ഡംപിങ് യാർഡിൽ മാലിന്യം കുന്നുകൂടി

പാറക്കടവ് ഡംപിങ് യാർഡിൽ മാലിന്യം കുന്നുകൂടിയ നിലയിൽ
തൊടുപുഴ
തൊടുപുഴ നഗരസഭയുടെ അനാസ്ഥമൂലം പാറക്കടവ് ഡംപിങ് യാർഡിൽ മാലിന്യം കുന്നുകൂടുന്നു. ഡംപിങ് യാർഡിൽ നിറഞ്ഞ മാലിന്യ കൂമ്പാരം ബയോ മൈനിങ് പ്രക്രിയയിലൂടെ വേർതിരിച്ച് ഇവ പുനരുപയോഗംനടത്തി നീക്കം ചെയ്ത് ഭൂമി വീണ്ടെടുക്കാനാണ് പദ്ധതി. എന്നാൽ, മാലിന്യ നീക്കവുമായി ബന്ധപ്പെട്ട് സ്വകാര്യ കമ്പനിയുമായി കരാർ ഒപ്പിട്ട് മാസം കഴിഞ്ഞിട്ടും മാലിന്യനീക്കം ഇഴഞ്ഞു. കരാർ കാലാവധി തീർന്നിട്ടും മാലിന്യത്തിന്റെ നല്ലൊരു ഭാഗവും കുമിഞ്ഞുകൂടി. മാലിന്യം ശാസ്ത്രീയമായി വേർതിരിച്ച് സംസ്‌കരിക്കുകയും ഉപയോഗ്യമാക്കുകയുമാണ് ലക്ഷ്യം. 40 വർഷത്തോളമായി തൊടുപുഴ നഗരസഭയിൽ നിന്നുള്ള മാലിന്യങ്ങൾ പാറക്കടവിലെ ഡംപിങ് യാർഡിലാണ് തള്ളുന്നത്. ഇവിടെ മാലിന്യമല രൂപപ്പെട്ടു. ഈ സാഹചര്യത്തിലാണ് പദ്ധതിയുമായി നഗരസഭാധികൃതർ രംഗത്തെത്തിയത്. കോഴിക്കോട് ആസ്ഥാനമായ സ്വകാര്യ സ്ഥാപനത്തിനാണ് മാലിന്യം നീക്കാൻ കോടികളുടെ കരാർ നൽകിയത്. ഇതുവരെ 18,000 ക്യൂബിക് മീറ്ററോളം മാലിന്യം ശാസ്ത്രീയമായി വേർതിരിച്ചെന്നാണ് നഗരസഭ അധികൃതർ പറയുന്നത്. ആദ്യഘട്ടത്തിൽ തരം തിരിച്ച മാലിന്യം ലോറിയിൽ കയറ്റിയയച്ചാണ് പദ്ധതിയ്ക്ക് തുടക്കമിട്ടത്. പിന്നീട് തരം തിരിക്കുന്ന ജോലി നടക്കുന്നുണ്ടെങ്കിലും മാലിന്യം കൂടുതലായി ഇവിടെനിന്നും കയറിപോകുന്നില്ലെന്നാണ് ആക്ഷേപം. ബയോമൈനിങ് പ്രവർത്തനം നടക്കുന്നതിനാൽ ടൗണിൽനിന്നുള്ള മാലിന്യം ഇപ്പോൾ തള്ളുന്നില്ല. മുമ്പ് വ്യാപാര സ്ഥാപനങ്ങളിൽനിന്നും ഭക്ഷ്യമാലിന്യങ്ങൾ ഉൾപ്പെടെ നഗരസഭ ശേഖരിച്ചിരുന്നു. ഇത് നിർത്തിവച്ചിരിക്കുകയാണ്. പാറക്കടവിലെ മാലിന്യനീക്കം വേഗത്തിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.









0 comments