‘ഋതു’ അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേള നാളെ ആരംഭിക്കും

തൃശൂർ
അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേള ഋതുവിന്റെ രണ്ടാം പതിപ്പ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിൽ വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. തൃശൂർ ചലച്ചിത്ര കേന്ദ്രം, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി, ഇന്ദുചൂഡൻ ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ചലച്ചിത്രമേള നടക്കുക. പരിസ്ഥിതി സിനിമകൾക്കൊപ്പം സംവിധായകരുമായുള്ള സംവാദവും നടക്കും. സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ മേള ഉദ്ഘാടനം ചെയ്യും. അരവിന്ദ് മോഹൻരാജ് സംവിധാനം ചെയ്ത കാട്, കാടർ, ഓങ്കൽ ഉദ്‌ഘാടനച്ചിത്രമായി പ്രദർശിപ്പിക്കും. ഇരുപതോളം ചലച്ചിത്രങ്ങളും പ്രദർശിപ്പിക്കും. ഫോട്ടോ എക്‌സിബിഷൻ, ലൈവ് കാരിക്കേച്ചർ, മൺപാത്രനിർമാണം, ചരിത്രപ്രദർശനവും ഭിന്നശേഷി കുട്ടികളുടെ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും ഉണ്ടാവും. തുരുമ്പ് എന്ന ആശയത്തെ അടിസ്ഥാനമാക്കിയ ഫാഷൻ ഷോ ‘കാളിക" മേളയുടെ ആകർഷണമാകും. വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും പ്രവേശനം സൗജന്യമാണ്. രാവിലെ 9.30 മുതൽ വൈകിട്ട് ആറ് വരെയാണ് പരിപാടികൾ. വാർത്താ സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ.ബ്ലെസി, ഫെസ്റ്റിവൽ ഡയറക്ടർ ലിറ്റി ചാക്കോ, ചെറിയാൻ ജോസഫ്, പി കെ ഭരതൻ, ഗൗരിനന്ദകുമാർ എന്നിവർ പങ്കെടുത്തു.









0 comments