സംഗീത നാടക അക്കാദമി ദേശീയ നൃത്തോത്സവം 3 മേഖലകളിൽ

തൃശൂർ
ശാസ്ത്രീയ നൃത്തമേഖലയില്‍ മികവ് തെളിയിച്ച നര്‍ത്തകരെയും പുതുതലമുറയിലെ നര്‍ത്തകരെയും ഉള്‍പ്പെടുത്തി സംഗീത നാടക അക്കാദമി മൂന്ന് മേഖലകളിലായി ദേശീയ നൃത്തോത്സവമായ ത്രിഭംഗി സംഘടിപ്പിക്കുന്നു. ഉത്തരമേഖലാ ദേശീയ നൃത്തോത്സവം കണ്ണൂര്‍ തളിപ്പറമ്പ് ഹാപ്പിനസ് സ്‌ക്വയറില്‍ സെപ്തംബർ 12 മുതൽ 14വരെ നടക്കും. ദക്ഷിണമേഖലയിലേത് തിരുവനന്തപുരം കായിക്കരയിലും മധ്യമേഖലാ നൃത്തോത്സവം അങ്കമാലിയിലുമാണ് സംഘടിപ്പിക്കുന്നത്. ഡോ.കലാമണ്ഡലം ഷീബ കൃഷ്ണകുമാറാണ് ഉത്തരമേഖലാ ദേശീയ നൃത്തോത്സവത്തിന്റെ ഡയറക്ടര്‍. നൃത്തോത്സവദിനങ്ങളില്‍ രാവിലെ പത്തുമുതല്‍ പകൽ ഒന്നുവരെ നൃത്താധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി ക്ലാസുകള്‍, സെമിനാറുകള്‍, സോദാഹരണ പ്രഭാഷണങ്ങള്‍ എന്നിവ സംഘടിപ്പിക്കും. പകൽ മൂന്നു മുതല്‍ അഞ്ചുവരെ യുവനര്‍ത്തകരുടെ നൃത്താവതരണങ്ങളും വൈകിട്ട് അഞ്ചുമുതല്‍ രാത്രി പത്തുവരെ പ്രശസ്ത നര്‍ത്തകരുടെ നൃത്താവതരണവും ഉണ്ടായിരിക്കും. യുവനര്‍ത്തകര്‍ക്ക് അവസരം സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ഉത്തരമേഖലാ ദേശീയ നൃത്തോത്സവത്തില്‍ നൃത്തം അവതരിപ്പിക്കുന്നതിന് യുവനര്‍ത്തകര്‍ക്ക് അവസരം. ഭരതനാട്യം, മോഹിനിയാട്ടം, കൂച്ചിപ്പുടി, കേരളനടനം എന്നിവയില്‍ പ്രതിഭ തെളിയിച്ച 18 നും 25 നും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ,മലപ്പുറം എന്നീ ജില്ലകളിലെ താല്‍പ്പര്യമുള്ള നര്‍ത്തകര്‍ 27നകം അക്കാദമിയില്‍ അപേക്ഷ നൽകണം. വിശദമായ ബയോഡാറ്റയും വയസ്സ് തെളിയിക്കുന്ന രേഖയും ഫോട്ടോയും സഹിതമുള്ള അപേക്ഷ സെക്രട്ടറി, കേരള സംഗീത നാടക അക്കാദമി, ചെമ്പൂക്കാവ്, തൃശൂര്‍–-20 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. [email protected] എന്ന ഇ- മെയിലിലേക്ക് ഓണ്‍ലൈനായും അപേക്ഷിക്കാം.








0 comments