മൂന്നാറിലെ ഐതിഹാസിക സമരവിജയത്തിലെ വി എസ് എഫക്ട്

തോട്ടം തൊഴിലാളികളുടെ സമരത്തിൽ പങ്കെടുക്കാനായി വി എസ് മൂന്നാറിലെത്തിയപ്പോൾ
അജിൻ അപ്പുക്കുട്ടൻ
Published on Jul 22, 2025, 12:34 AM | 1 min read
കട്ടപ്പന
തെക്കിന്റെ കശ്മീർ സമരജ്വാലയിലാണ്ടപ്പോൾ, ഐക്യദാർഢ്യവുമായി വി എസ് മൂന്നാറിലെത്തിയപ്പോൾ മലമടക്കുകളിൽ ഒരേയൊരു പ്രകമ്പനം, ‘‘കണ്ണേ... കരളേ... വിഎസേ...’’. മൂന്നാറിന്റെ ചരിത്രത്തിലിടം നേടിയ തൊഴിലാളി സമരത്തിന്റെ വിജയത്തിൽ അന്നത്തെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ പങ്ക് വിസ്മരിക്കാനാകാത്തതാണ്. ഒമ്പത് ദിവസം നീണ്ട സമരത്തിൽ ജനനായകൻ പങ്കാളിയായതോടെ ഉമ്മൻ ചാണ്ടി സർക്കാരും കെഡിഎച്ച്പി കമ്പനിയും മുട്ടുമടക്കി. കൂലിക്കും ബോണസിനും മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾക്കുമായി 2016 സെപ്തംബർ അഞ്ചിനാണ് മൂന്നാറിലെ പൊതുനിരത്തിൽ തൊഴിലാളികൾ സമരമാരംഭിച്ചത്. ഏകപക്ഷീയമായി 10 ശതമാനം ബോണസ് പ്രഖ്യാപിച്ച കമ്പനിക്കെതിരെ വൻ പ്രതിഷേധം ഉയർന്നതോടെ തൊഴിലാളികളുടെ ആവശ്യങ്ങൾക്കായി സിപിഐ എമ്മിന്റെയും എൽഡിഎഫിന്റെയും ഫലപ്രദമായ ഇടപെടൽ നടത്തി. തൊഴിലാളികളുടെ സഹനസമരം എന്തുവില കൊടുത്തും വിജയിപ്പിക്കുമെന്ന് അന്നത്തെ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തൊഴിലാളികളെ അഭിവാദ്യം ചെയ്ത് പ്രഖ്യാപിച്ചിരുന്നു. സമരത്തിന് ഐക്യദാർഢ്യവുമായി വി എസ് എത്തുന്നവിവരമറിഞ്ഞ് സമരക്കാരും തൊഴിലാളികളും ആവേശത്തിലായിരുന്നു. മൂന്നാറിൽ വി എസ് എത്തിയതോടെ സമരം ദേശീയ ശ്രദ്ധയാകർഷിച്ചു. തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കുംവരെ ഭക്ഷണം പോലും ഉപേക്ഷിച്ച് അർധരാത്രി വരെ വി എസ് സമരമുഖത്ത് സജീവമായി. കോൺഗ്രസ്, യുഡിഎഫ് നേതാക്കളെ തൊഴിലാളികൾ അകറ്റി നിർത്തിയപ്പോൾ ഐക്യദാർഢ്യവുമായി എത്തിയ സിപിഐ എം നേതാക്കളെ സ്‌നേഹോഷ്മളമായി വരവേറ്റു. ഒടുവിൽ, തൊഴിലാളികൾക്ക് 20 ശതമാനം ബോണസ് നൽകാൻ കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ മാനേജ്‌മെന്റ് സമ്മതിച്ചതോടെ സമരത്തിന് ചരിത്രവിജയം.








0 comments