സത്രം പരമ്പരാഗത പാതയിലൂടെ പോയത് 800 തീർഥാടകർ

വണ്ടിപ്പെരിയാർ സത്രം പരമ്പരാഗത കാനനപാത തുറന്നപ്പോൾ
വണ്ടിപ്പെരിയാർ
ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി വണ്ടിപ്പെരിയാർ സത്രം പരമ്പരാഗത കാനനപാത തുറന്നു. തിങ്കൾ രാവിലെ 7.30 മുതലാണ് സന്നിധാനത്തേക്കുള്ള തീർഥാടകർക്കായി പരമ്പരാഗത പാത തുറന്നത്. പകൽ ഒന്നുവരെയാണ് ഇതുവഴി തീർഥാടകരെ കടത്തിവിട്ടത്. ആദ്യദിവസം എണ്ണൂറോളം പേർ ഇതുവഴി പോയി. പാത തുറക്കുന്നതിന്റെ മുന്നോടിയായി രാവിലെ മുതൽ തന്നെ നീണ്ട നിരയായിരുന്നു. ഇവിടെയുള്ള പൊലീസ് ഔട്ട് പോസ്റ്റിൽനിന്ന് വെർച്ചൽ ക്യൂ രേഖകൾ പരിശോധിച്ച് ടോക്കൺ നൽകിയ ശേഷമാണ് തീർഥാടകരെ കടത്തിവിടുന്നത്.
പരമ്പരാഗത പാത തുറന്നു കൊടുക്കുന്നതിന് മുന്നോടിയായി പ്രത്യേക പൂജയും ഉണ്ടായി.
ഇതുവഴിയെത്തുന്ന തീർഥാടകരുടെ സുരക്ഷയ്ക്കും അതോടൊപ്പം അടിയന്തര സാഹചര്യങ്ങളിൽ പ്രാഥമിക ചികിത്സ ഉൾപ്പെടെ ലഭ്യമാക്കുന്നതിനും വനംവകുപ്പ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഇതോടൊപ്പം കുടിവെള്ളവും ഏർപ്പാടാക്കി. വന്യമൃഗ സാന്നിധ്യം കൂടുതലുള്ള പ്രദേശമാണ്. വന്യമൃഗങ്ങൾ റോഡിൽ ഇല്ലാ എന്നുറപ്പാക്കിയ ശേഷമാണ് തീർഥാടകരെ കടത്തിവിടുന്നത്. ആദ്യം പുറപ്പെട്ട സംഘത്തോടൊപ്പം വനംവകുപ്പിന്റെ സായുധസംഘവും സുരക്ഷയ്ക്കായി ഉണ്ടായിരുന്നു. ദേവസ്വം ബോർഡിന്റെ അഞ്ച് ശൗചാലയങ്ങൾ സത്രത്ത് സജ്ജീകരിച്ചിട്ടുണ്ട്. പാത തുറക്കുന്നതിന് മുന്നോടിയായി കഴിഞ്ഞദിവസം കലക്ടറുടെയും എഡിഎമ്മിന്റേയും നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച സൗകര്യങ്ങൾ ഉൾപ്പെടെ വിലയിരുത്തിയിരുന്നു.









0 comments