കാട്ടാന ശല്യം രൂക്ഷം: നാട്ടുകാർ സംസ്ഥാനപാത ഉപരോധിച്ചു

മുള്ളൂർക്കര ആറ്റൂരിൽ ജനവാസ മേഖലയിൽ കാട്ടാന ശല്യം പതിവായതോടെ രോഷാകുലരായ നാട്ടുകാർ സംസ്ഥാനപാത ഉപരോധിക്കുന്നു
മുള്ളൂർക്കര
ചേലക്കര, മുള്ളൂർക്കര, ആറ്റൂർ മേഖലകളിൽ കാട്ടാന ശല്യം കാരണം പൊറുതിമുട്ടിയ ജനങ്ങൾ പാതിരാത്രി സംസ്ഥാനപാത ഉപരോധിച്ചു. ബുധനാഴ്ച രാത്രി 10 ഓടെ വാഴക്കോട്– പ്ലാഴി സംസ്ഥാനപാത മുറിച്ചു കടന്ന കാട്ടാന മുള്ളൂർക്കര പഞ്ചായത്തിലെ മണലാടി വിഷ്ണുക്ഷേത്രത്തിനു സമീപവും പാറപ്പുറം മേഖലയിലുമെത്തി. ജോലി കഴിഞ്ഞു ബൈക്കിൽ മടങ്ങുകയായിരുന്ന യുവാവിനെ ആന ഓടിച്ചു. ബൈക്ക് ഉപേക്ഷിച്ച് യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതോടെ രോഷാകുലരായ നാട്ടുകാർ സംസ്ഥാനപാത ഉപരോധിച്ചു . വാഴാനി, മായന്നൂർ എന്നിവിടങ്ങളിൽ നിന്നെത്തിയ ഫോറസ്റ്റ് സംഘം ആനയ്ക്കായി തിരച്ചിൽ രാത്രി വൈകിയും തുടർന്നു. ആനയെ മയക്കുവെടി വയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഡിഎഫ്ഒ സ്ഥലത്തെത്തി പ്രശ്നത്തിന് പരിഹാരം കണ്ടാൽ മാത്രമേ ഉപരോധം അവസാനിപ്പിക്കൂവെന്ന് നാട്ടുകാർ അറിയിച്ചു. തുടർച്ചയായി അഞ്ചാം ദിവസമാണ് കാട്ടാന ജനവാസ മേഖലയിൽ ഇറങ്ങി നാട്ടുകാർക്കും കൃഷിക്കും ഭീഷണി ഉയർത്തുന്നത്. കഴിഞ്ഞദിവസം ഒരു വീട്ടമ്മയെ കാട്ടാന ഓടിച്ചിരുന്നു. ഒരു വീടിന്റെ മതിലും ഗേറ്റും തകർത്തു. ബുധൻ രാത്രി ഏറെ വൈകിയും നാട്ടുകാർ പ്രതിഷേധം തുടർന്നു. എല്ലാദിവസവും രാത്രി 8 മുതൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പട്രോളിങ് ശക്തമാക്കാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.









0 comments