നിരോധിത വലകൾ ഉപയോഗിച്ച് മീൻപിടിത്തം:15 ലക്ഷം പിഴ

പെലാജിക് വലകൾ ഉപായാഗിച്ച് പിടിച്ച ചെറുമീനുകൾ കടലിൽ ഒഴുക്കുന്നു
കൊടുങ്ങല്ലൂർ
നിരോധിത പെലാജിക് വല ഉപയോഗിച്ച് മീൻ പിടിച്ച രണ്ട് കർണാടക ബോട്ടുകൾക്ക് ഫിഷറീസ് വകുപ്പ് 15 ലക്ഷം രൂപ പിഴ ചുമത്തി. മംഗലാപുരം സ്വദേശികളായ മുഹമ്മദ് ഇഫ്ത്തിക്കർ, റിസാന മുഹമ്മദ് ഫിറോസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ബോട്ടുകൾക്കാണ് പിഴയിട്ടത്. നിരോധിച്ച മൂന്ന് പെലാജിക് വലകൾ ബോട്ടുകളിൽ നിന്ന് പിടിച്ചെടുത്തു. 16 സെന്റീമീറ്ററിൽ താഴെയുള്ള 5000 കിലോ അരണ മീനും പിടിച്ചെടുത്തു. അഴീക്കോട് ലൈറ്റ് ഹൗസ് പടിഞ്ഞാറ് ഭാഗത്ത് നിന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ് ബോട്ടുകളെ തടഞ്ഞ് വച്ച് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്. ഉദ്യേഗസ്ഥസംഘം രണ്ട് പട്രോളിങ് ബോട്ടുകളിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതര സംസ്ഥാന മത്സ്യബന്ധന യാനങ്ങൾക്ക് കേരള തീരത്ത് 12 നോട്ടിക്കൽ മൈലിനുള്ളിൽ മീൻപിടിത്തം നടത്താനുള്ള സ്പെഷ്യൽ പെർമിറ്റ് ഈ ബോട്ടുകൾക്ക് ഉണ്ടായിരുന്നില്ലെന്ന് ഫിഷറീസ് എക്സ്റ്റഷൻ ഓഫീസർ സി കെ മനോജിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി. ബോട്ടുകളിൽ നിന്ന് കണ്ടുകെട്ടിയ ചെറുമത്സ്യങ്ങളെ പുറംകടലിൽ ഒഴുക്കി കളഞ്ഞു. അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ കെ പി ഗ്രേസി നൽകിയ പ്രത്യേക അന്വേഷണ റിപ്പോർട്ടിൽ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാണ് നടപടി സ്വീകരിച്ചത്. ബോട്ടുകളിൽ നിന്ന് കണ്ട് കെട്ടിയ ഉപയോഗയോഗ്യമായ മീനുകൾ അഴീക്കോട് ഫിഷ് ലാന്റിങ് സെന്ററിൽ പരസ്യ ലേലം ചെയ്ത് കിട്ടിയ 6,60,450 രൂപ ട്രഷറിയിൽ അടച്ചു. ആദ്യമായാണ് ഇത്രയും വലിയ തുക പിഴയിനത്തിൽ ഫിഷറീസ് വകുപ്പ് ഇടാക്കുന്നത്.









0 comments