കേരള സ്റ്റാർട്ടപ്പ് അക്കോറിന് ലോകോത്തര അംഗീകാരം

തൃശൂർ
ലോകത്തെ വൻ കമ്പനികൾ പങ്കെടുത്ത് ചെന്നൈയിൽ നടന്ന കോസ്മറ്റിക്ക് ഇൻഗ്രേഡിയൻസ് എക്സ്പോയിൽ കേരളത്തിന്റെ യുവസംരഭകരുടെ സ്റ്റാർട്ടപ്പിന് വെള്ളി മെഡൽ. കോസ്മറ്റിക് ഇൻഗ്രേഡിയൻസിന്റെ ഗവേഷണവും ഉൽപ്പാദനവും വിപണനവും നടത്തുന്ന കൊരട്ടി കിൻഫ്രാ പാർക്കിലെ അക്കോർ ഫോർമുലേഷൻസിനാണ് ലോകോത്തര അംഗീകാരം ലഭിച്ചത്. സൗന്ദര്യവർധക വസ്തുക്കൾക്കുള്ള മികച്ച ഗവേഷണത്തിനുള്ള സാങ്കേതിക വിദ്യക്കാണ് വെള്ളി അവാർഡ് അക്കോർ സ്വന്തമാക്കിയത്. വിവിധ രാജ്യങ്ങളിൽ നിന്ന് 125 ഗവേഷണങ്ങളാണ് ആദ്യം തെരഞ്ഞെടുത്തത്. പിന്നീട് 15 ആക്കി ചുരുക്കി. അതിൽ നിന്നാണ് സ്വർണം, വെള്ളി, വെങ്കലം മെഡലുകൾ സമ്മാനിച്ചത്. ഇതിൽ കേരളത്തിൽ നിന്നുള്ള കമ്പനിക്ക് വെള്ളി മെഡൽ നേടാനായത് ചരിത്ര നേട്ടമാവുകയാണ്. അക്കോറിന്റെ സ്ഥാപകൻ ഡോ. ശ്രീരാജ് ഗോപിയുടെ നേതൃത്വത്തിലുള്ള ഗവേഷണ ടീം വികസിപ്പിച്ചെടുത്ത നിയോസോമൽ സാങ്കേതികവിദ്യയാണ് അവാർഡിനർഹമായത്. ഇൗ സാങ്കേതികവിദ്യവഴി - നിയോസോമുകൾ എന്നറിയപ്പെടുന്ന വെസിക്കുലാർ ഘടനകളെ ഉപയോഗിച്ച് ചർമത്തിൽ സജീവ തന്മാത്രകൾ എത്തിക്കും. ഇത് മെച്ചപ്പെട്ട ആഗിരണം, സൗന്ദര്യവർധക, ചികിത്സാ ഫലങ്ങൾക്ക് മെച്ചപ്പെട്ട സ്ഥിരത തുടങ്ങിയ ഗുണങ്ങൾ നൽകുന്നു. ആന്റിഓക്‌സിഡന്റുകൾ, ആന്റി-ഇൻഫ്ലമേറ്ററി ഏജന്റുകൾ തുടങ്ങിയ വിവിധ സംയുക്തങ്ങളുടെ ഫലപ്രാപ്തി ഈ സംവിധാനം മെച്ചപ്പെടുത്തും. തന്മാത്രകൾ ലയിക്കാനും ചർമത്തിൽ നിലനിർത്താനും ഈ സങ്കേതകവിദ്യ ഗുണകരമാണ്. ഇത് ആന്റി-ഏജിങ്, മോയ്‌സ്ചറൈസേഷൻ, ചർമ അവസ്ഥകൾ ചികിത്സിക്കൽ എന്നിവയുൾപ്പെടെയുള്ള ഉപയോഗങ്ങൾക്ക് വിലപ്പെട്ടതാണെന്ന് ഡോ. ശ്രീരാജ് ഗോപി പറഞ്ഞു. യൂറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ മൾട്ടിനാഷണൽ കമ്പനികൾ അക്കോറിന്റെ പ്രൊഡക്ടുകളും സാങ്കേതികവിദ്യയും ഉപയോഗിക്കുന്നുണ്ട്. ശ്രീരാജിന്റെ ഭാര്യ ഡോ. അഖിലയാണ് സ്ഥാപനത്തിന്റെ എംഡി.









0 comments