കലാമണ്ഡലം പഞ്ചവാദ്യ വിഭാഗം അറുപതാം വാർഷികാഘോഷം

ചെറുതുരുത്തി
കേരള കലാമണ്ഡലത്തിൽ പഞ്ചവാദ്യ വിഭാഗം ആരംഭിച്ചതിന്റെ അറുപതാം വാർഷികഘോഷവും അവാർഡ് സമർപ്പണവും 14,15 തീയതികളിൽ കൂത്തമ്പലത്തിൽ നടക്കും. പെരുവനം കുട്ടൻ മാരാർ ഉദ്ഘാടനം നിർവഹിക്കും. കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ബി അനന്തകൃഷ്ണൻ അധ്യക്ഷനാവും. വജ്ര ജൂബിലി പുരസ്കാരം കുനിശേരി അനിയന്മാരാർക്ക് സമ്മാനിക്കും. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 15ന് നടക്കുന്ന സമാപന സമ്മേളനം മദ്ദളരത്നം ചെർപ്പുളശേരി ശിവൻ ഉദ്ഘാടനം ചെയ്യും. കലാമണ്ഡലം രജിസ്ട്രാർ ഡോ. പി രാജേഷ് കുമാർ അധ്യക്ഷനാവും. പരിപാടിയോടനുബന്ധിച്ച് കേരളത്തിലെ വാദ്യകലാ ചരിത്രം, വാദ്യ കലയിലെ നൂതന ആവിഷ്കാര സാധ്യതകൾ എന്നീ വിഷയങ്ങളിൽ സെമിനാറുകൾ നടക്കും. മുന്നൂറിലധികം കലാകാരന്മാർ പങ്കെടുക്കുന്ന പഞ്ചാനനം പരിപാടിയായ ‘പ്രഥമ പഞ്ചവാദ്യ അരങ്ങ് ’ അരങ്ങേറും. മദ്ദള വിഭാഗം വകുപ്പ് മേധാവി കലാമണ്ഡലം ഹരിദാസൻ, ചെയർമാൻ കരിയന്നൂർ നാരായണൻ നമ്പൂതിരി, കൺവീനർ പെരിങ്ങോട് ചന്ദ്രൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.









0 comments