14 പ്രവർത്തകർ അറസ്റ്റിൽ
വിസിയെ തടഞ്ഞ് എസ്എഫ്ഐ

വൈസ് ചാൻസലർ ബി അശോകിനെതിരെ പ്രതിഷേധിച്ച എസ്‌എഫ്‌ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്‌ത് നീക്കുന്നു
തൃശൂർ
കേരള കാർഷിക സർവകലാശാലയിൽ ഏകപക്ഷീയമായി ഫീസ് വർധിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് വൈസ് ചാൻസലർ ഡോ. ബി അശോകിനെ തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ തടഞ്ഞ 14 എസ്‌എഫ്‌ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്‌തു. ബുധനാഴ്‌ച വൈകിട്ടോടെയാണ് റെയിൽവേ സ്‌റ്റേഷനിൽ എത്തിയ വിസിയെ എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി അനസ് ജോസഫിന്റെ നേതൃത്വത്തിൽ പ്രവർത്തകർ തടഞ്ഞ് കരിങ്കൊടി കാണിച്ചത്. പ്രവർത്തകരെ ഇൗസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയശേഷമാണ് അശോകിന് വാഹനത്തിൽ നിന്ന് ഇറങ്ങാനായത്. ബുധനാഴ്‌ച വൈസ് ചാൻസലറുടെ നേതൃത്വത്തിൽ വിദ്യാർഥി പ്രതിനിധികളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. സർവകലാശാലയ്‌ക്ക് 150 കോടി രൂപയുടെ സാന്പത്തിക ബാധ്യതയുണ്ടെന്നും അത് തീർക്കാൻ -ഫീസ് വർധിപ്പിക്കണമെന്നുമുള്ള വിചിത്ര നിലപാടാണ് വിസി സ്വീകരിച്ചത്. തുടർന്ന് സമരം ശക്തമാക്കാൻ എസ്‌എഫ്‌ഐ തീരുമാനിക്കുകയായിരുന്നു. ഫീസ് വർധന പിൻവലിക്കാത്ത വൈസ് ചാൻസലറുടെ നിലപാടിനെതിരെ അനിശ്ചിതകാല സമരം നടത്തുമെന്നും എസ്‌എഫ്‌ഐ പ്രഖ്യാപിച്ചിട്ടുണ്ട്. സർവകലാശാല ഭരണസമിതി അംഗങ്ങളുടെ അനുമതിയില്ലാതെ ഫീസ് വർധിപ്പിച്ച വൈസ് ചാൻസലറുടെ നിലപാടിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. യുജി, പിജി, പിഎച്ച്ഡി വിദ്യാർഥികൾക്ക് അടുത്ത അധ്യയനവർഷം മുതലാണ് മൂന്ന് ഇരട്ടിയിലധികം സെമസ്റ്റർ ഫീസ് വർധിപ്പിക്കാൻ തീരുമാനിച്ചത്.









0 comments