നവീകരിച്ച കണ്ണോത്ത് കുളം ഇന്ന് നാടിന് സമർപ്പിക്കും

നാശത്തില്‍ നിന്നും സംരക്ഷിച്ച് ഉദ്ഘാടനത്തിന് ഒരുങ്ങിയ പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ കണ്ണത്ത് കുളം
പുന്നയൂര്‍ക്കുളം
ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നവീകരിച്ച കണ്ണത്ത്കുളം ശനിയാഴ്ച നാടിന് സമർപ്പിക്കും. പുന്നയൂർക്കുളം പഞ്ചായത്ത് ഉടമസ്ഥതയിലുള്ള 35 സെന്റ് വിസ്തൃതിയുള്ള കുന്നത്തൂര്‍ കണ്ണത്ത് കുളം കാലങ്ങളായി ഉപയോഗശൂന്യമായിരുന്നു. കുന്നത്തൂര്‍ റസിഡന്‍സ് അസോസിയേഷന്‍ ഏറ്റെടുത്താണ് ഇത് പഞ്ചായത്തിന് കൈമാറിയത്. നവീകരണത്തിനായി ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ വകയിരുത്തുകയും ചെയ്തു. എന്നാല്‍ ഇൗ തുക അപര്യാപ്തമാണെന്ന് ബോധ്യമായതോടെ ബ്ലോക്ക് പഞ്ചായത്ത് പുന്നയൂര്‍ക്കുളം ഡിവിഷന്‍ അംഗം ഫാത്തിമ ലീനസ് വിഷയത്തിൽ ഇടപെടുകയായിരുന്നു. തുടർന്ന് ബ്ലോക്ക് പഞ്ചായത്തിന്റെ നഗരസഞ്ചയ പദ്ധതിയില്‍ നിന്ന് 72 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന്റെ 10 ലക്ഷവും ചിലവഴിച്ച് കുളം നവീകരിക്കുകയായിരുന്നു. കുളത്തിന്റെ ഒരു ഭാഗം വശംകെട്ടി സംരക്ഷിക്കുന്ന പ്രവൃത്തികളും പടവുകളുടെ നിര്‍മാണവും പൂര്‍ത്തിയാക്കി. ചുറ്റുമതിൽ കെട്ടി സംരക്ഷമൊരുക്കി. സായാഹ്നങ്ങളില്‍ സവാരി നടത്തുന്നതിനും വിശ്രമിക്കുന്നതിനുമായി നടപ്പാതകളും ഇരിപ്പിടങ്ങളും നിര്‍മിച്ചിട്ടുണ്ട്. അലങ്കാര വൈദ്യുതീകരണവും പൂര്‍ത്തിയാക്കി. കുളത്തിൽ നിന്നും അധികജലം ഒഴുക്കി വിടുന്നതിനുള്ള സംവിധാനവും നിര്‍മിച്ചു. ശനി രാവിലെ 10.30ന് എന്‍ കെ അക്ബര്‍ എംഎല്‍എ കുളം നാടിന് സമര്‍പ്പിക്കും. പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷെഹീര്‍ അധ്യക്ഷയാകും.








0 comments