മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും
സുവോളജിക്കല്‍ പാര്‍ക്ക് ഒക്‌ടോബർ 28ന് തുറക്കും

തൃശൂർ
ഇന്ത്യയിലെ ആദ്യ ഡിസൈനർ സൂ ആയ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഒക്ടോബര്‍ 28ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. 336 ഏക്കറിലാണ് പാർക്ക് ഒരുക്കിയിട്ടുള്ളത്. ഓസ്‌ട്രേലിയന്‍ സു ഡിസൈനർ ജോണ്‍ കോയുടെ ഡിസൈനിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ആഫ്രിക്കന്‍ സുളു ലാന്‍ഡ് സോണ്‍, കന്‍ഹ സോണ്‍, സൈലന്റ് വാലി സോണ്‍, ഇരവിപുരം സോണ്‍ തുടങ്ങി ഓരോ ഇനങ്ങള്‍ക്കും അനുയോജ്യമായ വിധം ആവാസ വ്യവസ്ഥകള്‍ ഒരുക്കിയാണ് മൃഗശാലയുടെ രൂപകല്‍പ്പന. മൃഗങ്ങളെ ഇടുങ്ങിയ കൂടുകളില്‍ അടച്ചിടാതെ സ്വതന്ത്രമായി വിഹരിക്കാന്‍ അനുവദിക്കുന്ന തരത്തിലാണ് ഓരോ സോണുകളും. സഞ്ചാരികള്‍ക്ക് അവയെ കാണാനും കൂടുതല്‍ സൗകര്യമാകും. സഞ്ചാരികളില്‍ നിന്ന് കൃത്യമായ അകലം പാലിക്കാനും സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യും. രാത്രികാലങ്ങളില്‍ മാത്രം പുറത്തിറങ്ങുന്ന പക്ഷികള്‍, ഉരുക്കള്‍ എന്നിവയ്ക്കും പ്രത്യേക മേഖലയുണ്ട്. ഇൗ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് സുവോളജിക്കല്‍ പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പാര്‍ക്കിന്റെ നിര്‍മാണത്തിനായി പ്ലാന്‍ ഫണ്ടില്‍ നിന്നും 40 കോടിയും കിഫ്ബിയില്‍ നിന്ന് രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 122 കോടിയും മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 208.5 കോടിയുമടക്കം 370.5 കോടി രൂപയാണ് അനുവദിച്ചത്. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയാണ് സുവോളജിക്കല്‍ പാര്‍ക്കില്‍ ഒരുക്കിയിട്ടുള്ളത്. തൃശൂര്‍ മൃഗശാലയില്‍ നിന്ന് മൃഗങ്ങളെയും പക്ഷികളെയും മാറ്റുന്ന പ്രവര്‍ത്തനം അന്തിമഘട്ടത്തിലാണ്. കേരളത്തിന് പുറത്തുള്ള മൃഗശാലകളില്‍ നിന്ന് വെള്ളക്കടുവ ഉള്‍പ്പെടെയുള്ള മൃഗങ്ങളെ പാര്‍ക്കിലെത്തിക്കും. എല്ലാ ഭൂഖണ്ഡങ്ങളിലേയും മൃഗങ്ങളെ കണ്ട് ആസ്വദിക്കാന്‍ കഴിയുന്ന ഹോളോഗ്രാം സൂ കൂടി പാര്‍ക്കില്‍ ഒരുങ്ങുകയാണ്. പാര്‍ക്കിനോട് ചേര്‍ന്നുതന്നെ പെറ്റ് സു കൂടി ആരംഭിക്കുന്നതിനുള്ള പ്രാഥമിക നടപടികളായിട്ടുണ്ട്. ഉദ്ഘാടനത്തിന് മുന്നോടിയായി വെള്ളി വൈകിട്ട് 4.30ന് സംഘാടക സമിതി യോഗം പാര്‍ക്കില്‍ ചേരുമെന്ന് മന്ത്രി കെ രാജൻ അറിയിച്ചു.








0 comments