തൊഴിലാളികളുടെ സഖാവ്

വാഴൂർ സോമന് എം എം മണി എംഎൽഎ അന്തിമോപചാരമർപ്പിക്കുന്നു. അഡ്വ. എ രാജ എംഎൽഎ സമീപം
നിധിൻ രാജു
Published on Aug 23, 2025, 12:28 AM | 1 min read
വണ്ടിപ്പെരിയാർ
വിടവാങ്ങിയത് തൊഴിലാളികളുടെ സുഹൃത്തായ ജനനേതാവ്. ഉത്തമനായ കമ്യൂണിസ്റ്റ് എന്നതിലുപരി എല്ലാ വിഭാഗം ജനങ്ങളുമായും വാഴൂർ സോമൻ ആഴത്തിലുള്ള ആത്മബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ഹൈറേഞ്ച് എസ്റ്റേറ്റ് ലേബർ യൂണിയന്റെ സെക്രട്ടറിയായി 1977ലാണ് ഇടുക്കിയിലെത്തിയത്. നാലരപ്പതിറ്റാണ്ടിലേറെയായി പീരുമേട് ഉൾപ്പെടെയുള്ള തോട്ടം മേഖലകളിൽ തൊഴിലാളികളുടെ കണ്ണും കരളുമായി. സാധാരണ പാർടി പ്രവർത്തകനെപ്പോലെ താഴേതട്ടിൽ ഇറങ്ങിനിന്ന്, തൊഴിലാളി പ്രസ്ഥാനത്തിന് വേരോട്ടമുണ്ടാക്കി. ലേബർ നിയമങ്ങളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ആഴത്തിൽ പഠിച്ച അദ്ദേഹം ജനകീയ കമ്യൂണിസ്റ്റ് നേതാവ് എങ്ങനെ ആയിരിക്കണമെന്നതിനുള്ള ഉത്തമമാതൃകകാട്ടി. തോട്ടം തൊഴിലാളികളുടെ ഒട്ടേറെ പോരാട്ടങ്ങൾക്ക് നേതൃത്വമായി. 2006 മുതൽ 2011വരെ ഇടുക്കി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷൻ, സംസ്ഥാന വെയർ ഹൗസിങ് കോർപറേഷൻ അധ്യക്ഷൻ എന്നീ നിലകളിലും ജനപക്ഷനേതാവായി പ്രവർത്തിച്ചു. നേർത്ത ചിരിയോടെ സാധാരണക്കാരുടെ ജീവൽപ്രശ്‌നങ്ങൾക്ക് കാതുകൊടുത്തു. സ്‌നേഹിതനായും നേതാവായും എക്കാലവും ഒപ്പംനിന്നു. ആർത്തലച്ചുവന്ന പ്രതിസന്ധി ഘട്ടങ്ങളിൽപ്പോലും തന്റെ സ്വതസിദ്ധമായ ശൈലിയിൽ സൗമ്യതയോടെ ഇടപെട്ടു. ഏവർക്കും പൊതുസ്വീകാര്യനായിരുന്ന അദ്ദേഹം മികച്ച സംഘാടകൻ കൂടിയായിരുന്നു. തൊഴിലാളികളുടെ പ്രിയങ്കരനായിരുന്ന വാഴൂർ സോമന്റെ വിയോഗം ജില്ലയ്‌ക്കുതന്നെ തീരാനഷ്ടം. പ്രിയ സഖാവായി, സുഹൃത്തായി എന്നെന്നും ജനമനസ്സുകളിൽ വാഴൂർ വാഴും.









0 comments