്രിക്കാനും ഹൃദയാഘാതം തടയാനും ആവുമെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ കാർഡിയോളജിസ്റ്റ് ഡോ. എ കൃഷ്ണകുമാർ പറഞ്ഞു. ഡോ. വിവേക് തോമസ്, കാത്ത്‌ലാബ് ടെക്നീഷ്യൻ പി ദിവ്യ, നഴ്സിങ് ഓഫീസർമാരായ ജിന്റോ ജോസ്, വൈ ഷഹീദ, ബ്രിസ്റ്റോ എന്നിവരടങ്ങിയ സംഘമാണ് ഒപ്പമുണ്ടായിരുന്നത്. 2022ലാണ് തൃശൂർ ജനറൽ ആശുപത്രിയിൽ കാത്ത് ലാബ് ആരംഭിച്ചത്. 35000ത്തോളം പേർ ഇതിനകം ചികിത്സ തേടി. സർക്കാർ ആശുപത്രികളെ തകർക്കാനുള്ള ചിലരുടെ ശ്രമങ്ങൾക്കിടയിലും ആയിരക്കണക്കിന് പാവപ്പെട്ട രോഗികൾക്ക് ആശ്രയവും പ്രതീക്ഷയുമാകുകയാണ് തൃശൂർ ജനറൽ ആശുപത്രി.









0 comments