മാനുകൾക്ക് തെരുവുനായയുടെ കടിയേറ്റു മരണകാരണം
ഭയത്താലുള്ള ഹൃദയാഘാതം

തൃശൂർ
പുത്തൂർ സുവോളജിക്കൽ പാർക്കിൽ മാനുകൾ ചത്ത സംഭവത്തിൽ പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പ്രമോദ് ജി കൃഷ്‌ണയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സുവോളജിക്കൽ പാർക്ക് ജീവനക്കാരിൽ നിന്ന് ഉദ്യോസ്ഥരിൽനിന്നും മൊഴിയെടുത്തു. മാനുകളുടെ പോർസ്‌റ്റ്‌മോർട്ടം ചൊവ്വാഴ്‌ച രാത്രി വൈകിയാണ് പൂർത്തിയായത്. തിങ്കളാഴ്‌ച രാത്രിയാണ് പാർക്കിലെ മാനുകളുടെ പ്രത്യേക ആവാസവ്യവസ്ഥയ്‌ക്കകത്ത് തെരുവുനായ ആക്രമണമുണ്ടായത്. ചൊവ്വാഴ്‌ച രാവിലെ ജീവനക്കാരാണ് ചത്ത നിലയിൽ മാനുകളെ കണ്ടെത്തിയത്.നായ്‌ക്കളെ ഭയന്നോടി ചുവരിൽ തലയിടിച്ചും ഭയപ്പെട്ട് ഹൃദയാഘാതം മൂലവുമാണ് മരണം. ചില മാനുകൾക്ക് നായ്‌ക്കളുടെ കടിയേറ്റിട്ടുണ്ട്. ചിലവയുടെ തല ചുവരിലടിച്ച് തകർന്നിട്ടുണ്ട്. രണ്ടു മാനുകളുടെ വാരിയെല്ല് തകർന്നിട്ടുണ്ട്. ആന്തരിക മുറിവുകളുമുണ്ട്. രാസപരിശോധനയുടെ ഫലവും ആന്തരിക പരിശോധനാഫലവും ലഭിക്കാനുണ്ട്. തൃശൂർ മൃഗശാലയിൽനിന്ന് പുത്തൂരിലേക്ക് മാറ്റിയ 10 മാനുകളാണ് ചത്തത്. സംഭവം അറിഞ്ഞയുടൻ സുവോളജിക്കൽ പാർക്കിൽ അടിയന്തരമായി സുരക്ഷാ ഓഡിറ്റ് നടത്തിയതായി മന്ത്രി കെ രാജൻ പറഞ്ഞു. വനംമന്ത്രിയും റവന്യൂ മന്ത്രിയുമാണ് സുവോളജിക്കൽ പാർക്ക് അധികൃതരുടെ അടിയന്തര യോഗം വിളിച്ചത്. പാർക്കിനകത്തുള്ള തെരുവുനായ്‌ക്കളെ നീക്കംചെയ്യാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി രാജൻ പറഞ്ഞു.









0 comments