കാട്ടാനക്കലിയിൽ ഭീതിയോടെ


സ്വന്തം ലേഖകൻ
Published on Jul 30, 2025, 12:15 AM | 2 min read
ഇടുക്കി
കാട്ടാനക്കലിയിൽ ഭീതിയോടെയാണ് വനാതിർത്തി നിവാസികളുടെ ജീവിതം. ഇടയ്‌ക്കിടെ ജനവാസമേഖലയിലും എത്തുന്നുണ്ട്. ജില്ലയിൽ ഒരുജീവൻകൂടി പൊലിഞ്ഞു. പ്രതികരണങ്ങൾ, പ്രതിഷേധങ്ങൾ, ചർച്ചകൾ എല്ലാം മുൻസംഭവങ്ങളിലെന്നപോലെ സജീവം. എന്നാൽ കാട്ടാനയെ ഭയന്ന് ജീവൻ പണയത്തിലാക്കി ദിവസങ്ങൾ തള്ളിനീക്കുന്നവരുടെ എണ്ണത്തിൽ മാത്രം കുറവില്ല. ഇരയാകുന്നവരുടെ പട്ടികയിൽ അടുത്തത് തങ്ങളുടെ പേരാണോ എന്നറിയാതെ ഭീതിയുടെ നടുവിൽ കഴിയുന്നന്നവരേറെ വനാതിർത്തിയിൽ താമസക്കാരായുണ്ട്. പ്രതിഷേധത്തെ തുടർന്നുണ്ടാക്കുന്ന താൽക്കാലിക പരിഹാരങ്ങളല്ലാതെ ദുരവസ്ഥയ്‌ക്ക് അറുതിയില്ല. വനം–-വന്യജീവി നയത്തിലും നിയമത്തിലും മാറ്റംവരുത്താൻ കേന്ദ്രം തയ്യാറാകുന്നുമില്ല. പട്ടികയിലെ അവസാനപേരാണ് ചൊവ്വാഴ്‌ച പെരുവന്താനം മതമ്പയിൽ കൊല്ലപ്പെട്ട ടാപ്പിങ് തൊഴിലാളി പുരുഷോത്തമൻ(64). സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽ ടാപ്പിങ് ജോലിക്കിടെയാണ് കാട്ടാനയുടെ അക്രമണം. കഴിഞ്ഞ ഫെബ്രുവരിയിലും പ്രദേശത്ത് ഒരുജീവൻ പൊലിഞ്ഞിരുന്നു.
19 മാസം 11 ജീവൻ
ആനക്കലിയിൽ കഴിഞ്ഞ19 മാസത്തിനിടെ പൊലിഞ്ഞത് 11 ജീവനുകൾ. ഈ വർഷം ഇതുവരെ നാല്. പീരുമേട് മീൻമുട്ടി വനത്തിനുള്ളിൽ ആദിവസി സ്‌ത്രീ സീത മരണപ്പെട്ടത് ജൂൺ 13നാണ്. വലിയ വിവാദങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസമാണ് കാട്ടാന ആക്രമത്തിൽ തന്നെയാണ് സീത മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചത്. ഫെബ്രുവരിയിൽ ഒരാഴ്‍ചയ്‍ക്കിടെ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. പെരുവന്താനം കൊമ്പൻപാറ നെല്ലിവിള പുത്തൻവീട്ടിൽ സോഫിയ(44) കൊല്ലപ്പെട്ടത് ഫെബ്രുവരി 10നാണ്. തൊട്ടുമുമ്പ് ഫെബ്രുവരി ആറിന് മറയൂർ ചമ്പക്കാട്കുടി സ്വദേശി വിമലന്(57) കാട്ടാനയാക്രമണത്തിൽ ജീവൻ നഷ്‌ടമായി. ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ ഫയർലൈൻ തെളിക്കാൻ പോയപ്പോൾ കള്ളിക്കാട് വച്ച് ആക്രമണത്തനിരയാവുകയായിരുന്നു. തോണ്ടിമല പന്നിയാർ എസ്‌റ്റേറ്റിലെ തോട്ടം തൊഴിലാളി പരിമളം(44)(-2024 ജനുവരി എട്ട്), മൂന്നാറിൽ ബന്ധുവിന്റെ വിവാഹത്തിനെത്തിയ കോയമ്പത്തൂർ സ്വദേശി കെ പോൾരാജ്(79)(ജനുവരി 23), ബിയൽറാം സ്വദേശി സൗന്ദർരാജൻ(68)(ജനുവരി 22 ഉണ്ടായ ആക്രമണത്തെതുടർന്ന് 26ന് മരിച്ചു), മൂന്നാർ കന്നിമല എസ്‌റ്റേറ്റിൽ സുരേഷ് കുമാർ(46)(ഫെബ്രുവരി 26), അടിമാലി കാഞ്ഞിരവേലി ഇന്ദിര രാമകൃഷ്‌ണൻ(72)(മാർച്ച് നാല്), ചിന്നക്കനാൽ ടാങ്ക്‌കുടിയിൽ കണ്ണൻ(47)(ജൂലൈ 21), വണ്ണപ്പുറം മുള്ളരിങ്ങാട് അമർ ഇബ്രാഹിം(23)(ഡിസംബർ 29) എന്നിവരാണ് 2024ൽ കൊല്ലപ്പെട്ടവർ. കൃഷിയിടങ്ങളും വീടുകളും തുടങ്ങി കാട്ടാനകൾ തകർത്തെറിഞ്ഞ നൂറുകണക്കിന് ജീവിതങ്ങൾ വേറെ.
വന്യമൃഗ ശല്യം വർധിക്കുന്നു
ജനവാസ മേഖലയിലും കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം ക്രമാതീതമായി വർധിച്ചിട്ടുണ്ട്. വനം അധികൃതർ ഉത്തരവാദിത്വമില്ലാതെ പ്രവർത്തിക്കുന്നതും യഥാസമയം പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാത്തതുമാണ് മനുഷ്യ–വന്യജീവി സംഘർഷം വർധിപ്പിക്കുന്നതെന്നാണ് ജനത്തിന്റെ ആക്ഷേപം. വന്യജീവി ആക്രമണങ്ങൾ കണ്ടില്ലെന്ന് നടിച്ച് വനം ഉദ്യോഗസ്ഥർക്ക് എത്രനാൾ മുന്നോട്ടുപോകാനാകുമെന്നാണ് നാട്ടുകാരുടെ ചോദ്യം. ഫെബ്രുവരിയിൽ മരിച്ച സോഫിയയുടെ ഉൾപ്പെടെ, കാട്ടാന ആക്രമണങ്ങളിൽ ഏറെയും ജനനവാസ മേഖലകളിലായിരുന്നു. തോട്ടം മേഖലയിൽ തൊഴിലെടുക്കുന്നവരടക്കം സുരക്ഷിതരല്ല. പതിവായി കാട്ടാനയെ ഭയന്നാണ് ഭൂരിപക്ഷവും അന്നംതേടുന്നത്.









0 comments