പ്ലാറ്റ്‌ഫോമിൽ യുവാവ്‌ മരിച്ച സംഭവം

റെയിൽവേക്കെതിരെ പരാതിയുമായി കുടുംബം

.
avatar
സ്വന്തം ലേഖകൻ

Published on Oct 09, 2025, 01:19 AM | 1 min read

ചാലക്കുടി

ട്രെയിനില്‍ കുഴഞ്ഞുവീണ യുവാവ്‌ ചികിത്സകിട്ടാതെ മുളങ്കുന്നത്തുകാവ്‌ റെയിൽവേ സ്‌റ്റേഷൻ പ്ലാറ്റ്‌ഫോമിൽ മരിച്ച സംഭവത്തിൽ റെയിൽവേക്കെതിരെ പരാതിയുമായി കുടുംബം. ചാലക്കുടി കോടശേരി മാരാംകോട് സ്വദേശി മുണ്ടേപ്പിള്ളി വീട്ടില്‍ ശ്രീജിത്ത് (26) ആണ്‌ മരിച്ചത്‌. കൃത്യസമയത്ത്‌ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ്‌ ഒരുക്കുന്നതിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് സഹോദരൻ ശ്രീജേഷ് പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി കലക്ടര്‍ക്കും മനുഷ്യാവകാശ കമീഷനും പൊലീസിനും പരാതി നൽകും. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ തൃശൂർ റെയിൽവേ എസ്എച്ച്ഒയോട് എസ്‌പി ഷഹിൻഷാ നിർദേശിച്ചു. തിങ്കളാഴ്‌ച പുലര്‍ച്ചെയാണ്‌ ഓഖ എക്സ്പ്രസില്‍ സഞ്ചരിക്കുകയായിരുന്ന ശ്രീജിത്തിന്‌ നെഞ്ചുവേദന അനുഭവപ്പെട്ടത്‌. യാത്രക്കാര്‍ അറിയിച്ചതിനെത്തുടർന്ന്‌ അടിയന്തര ചികിത്സ നൽകാനായി ടിടിആർ മുളങ്കുന്നത്തുകാവ് സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്താന്‍ തീരുമാനിക്കുകയും സ്റ്റേഷന്‍മാസ്റ്ററെ വിവരമറിയിക്കുകയും ചെയ്തു. എന്നാല്‍ മുളങ്കുന്നത്തുകാവ് സ്റ്റേഷനില്‍ യുവാവിനെ ഇറക്കിയെങ്കിലും ആശുപത്രിയിലെത്തിക്കാനുള്ള നടപടി എടുത്തിരുന്നില്ല. അരമണിക്കൂറിന് ശേഷമാണ്‌ ആംബുലന്‍സ് എത്തിയത്‌. അതേസമയം സംഭവത്തിൽ വീഴ്ചയില്ലെന്നാണ് റെയിൽവേയുടെ ഔദ്യോഗിക വിശദീകരണം. ഉദ്യോഗസ്ഥരുടെ വീഴ്ച വെളിവാക്കുന്ന ദൃശ്യങ്ങളും സഹയാത്രികരുടേതടക്കമുള്ള സാക്ഷിമൊഴികളും ഉണ്ടായിട്ടും റെയിൽവേ ജീവനക്കാരെ സംരക്ഷിക്കുന്നതാണ് ഔദ്യോഗിക വിശദീകരണം. സ്റ്റേഷന്‍ മാസ്റ്റര്‍ അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ട്‌. യാത്രക്കാര്‍ പ്രകോപിതരായതും ചങ്ങല വലിച്ചതുമാണ്‌ ചികിത്സ വൈകാന്‍ കാരണമായത്‌ എന്നിങ്ങനെയാണ്‌ വിശദീകരണക്കുറിപ്പില്‍ റെയില്‍വേ അവകാശപ്പെടുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home