കാട്ടാനശല്യം: വനം വകുപ്പിന്റെ സ്പെഷ്യൽ ഡ്രൈവ് വേണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 15, 2025, 12:15 AM | 1 min read

പീരുമേട്

കാട്ടാനകൾ കാർഷിക ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി ഭീതി സൃഷ്ടിക്കുന്നതിന് ശാശ്വത പരിഹാരമായി വനംവകുപ്പിന്റെ സ്പെഷ്യൽ ഡ്രൈവ് പീരുമേട്ടിലും നടപ്പാക്കണമെന്ന്‌ പഞ്ചായത്ത് പ്രസിഡന്റ് ആർ ദിനേശൻ ആവശ്യപ്പെട്ടു. സ്ഥിരം കാട്ടാന ശല്യം നേരിടുന്ന സംസ്ഥാനത്തെ ആറ് പ്രദേശങ്ങളെ ഉൾപ്പെടുത്തിയാണ് വനം വകുപ്പ് സ്പെഷ്യൽ ഡ്രൈവ് പദ്ധതി ആരംഭിച്ചത്. സംസ്ഥാനത്ത് കാട്ടാനശല്യം രൂക്ഷമായ പ്രദേശങ്ങളിൽ വനം വകുപ്പിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ഡ്രൈവ് തുടങ്ങിയത്. താലൂക്ക് ആസ്ഥാനം സ്ഥിതിചെയ്യുന്ന പീരുമേട് പഞ്ചായത്തിന്റെ ടൗണിനോട് ചേർന്ന നിരവധി വാർഡുകളിൽ കാട്ടാനശല്യം രൂക്ഷമായി. ഈ സാഹചര്യത്തിൽ പദ്ധതിയിൽ പീരുമേട് പഞ്ചായത്തിനെക്കൂടി ഉൾപ്പെടുത്തണം. ഒരു വർഷത്തിനുള്ളിൽ കാട്ടാനശല്യം കാരണം ഏലം ഉൾപ്പെടെ ഒരു കോടി രൂപയുടെ കൃഷിനാശം ഉണ്ടായി. മറ്റ് നാശനഷ്ടങ്ങളും വരുത്തി. സീത എന്ന ആദിവാസി സ്ത്രീ കഴിഞ്ഞ ജൂൺ 13നാണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഈ സാഹചര്യത്തിൽ സ്ഥിരം ആനശല്യമായ പീരുമേട് പ്രദേശവും വനം വകുപ്പിന്റെ സ്പെഷ്യൽ ഡ്രൈവിൽ ഉൾപ്പെടുത്തണമെന്നും, ജനവാസ മേഖലയായ പീരുമേട് ടൗൺ, പ്ലാക്കത്തടം, കച്ചേരികുന്ന്, സിവിൽ സ്റ്റേഷൻ, തോട്ടപ്പുര, ഗസ്റ്റ് ഹൗസ് ഭാഗം, മരിയ ഗിരി സ്കൂൾ ഭാഗം, കല്ലാർ കവല, കല്ലാർ പുതുവൽ, കുട്ടിക്കാനം, മുറിഞ്ഞ പുഴ എന്നിവിടങ്ങളിൽ നിരന്തരമായി കാട്ടാന ശല്യംമൂലം ജനം പൊറുതിമുട്ടിയിരിക്കയാണ്. കാട്ടാനയെ നിരീക്ഷിക്കുന്നതിനും ജനങ്ങൾക്ക് ഉപദ്രവവും ഉണ്ടാകാത്ത രീതിയിൽ പ്രതിരോധ മാർഗങ്ങളുടെ പ്രവർത്തനക്ഷമത വിലയിരുത്താനുമാണ് കഴിഞ്ഞ ദിവസം സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചത്. ചീഫ് വൈൽഡ് ലൈഫ് ഗാർഡൻ പ്രമോദ് ജി കൃഷ്ണന്റെ ഉത്തരവ് പ്രകാരമാണ് നടപടി. ആറളം, വയനാട്, പാലക്കാട്, മണ്ണാർക്കാട്, മലയാറ്റൂർ, കോതമംഗലം,എന്നീ ആറ് സ്ഥലങ്ങളിലാണ് സ്ഥിരമായി കാട്ടാനകളുടെ സാന്നിധ്യമുള്ളതെന്ന് വനം വകുപ്പ് കണ്ടെത്തിയിട്ടുള്ളത്. ഈ കൂട്ടത്തിൽ പീരുമേട് പഞ്ചായത്തിനെ കൂടി ഉൾപ്പെടുത്തണമെന്ന് ആർ ദിനേശൻ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home