നിറം പൊട്ടി മാനം വിരിഞ്ഞു

പാറമേക്കാവ് വിഭാഗം സാമ്പിൾ വെടിക്കെട്ടിൽനിന്ന് / ഫോട്ടോ: എം എ ശിവപ്രസാദ്
കെ എ നിധിൻ നാഥ്
Published on May 05, 2025, 01:44 AM | 1 min read
തൃശൂർ
കരിമരുന്നിൻ കരുത്തിൽ മണ്ണും വിണ്ണും അഗ്നിഗോളം കണക്കെ ജ്വലിച്ചു. തേക്കിൻകാടിന് മുകളിൽ തീ പൂക്കൾ വിരിഞ്ഞു. അമിട്ടുകൾ അകാശത്ത് നൃത്തം ചവിട്ടി. പല വർണത്തിൽ നില നിലകളായി ഉയർന്നു. കാഴ്‌ചക്കാരെ ആവേശക്കൊടുമുടിയിലാറാടിച്ച് കണ്ണും കാതും മനസ്സും നിറച്ച് സാമ്പിൾ വെടിക്കെട്ട്. ഇരമ്പിയാർക്കുന്ന കടൽ സംഗീതം പോലെ ഓലപ്പടക്കത്ത് നിന്ന് തുടങ്ങി. ഇരുൾ നിറഞ്ഞ തേക്കിൻകാടിനെ കൊള്ളിയാൻ മിന്നും പോലെ പിളർത്തി കുഴി മിന്നൽ. ഗുണ്ടും കുഴിമിന്നലും അമിട്ടുമെല്ലാം ഓലപ്പടക്കത്തിനൊപ്പം മാറി മാറി പൊട്ടി. പതിയെ തുടങ്ങി അതിവേഗം കത്തിക്കയറി രൗദ്ര ഭാവം പൂണ്ട് ശബ്ദം നിറവും സമന്വയിപ്പിച്ചുള്ള വിരുന്ന്. ആകാശത്ത് വെടിയുണ്ടകൾ പായിച്ച് തിരുവമ്പാടി സർജിക്കൽ സ്‌ട്രൈക്ക് നടത്തിയപ്പോൾ 15 കുടകൾ മാനത്ത് വിരിഞ്ഞ് ഇറങ്ങിയ കാഴ്‌ചയൊരുക്കി പാറമേക്കാവ് സാമ്പിളിന്റെ വീര്യം കൂട്ടി. സസ്‌പെൻസ് പൊട്ടിച്ച് ‘സേ നോ ഡ്രഗ്‌സ്’ എന്ന സന്ദേശവാഹികളായ ആകാശക്കുടകൾ മാനത്ത് വിരിഞ്ഞു. ഡ്രാഗൺ ഫ്ലൈറ്റും മാജിക് ക്രിസ്‌റ്റലും മാനത്ത് അക്വേറിയം തീർത്ത സിൽവർ ഫിഷും ഇടിമിന്നലുമെല്ലുമെല്ലാം വെടിക്കെട്ടിന്റെ പുത്തൻ കാഴ്‌ചകൾ. തനത് രീതിയിൽ തുടങ്ങി വൈവിധ്യങ്ങളും സസ്‌പെൻസുകളും നിറഞ്ഞ വെടിക്കെട്ടിന് തിരുവമ്പാടി ആദ്യം തിരി കൊളുത്തിയത്. രാത്രി 7.28ന് തുടങ്ങിയ വെടിക്കെട്ട് 7.34ന് - അവസാനിച്ചു. തിരുവമ്പാടി വെടിക്കെട്ട് 8.30ന് ആരംഭിച്ച് 8.35 ന് അവസാനിച്ചു. 2000 കിലോ വെടിമരുന്നാണ് ഇരുവിഭാഗവും ഉപയോഗിച്ചത്. തിരുവമ്പാടിക്കായി മുണ്ടത്തിക്കോട് പി എം സതീഷും പാറമേക്കാവിന് കോട്ടയം സ്വദേശി ബിനോയ് ജേക്കബുമാണ് വെടിക്കെട്ട് ഒരുക്കിയത്. ഞായറാഴ്‌ചയായതിനാൽ കൂടുതൽ പേർ വെടിക്കെട്ട് കാണാനെത്തി. വർഷങ്ങൾക്ക് ശേഷം സ്വരാജ് റൗണ്ടിൽ കൂടുതൽ ഭാഗങ്ങളിൽ ആളുകൾക്ക് നിൽക്കാൻ സംസ്ഥാന സർക്കാരിന്റെ ഇടപെടലിലൂടെ അവസരമൊരുക്കി.









0 comments