തൃശൂർ പൂരത്തിനിടെ ആന വിരണ്ടോടിയ സംഭവം
പരിക്കേറ്റ 64 പേരും ആശുപത്രി വിട്ടു

തൃശൂർ
തൃശൂർ പൂരത്തിന്റെ രാത്രി പൂരത്തിനിടയിൽ ആനകൾ വിരണ്ട് ഓടിയ സംഭവത്തിൽ പരിക്കേറ്റ 65 പേരിൽ ഒരാൾ ഒഴികെ ബാക്കിയെല്ലാവരും ആശുപത്രി വിട്ടു. ആന വിരണ്ടോടിയതിനെ തുടർന്ന് ഓടുന്നതിനിടെ വീണും തിരക്കിൽപ്പെട്ടുമാണ് 65 പേർക്ക് പരിക്കേറ്റത്. ഇതിൽ ഒമ്പത് പേരെ മെഡിക്കൽ കോളേജിലേക്ക് വിദഗ്ധ ചികിത്സയ്ക്ക് മാറ്റിയിരുന്നു. എന്നാൽ ആരുടെയും നില ഗുരുതരമല്ല. ഷൊർണൂർ വണ്ണത്തിമല മങ്ങത്ത് വീട്ടിൽ അനൂജ (21), നെല്ലങ്കര കൂത്തോട്ടിങ്ങൽ ശബരീഷ് (30), കോഴിക്കോട് സ്വദേശി നിഷ (37), മലപ്പുറം തിരൂർ സ്വദേശി ഹസൈനാർ (60), അമല നഗർ സ്വദേശി ശരത്ത് (34), വെളപ്പായ മൂന്നല്ലൂർ വീട്ടിൽ വിവേക് (17), കൊടുങ്ങല്ലൂർ കോണത്തുകുന്ന് കളച്ചാട്ടിൽ വീട്ടിൽ ലക്ഷ്മി നാരായണൻ (44), വാടാനപ്പിള്ളി സ്വദേശി വിഷ്ണു (24), കാര്യാട്ടുകര സ്വദേശി ജോയൽ (17) എന്നിവരെയാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നത്. തലയിടിച്ച് വീണ ഹസൈനാർ മാത്രം നിരീക്ഷണത്തിലുള്ളത്. ബാക്കിയുള്ളവർ ബുധൻ വൈകീട്ടോടെ ആശുപത്രി വിട്ടു. ജനറൽ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന എല്ലാവരും പോയി. തിരുവമ്പാടിയുടെ എഴുന്നള്ളിപ്പിനിടെയാണ് സിഎംഎസ് സ്‌കൂളിന് മുന്നിൽ വച്ച് ഊട്ടോളി രാമൻ, വട്ടപ്പൻകാവ് മണികണ്ഠൻ എന്നീ ആനകൾ ഓടിയത്. ഇതിൽ മണികണ്ഠനെ ഉടൻ തന്നെ തള്ളച്ചു. എന്നാൽ രാമൻ എംജി റോഡിലെ പാണ്ടിസമൂഹം റോഡിലേക്ക് ഓടി. ഇത് പരിഭ്രാന്തി സൃഷ്ടിച്ചു. പൂരം സ്വരാജ് റൗണ്ടിൽ നിന്ന് നായ്ക്കനാലിലേക്ക് നിങ്ങിയതോടെ ആളുകൾ വെടിക്കെട്ട് കാണുന്നതിനായി നിറഞ്ഞിരുന്നു. ഇതിനിടയിലേക്കാണ് ആന ഓടിയത്. ആനയുടെ ആക്രമണത്തിൽ ആർക്കും പരിക്കേറ്റില്ല. ഓടുന്നതിനിടയിലാണ് പരിക്ക്. പലരുടെയും കൈകാലുകൾ ഒടിഞ്ഞിട്ടുണ്ട്. പരിക്കേറ്റ് തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരെ മന്ത്രിമാരായ വി എൻ വാസവനും ആർ ബിന്ദുവും സന്ദർശിച്ചു. ബുധനാഴ്ച പുലർച്ചെ നടന്ന തിരുവമ്പാടി വിഭാഗക്കാരുടെ എഴുന്നള്ളിപ്പിനിടെയാണ് ആന വിരണ്ടോടിയത്. മൂന്നു പേരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ രവീന്ദ്രൻ, സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, മെഡിക്കൽ കോളേജിലെ ഡോക്ടർമാരായ രവീന്ദ്രൻ, രാധിക, ബിന്ദു, രാജേഷ് എന്നിവർ മന്ത്രിമാർക്കൊപ്പം ഉണ്ടായിരുന്നു.









0 comments