രജിസ്‌ട്രേഡ് ഇല്ല, സ്പീഡ് പോസ്റ്റ് മാത്രം
ഉപയോക്താക്കൾക്ക് ഇരട്ടി സാമ്പത്തിക ഭാരം

മാള
രജിസ്‌ട്രേഡ് തപാൽ സംവിധാനം അവസാനിപ്പിച്ച് സ്പീഡ് പോസ്റ്റ് മാത്രം തുടരാനുള്ള തപാൽ വകുപ്പിന്റെ തീരുമാനം ഉപയോക്താക്കൾക്കുമേൽ അടിച്ചേൽപ്പിക്കുന്നത് കടുത്ത സാന്പത്തികഭാരം. രജിസ്‌ട്രേഡ് തപാലിന്റെ ആദ്യ സ്ലാബ് 20 ഗ്രാം വരെയുള്ള തൂക്കമായിരുന്നതിനാൽ കുറഞ്ഞ നിരക്കിൽ കത്തുകൾ അയയ്ക്കാൻ സാധിച്ചിരുന്നു. സ്പീഡ് പോസ്റ്റിന്റെ ആദ്യ സ്ലാബ് 50 ഗ്രാം ആയി നിശ്ചയിച്ചതോടെ ഏറ്റവും കുറഞ്ഞ ഭാരമുള്ള കത്തുകൾക്ക് പോലും ഇരട്ടിയിലധികം പണം നൽകേണ്ട അവസ്ഥയാണ്. രജിസ്‌ട്രേഡ് തപാൽ നിർത്തലാക്കിയതിനെതിരെ വലിയ പരാതിയാണ് സംസ്ഥാനത്താകെ ഉയരുന്നത്. പുതിയ പരിഷ്കാരം സാധാരണ ജനങ്ങൾക്ക് വൻ സാമ്പത്തിക ബാധ്യതയാണ് വരുത്തിവയ്‌ക്കുന്നത്. നേരത്തെ 26 രൂപയ്ക്ക് അയയ്ക്കാമായിരുന്ന തപാൽ ഉരുപ്പടികൾക്ക് പരിഷ്‌കാരത്തെത്തുടർന്ന് സ്പീഡ് പോസ്റ്റ് വഴി അയയ്ക്കുമ്പോൾ ഏകദേശം 61 രൂപയോളം ചെലവ് വരുന്നുണ്ട്. 20 ഗ്രാമിന് താഴെയുള്ള കത്തുകൾക്ക് പോലും ഇപ്പോൾ 50 ഗ്രാം സ്ലാബിന്റെ പണം അടയ്‌ക്കേണ്ടിവരുന്നു. ബാങ്കുകൾ, സഹകരണ സംഘങ്ങൾ, സ്വർണപ്പണയ സ്ഥാപനങ്ങൾ തുടങ്ങിയവ സ്ഥിരമായി ഉപയോഗിക്കുന്ന തപാൽ സേവനങ്ങളുടെ ചെലവ് ഗണ്യമായി വർധിച്ചിരിക്കുകയാണ്. ഈ അധികച്ചെലവ് അന്തിമമായി ഉപയോക്താക്കളിലേക്കാണ് എത്തുക. രജിസ്‌ട്രേഡ് തപാൽ നിർത്തലാക്കിയത് ചെറുകിട പ്രസാധകരെയും കടുത്ത രീതിയിലാണ് ബാധിച്ചിരിക്കുന്നത്. സ്പീഡ് പോസ്റ്റ് സ്ലാബ് മുൻകാലങ്ങളിലെപ്പോലെ 20 ഗ്രാമിൽനിന്ന് ആരംഭിക്കണമെന്നും നിരക്കുകൾ പുനഃപരിശോധിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ജനങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനായി തപാൽ വകുപ്പ് അടിയന്തരമായി ഇടപെടണമെന്നും ആവശ്യം ഉയരുന്നു.









0 comments