അമിത ജോലിയും കുറഞ്ഞ കൂലിയും
തൃശൂർ റെയിൽവേ സ്റ്റേഷൻ ശുചീകരണം പ്രതിസന്ധിയിൽ

ട്രാക്ക് വൃത്തിയാക്കുന്ന തൊഴിലാളികൾ
തൃശൂർ
ജീവനക്കാരില്ലാതെ തൃശൂർ റെയിവേ സ്റ്റേഷനിലെ ശൂചീകരണം പ്രതിസന്ധിയിൽ. കോവിഡിന് മുമ്പ് 24 ജീവനക്കാരുണ്ടായിരുന്നത് കോവിഡ് ലോക്ക്ഡൗണിന്റെ മറവിൽ വെട്ടിചുരുക്കിയത് ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. നിലവിൽ 13 പേർ മാത്രമാണ് തൃശൂർ സ്റ്റേഷനിന്റെ ശുചീകരണത്തിനായി പ്രവർത്തിക്കുന്നത്. റെയിൽവേ സ്റ്റേഷൻ ശുചീകരണം കരാർ നൽകിയിരിക്കുകയാണ്. ഇതിന്റെ മറവിൽ തൊഴിലാളികളെക്കുറച്ചും ഉള്ളവർക്ക് തുച്ഛമായ കൂലി നൽകി അമിത ജോലി അടിച്ചേൽപ്പിക്കുകയുമാണ്. ഇതിനെതിരെ സമരം നടത്താൻ ഒരുങ്ങുകയാണ് ജീവനക്കാർ. ട്രെയിനുകളുടെ എണ്ണം വർധിക്കുകയും യാത്രക്കാരുടെ കാര്യത്തിൽ തൃശൂരിൽ റെക്കോർഡ് വർധനവുമാണ്. ഈ സാഹചര്യത്തിൽ പ്രയാസപ്പെട്ടാണ് തൊഴിലാളികൾ ശുചീകരണം നടത്തുന്നത്. തൊഴിൽ കണക്കെടുപ്പ് നടത്തി തൊഴിലാളികളുടെ എണ്ണം നിജപ്പെടുത്തിയാണ് കോവിഡ് കാലംവരെ കരാർ നൽകിയിരുന്നത്. കോവിഡ് കാലത്ത് ലോക്ക്ഡൗണിൽ ട്രെയിനുകൾ റദ്ദാക്കിയപ്പോൾ തൊഴിലാളികളുടെ എണ്ണം കുറച്ചു. ട്രെയിനുകൾ പൂർണമായി പുനഃസ്ഥാപിച്ചപ്പോഴും ശുചീകരണത്തൊഴിലാളികളുടെ എണ്ണം കുറക്കാൻ കരാർ നിബന്ധകളിൽ മാറ്റം വരുത്തുകയായിരുന്നു. ഓരോ ഷിഫ്റ്റിലും ഓരോ ജോലിക്കും മേഖലയിലും നിയോഗിക്കേണ്ട തൊഴിലാളികളുടെ എണ്ണം നിശ്ചയിച്ച് ടെൻഡർ നൽകുന്നതിനുപകരം മൊത്തം ചെയ്തു തീർക്കേണ്ട ജോലിയും അതിനുള്ള കൂലിയും മാത്രം അടിസ്ഥാനമാക്കിയുള്ള ടെൻഡർ നടപ്പാക്കി. ഇതോടെ ജീവനക്കാരുടെ എണ്ണം പകുതിയായി കുറഞ്ഞു. നേരത്തെ മൂന്ന് ഷിഫ്റ്റിൽ എട്ട് പേർ വീതമാണുണ്ടായിരുന്നത്. ഇപ്പോഴത് നാലും അഞ്ചും പേരായി കുറച്ചു. എട്ട് മണിക്കൂറും വിശ്രമമില്ലാതെ പ്ലാറ്റുഫോം, ട്രാക്ക്, റെയിൽവേ ഓഫീസുകൾ, പാർക്കിങ് ഏരിയ തുടങ്ങി മുഴുവൻ സ്ഥലവും വൃത്തിയാക്കണം. എന്നാൽ ലഭിക്കുന്ന കൂലി ദിവസം 580 രൂപ മാത്രമാണ്. എതിർക്കുന്നവരെ റെയിൽവേ ഹെൽത്ത് ഇൻസ്‌പെക്ടർമാരും കരാറുകാരും ചേർന്ന് മാനസികമായി പീഡിപ്പിക്കുകയാണെന്നും പരാതിയുണ്ട്. പ്രാഥമിക ആവിശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യമോ, സ്ത്രീകൾക്ക് വസ്ത്രം മാറുന്നതിനുള്ള സൗകര്യമോ, വിശ്രമമുറിയോ അനുവദിക്കുന്നില്ല. ജോലിക്കിടയിൽ അപകടത്തിൽപെട്ടാൽ ചികിത്സയോ നഷ്ട പരിഹാരമോ ഇല്ല. 20–-25വർഷം തുടർച്ചയായി ജോലി ചെയ്താലും ശമ്പള വർധനവോ, വിരമിക്കൽ അനുകൂല്യങ്ങളോ ഇല്ല. അതേസമയം ഗേറ്റുകളിൽ കരാർ അടിസ്ഥാനത്തിൽ നിയോഗിക്കപ്പെടുന്ന വിമുക്ത ഭടൻമാർക്ക് റെയിൽവേ ജീവനക്കാർക്കുള്ള ശമ്പളവും അനുകൂല്യങ്ങളും ലഭിക്കുന്നുമുണ്ട്. ഇവർക്ക് പ്രതിദിന കൂലി 1000 രൂപയിലധികമാണ്.









0 comments