കോർപറേഷൻ സ്റ്റേഡിയം 
നവീകരണം: ടർഫ്‌ മാറ്റിത്തുടങ്ങി

നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന തൃശൂർ കോർപറേഷൻ സ്‌റ്റേഡിയം

നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന തൃശൂർ കോർപറേഷൻ സ്‌റ്റേഡിയം

വെബ് ഡെസ്ക്

Published on Oct 09, 2025, 01:32 AM | 2 min read

തൃശൂർ

സൂപ്പർ ലീഗ്‌ കേരളയുടെ ഭാഗമായി കോർപറേഷൻ സ്റ്റേഡിയത്തിൽ നടത്തുന്ന നവീകരണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. ഫുട്‌ബോൾ മൈതാനത്തിന്റെ നിലവിലെ ടർഫ്‌ മാറ്റുന്ന പണികൾ ആരംഭിച്ചു. പകരം വിരിക്കാനുള്ള അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ടർഫ്‌ ചൈനയിൽ നിന്ന്‌ അടുത്തദിവസം എത്തും. ഉയർന്ന ശേഷിയുള്ള എൽഇഡി ഫ്ലഡ്‌ലിറ്റുകളും സ്ഥാപിക്കും. ഗോൾ പോസ്റ്റുകൾ അന്താരാഷ്‌ട്ര മത്സരങ്ങൾക്ക്‌ ഉപയോഗിക്കുന്നവയാക്കും. ഡ്രസിങ്‌ റൂം, റഫറി ക്യാബിനുകൾ തുടങ്ങി അടിസ്ഥാന സ‍ൗകര്യങ്ങൾ ഒരുക്കും. കാണികളുടെ സുരക്ഷ ഉറപ്പാക്കി മികച്ച ഇരിപ്പിടങ്ങൾ ഒരുക്കും. പവലിയനിലെ മുറികൾ, ബാത്ത്‌ റൂം തുടങ്ങിയവ നവീകരിക്കും. സ്‌റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികൾ അഞ്ച്‌ വർഷത്തേക്ക്‌ സൂപ്പർ ലീഗ്‌ കേരള നിർവഹിക്കും. മാജിക്ക്‌ എഫ്‌സിയുടെ പരിശീലനം, ഹോം മത്സരങ്ങൾ, ജില്ലാ ഫുട്‌ബോൾ അസോസിയേഷനുമായി ബന്ധപ്പെട്ട പ്രധാനമത്സരങ്ങൾ എന്നിവയ്‌ക്ക്‌ സ്‌റ്റേഡിയം സ‍ൗജന്യമായി നൽകും. കോർപറേഷനാണ്‌ സ്‌റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം. അത്‌ലറ്റിക്‌സ്‌ ട്രാക്ക്‌ അതുപോലെ നിലനിർത്തിയാണ്‌ നിർമാണം. ഖേലോ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി ട്രാക്ക്‌ നിർമാണത്തിന്‌ കോർപറേഷൻ പദ്ധതി സമർപ്പിച്ചിട്ടുണ്ട്‌. ഇതിന്‌ അംഗീകാരമാകുമ്പോൾ ആവശ്യമെങ്കിൽ ടർഫിന്റെ പ്രവർത്തനം നിർത്തിവയ്ക്കണമെന്നും കരാറിലുണ്ട്‌. സൂപ്പർ ലീഗ് കേരളയിലെ ടീമായ മാജിക്‌ എഫ്‌സിയുടെ ഹോം ഗ്ര‍ൗണ്ടായി കോർപറേഷൻ സ്‌റ്റേഡിയത്തെ തീരുമാനിച്ചിട്ടുണ്ട്‌. ഇതുസംബന്ധിച്ച്‌ കോർപറേഷനും സൂപ്പർലീഗ്‌ കേരള നടത്തിപ്പുകാരായ യുണൈറ്റഡ്‌ ഫുട്‌ബോ ൾ സ്‌പോർട്‌സ്‌ ഡെവലപ്‌മെന്റുമായി ധാരണയായി. ഇ‍ൗ വർഷത്തെ ഹോം മത്സരങ്ങൾ നടത്താ ൻ കഴിയുന്ന രീതിയിലാണ്‌ നവീകരണ പ്രവൃത്തി നടക്കുന്നത്‌. ടർഫ്‌ നവീകരണവുമായി ബന്ധപ്പെട്ട്‌ ചില സങ്കൂചിത താൽപ്പര്യക്കാർ സൃഷ്ടിച്ച ആശയക്കുഴപ്പം നീക്കാനായി ബുധനാഴ്‌ച മേയറുടെ ചേംബറിൽ യോഗം ചേർന്നു. യോഗത്തിൽ മേയർ എം കെ വർഗീസ്‌ കാര്യങ്ങൾ വിശദീകരിച്ചു. പ്രതിപക്ഷ കക്ഷി നേതാവ് രാജൻ പല്ലൻ, ഡെപ്യൂട്ടി മേയർ എം എൽ റോസി, സ്ഥിരംസമിതി അധ്യക്ഷന്മാർ, ഉദ്യോഗസ്ഥർ എന്നിവരും ജില്ലാ സ്‌പോർട്‌സ്‌ ക‍ൗൺസിൽ, ഫുട്‌ബോൾ അ സോസിയേഷൻ, അത്‌ലറ്റിക്‌സ്‌ അസോസിയേഷൻ എന്നിവയുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.


സന്തോഷം 
രേഖപ്പെടുത്തി 
ഫുട്ബോള്‍ 
അസോസിയേഷന്‍

തൃശൂർ കോർപറേഷൻ ഫുട്ബോൾ സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് കോര്‍പറേഷനില്‍ വിളിച്ചു ചേര്‍ത്തയോഗം ശുഭകരമായി അവസാനിച്ചതില്‍ തൃശൂർ ജില്ലാ ഫുട്ബോൾ അസോസിയേഷൻ സന്തോഷം രേഖപ്പെടുത്തി. ഈ സാഹചര്യത്തില്‍ ഈ മാസം അവസാനം തന്നെ സൂപ്പർ ലീഗ് കേരളയിലെ തൃശൂർ മാജിക് എഫ്സിയുടെ ആതിഥേയ മത്സരങ്ങൾ തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടത്താനാകുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് സി സുമേഷ്, സെക്രട്ടറി കുര്യൻ മാത്യു എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home