ഫിഷറീസിന്റെ മിന്നൽ കോമ്പിങ്
അനധികൃത മത്സ്യബന്ധനം: 7 വള്ളങ്ങൾ പിടിയിൽ

ചാവക്കാട് കടലില്‍ അനധികൃതമായി മീന്‍ പിടിച്ചതിന് ഫിഷറീസ് സംഘം പിടികൂടിയ വള്ളം
ചാവക്കാട്
അനധികൃതമായി കടലില്‍ മീന്‍ പിടിച്ച 7 വള്ളങ്ങൾ ഫിഷറീസ് വിഭാഗത്തിന്റെ മിന്നൽ കോമ്പിങ് ഓപ്പറേഷനില്‍ പിടികൂടി. കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിച്ച് ചെറുമത്സ്യങ്ങൾ പിടിച്ചതിനും പെയർ ട്രോളിങ് നടത്തിയതിനും നിയമാനുസൃതം കളർ കോഡ് ഇല്ലാത്തതിനുമാണ് വള്ളങ്ങൾ പിടികൂടിയത്. ഫിഷറീസ്, കോസ്റ്റൽ പൊലീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് സംയുക്ത സംഘമാണ് പരിശോധന നടത്തിയത്. തൃശൂർ കാരയിലെ വളവത്ത് വീട്ടിൽ കുഞ്ഞമ്പാടിയുടെ ഉടമസ്ഥതയിലുള്ള കിലുക്കം എന്ന വള്ളമാണ് ചെറുമത്സ്യങ്ങൾ പിടിച്ചതിനെ തുടര്‍ന്ന് സംഘം പിടിച്ചെടുത്തത്. നിയമപരമായ അളവിൽ അല്ലാതെ കണ്ട (10 സെന്റീമീറ്ററിൽ താഴെ വലിപ്പമുള്ള) ഏകദേശം 2000 കിലോ ചെറു ചാള ഇനത്തിൽപ്പെട്ട മീന്‍ വള്ളത്തിലുണ്ടായിരുന്നു. നിയമാനുസൃതം കളർ കോഡ് ഇല്ലാതെ മീന്‍ പിടിച്ച കനകൻ, സുരേഷ്ബാബു, ബാദുഷ, സുദർശനൻ, വിജേഷ് എന്നിവരുടെ വള്ളങ്ങളും പിടിച്ചെടുത്തു. തീരക്കടലിലും അഴിമുഖങ്ങളിലും വിവിധ ഹാർബറുകളിലും ഫിഷ് ലാൻഡിങ് സെന്ററുകളിലും അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ. സി സീമയുടെയും മുനക്കകടവ് കോസ്റ്റൽ ഇൻസ്‌പെക്ടർ ടി പി ഫർഷദിന്റെയും നേതൃത്വത്തിൽ നടത്തിയ ഓപ്പറേഷന്റെ ഭാഗമായാണ് വള്ളങ്ങൾ പിടിച്ചെടുത്തത്. ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ തുടർ നടപടികൾ പൂർത്തീകരിച്ച് പിഴയീടാക്കി. ഉപയോഗയോഗ്യമായ 9800 രൂപയുടെ മീൻ ലേലംചെയ്ത് തുക ട്രഷറിയിൽ അടച്ചു. പിടിച്ചെടുത്ത ചെറുമീനുകളെ പിന്നീട് പുറംകടലിൽ ഒഴുക്കിക്കളഞ്ഞു. ചാവക്കാട് മത്സ്യ ഭവൻ എഫ്എഒ രേഷ്മാ ആർ നായർ, മുനക്കക്കടവ് കോസ്റ്റൽ പൊലീസ് എസ്ഐ മാരായ പി കെ ശിവദാസ്, സി കെ ജലീൽ, സി ജെ ജോബി, സിപിഒ ശരത്ത് ബാബു, കെ എ സുധി, മറൈൻ എൻഫോഴ്‌സ്മെന്റ് ആൻഡ് വിജിലൻസ് വിങ് വിഭാഗം ഓഫീസർമാരായ ഇ ആർ ഷിനിൽകുമാർ, വി എം ഷൈബു, വി എൻ പ്രശാന്ത് കുമാർ, സീ റെസ്‌ക്യൂ ഗാർഡുമാരായ ഹുസൈൻ വടക്കനൊലി, വിജീഷ് എമ്മാട്, ടി എം യാദവ്, ടി എസ് സുബീഷ്, സ്രാങ് പി കെ അഖിൻ, ഗാർഡ് സി കെ അക്ഷയ്, പി കെ സുജിത്ത് കുമാർ, ഡ്രൈവർ കെ എ അഷറഫ് എന്നിവരാണ് പ്രത്യേക പട്രോളിങ് ടീമിൽ ഉണ്ടായിരുന്നത്.









0 comments