അതിദരിദ്രർക്ക് താങ്ങായി തദ്ദേശ സ്ഥാപനങ്ങൾ
രണ്ട് സെന്റിലും വീടുയരും

തൃശൂര്‍
ഇനി രണ്ട് സെന്റ് ഭൂമി മതി, അതിദരിദ്രര്‍ക്ക് വീട് നിര്‍മിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ധനസഹായം നല്‍കും. കുറഞ്ഞത് മൂന്നുസെന്റ് ഭൂമിയെങ്കിലും ഉള്ളവര്‍ക്കാണ് തദ്ദേശ സ്ഥാപനങ്ങള്‍ വീട് നിര്‍മിക്കാന്‍ ധനസഹായം നല്‍കിയിരുന്നത്. സംസ്ഥാനത്തെ മുനിസിപ്പാലിറ്റി, നഗരസ്വഭാവമുള്ള പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ വീടും സ്ഥലവും ആവശ്യമുള്ള 1067 അതിദരിദ്രകുടുംബങ്ങള്‍ ഇതുവരെ അതിദാരിദ്ര്യനിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായുള്ള വീട് നിര്‍മാണ കരാറില്‍ ഒപ്പുവച്ചിട്ടില്ല. സ്ഥലത്തിന്റെ ദൗര്‍ലഭ്യവും ഭൂമിയുടെ വിലയുമാണ് കാരണം. ഇക്കാരണത്താലാണ് നഗരസഭകള്‍, നഗര സ്വാഭാവമുള്ള പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ വീട് നിര്‍മാണത്തിന് ധനസഹായം നല്‍കാന്‍ നിഷ്കര്‍ഷിച്ചിട്ടുള്ള കുറഞ്ഞ വിസ്തൃതി രണ്ടു സെന്റാക്കി കുറച്ചത്. അതിദരിദ്ര കുടുംബങ്ങള്‍ക്ക് ഭൂമി വാങ്ങാന്‍ നല്‍കുന്ന തുകയ്ക്ക് പുറമേ രണ്ടുലക്ഷം രൂപ വരെ അനുവദിക്കാനും തീരുമാനമായിട്ടുണ്ട്. റവന്യൂ ഭൂമിയോ മറ്റൊരു തരത്തിലുള്ള ഭൂമിയോ ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് ഭൂമി വാങ്ങാന്‍ രണ്ടുലക്ഷം രൂപവരെ അനുവദിക്കുന്നത്. ജില്ലയില്‍ ഇനി 230 കുടുംബങ്ങള്‍ മാത്രമാണ് അതിദാരിദ്ര്യത്തില്‍ നിന്ന് മോചനം നേടാനുള്ളത്. 4427 കുടുംബങ്ങളെയാണ് അതിദരിദ്രരായി കണ്ടെത്തിയത്. ഇതില 4197 കുടുംബങ്ങളും (83.72 ശതമാനം) അതിദാരിദ്ര്യമുക്തരായി. എല്ലാ കുടുംബങ്ങളിലും ഭക്ഷണവും വരുമാനവും ഉറപ്പാക്കി. ഭൂമിയുണ്ടായിട്ടും താമസസൗകര്യമില്ലെന്ന് കണ്ടെത്തിയത് 361 കുടുംബങ്ങള്‍ക്കാണ്. ഇതില്‍ 294 കുടുംബങ്ങള്‍ക്കും വീടായി. 15 കുടുംബങ്ങള്‍ ഇതുവരെ വീടു നിര്‍മാണ കരാറില്‍ ഒപ്പുവച്ചിട്ടില്ല. വീടും സ്ഥലവുമില്ലാതിരുന്നത് 372 കുടുംബങ്ങള്‍ക്കാണ്. ഇതില്‍ 156 പേര്‍ക്ക് വീടായി. 47 കുടുംബങ്ങള്‍ കരാറില്‍ ഇതുവരെ ഒപ്പുവച്ചിട്ടില്ല. അറ്റകുറ്റപ്പണി നടത്തേണ്ടിയിരുന്നത് 495 വീടുകളാണ്. ഇതില്‍ 478 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ബാക്കിയുള്ളവയുടെ നിര്‍മാണം പുരോഗമിക്കുന്നു.









0 comments