മിഴിതുറക്കുന്നു, അനന്ത സാധ്യതകൾ

.

പുത്തൂർ സുവോളജിക്കൽ പാർക്ക്‌

avatar
കെ എൻ സനിൽ

Published on Oct 28, 2025, 12:10 AM | 1 min read

തൃശൂർ

ഒരു സ്വപ്‌നത്തിന്റെ സാഫല്യത്തിലേക്ക്‌ നടന്നടുക്കുകയാണ്‌ തൃശൂർ. ജീവലോകത്തെ തനതുകാഴ്‌ചകൾ ഇതാ...ഇവിടെ കൺതുറക്കുകയായി. നഗരത്തിന്റെ വീർപ്പുമുട്ടലുകൾക്കിടയിൽനിന്ന്‌ സ്വാഭാവിക വനത്തിന്റെ സ്വച്ഛതയിലേക്ക്‌ മാറുന്ന മൃഗശാല കാത്തുവച്ചിരിക്കുന്നത്‌ കാഴ്‌ചയുടെ പുതുലോകം. പുത്തൂരിലേക്ക്‌ മാറുന്ന മൃഗശാലയ്‌ക്ക്‌ ഇനി വിലാസം തൃശൂർ സുവോളജിക്കൽ പാർക്ക്‌, പുത്തൂർ എന്നാവും. ചൊവ്വാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനുസമർപ്പിക്കുന്ന പുത്തൂർ സുവോളജിക്കൽ പാർക്ക്‌ ജനുവരിമുതൽ പൊതുജനങ്ങൾക്കായി തുറന്നുനല്‍കും. സഞ്ചാരികൾക്ക്‌ പ്രവേശനമനുവദിക്കുന്നതോടെ കേരളത്തിലെ ടൂറിസം സർക്യൂട്ടിലെ പ്രധാന കേന്ദ്രമായി പുത്തൂർ മാറും. നഗരത്തിൽനിന്നുമാറി, വനത്തോടുചേർന്നുകിടക്കുന്ന ഗ്രാമം ഇനി തൃശൂരിലെ ടൂറിസം വികസനത്തിന്റെ ഹബ്ബായി മാറും. പുത്തൂർ സുവോളജിക്കൽ പാർക്കുമായി ബന്ധപ്പെടുത്തി വലിയ വികസന സാധ്യതയാണ്‌ ജില്ലയിലെ മലയോര മേഖലയ്‌ക്കുള്ളത്‌. മാത്രമല്ല, മലയോര ഹൈവേ പൂർത്തിയാവുന്നതോടെ ഇതിന്റെ സാധ്യതകൾ അനന്തമാണ്‌. പുത്തൂരിന്റെ സമീപ പ്രദേശങ്ങളായ മരോട്ടിച്ചാൽ, മാന്ദാമംഗലം മേഖലയിലൂടെ കടന്നുപോകുന്ന മലയോര ഹൈവേ ഇ‍ൗ സർക്യൂട്ടിന്റെ സാധ്യതകൾ വർധിപ്പിക്കും. ദേശീയ പാത 544 നും മലയോര ഹൈവേയ്‌ക്കും (സംസ്ഥാന പാത 59) ഇടയിൽ വരുന്ന ഇ‍ൗ വിനോദ സഞ്ചാരകേന്ദ്രം ഗതാഗത സ‍ൗകര്യത്തിൽ മുൻപന്തിയിലെത്തും. പുത്തൂർ സുവോളജിക്കൽ പാർക്ക്‌ സജീവമാകുന്നതോടെ പീച്ചി – വാഴാനി– ചിമ്മിനി– അതിരപ്പിള്ളി ടൂറിസം സർക്യൂട്ടിന്റെ സാധ്യതകളും വർധിക്കും. പുത്തൂരിന്റെ സമീപ മേഖലയിലുള്ള ഒലക്കയം, കണ്ണാറ, ഒരപ്പൻകെട്ടിൽ നിർമിക്കുന്ന ചില്ലുപാലം എന്നിവയും സഞ്ചാരികളുടെ പ്രിയ കേന്ദ്രങ്ങളായി മാറും. ഇനിയും വേണ്ടത്ര വിനിയോഗിച്ചിട്ടില്ലാത്ത വല്ലംകുത്ത്‌ വെള്ളച്ചാട്ടത്തിന്റെ സാധ്യതകളും ഇതുവഴി കൂടുതൽ പ്രയോജനപ്പെടുത്താനാവും. നഗരത്തിലെ പഴയ മൃഗശാലയോടുചേർന്നുള്ള മ്യൂസിയവും സമീപത്തുള്ള ശക്തൻ പാലസ്‌ മ്യൂസിയവും സാധ്യതമങ്ങാതെ നിലനിർത്താനുമാവും. ഇതോടൊപ്പം കലാമണ്ഡലം കേന്ദ്രീകരിച്ചുള്ള സാംസ്‌കാരിക ടൂറിസവും കൊടുങ്ങല്ലൂർ കേന്ദ്രീകരിച്ചുള്ള മുസിരിസ്‌ ടൂറിസം സർക്യൂട്ടും പടിഞ്ഞാറൻ തീരമേഖലയും വിവിധ ആരാധനാലയങ്ങളും ചേർന്ന്‌ വിനോദസഞ്ചാരത്തിലൂടെ വലിയ വരുമാന വർധനയ്‌ക്കുള്ള വാതിലാണ്‌ പുത്തൂർ തുറന്നിടുന്നത്‌. പഴയ പട്ടണപ്രദേശത്തുനിന്ന്‌ പുറത്തേക്കു വളരുന്ന തൃശൂർ നഗരത്തിന്റെ പുതിയ വികസന മേഖലയായി പുത്തൂർ മാറും. മണ്ണുത്തി, കുട്ടനല്ലൂർ, തലോർ മേഖലകളിലേക്ക്‌ വളരുന്ന നഗരം വിനോദസഞ്ചാരം മുൻനിർത്തി പുത്തൂരിലേക്ക്‌ വ്യാപിക്കും. ഇത്‌ വ്യാപാര വാണിജ്യ മേഖലയിലും പുത്തനുണർവ്‌ സമ്മാനിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home