ഉണർന്നെണീറ്റ് ഉടുമ്പൻചോല

ഉടുമ്പന്‍ചോല കുടുംബാരോഗ്യ കേന്ദ്രം
ബേബിലാൽ
Published on Jul 21, 2025, 12:29 AM | 2 min read
രാജാക്കാട്
സമാനതകളില്ലാത്ത വികസന മുന്നേറ്റങ്ങൾകൊണ്ട് നാടിന്റെ മുഖച്ഛായ മാറ്റിയ നാലരവർഷം. ഉടുമ്പന്‍ചോല പഞ്ചായത്തിന്റെ സ്വപ്‌നങ്ങളോരോന്നായി സാക്ഷാൽക്കരിച്ച കാലം. 1958ലാണ് ഉടുമ്പന്‍ചോല പഞ്ചായത്ത് നിലവില്‍ വന്നത്. പിന്നീട്, വിഭജിച്ച് നെടുങ്കണ്ടം, സേനാപതി പഞ്ചായത്തുകള്‍ രൂപീകരിച്ചതോടെ, ഉടുമ്പന്‍ചോലയില്‍ പ്രവര്‍ത്തിച്ചിരുന്ന താലൂക്ക്‌തല സർക്കാർ ഓഫീസുകള്‍ നെടുങ്കണ്ടം, ശാന്തന്‍പാറ എന്നിവിടങ്ങളിലേക്ക് മാറ്റി. ഇതോടെ ഉടുമ്പൻചോല വികസനത്തിന്റെ കാര്യത്തിൽ ശിഥിലമായി. 1996ല്‍ ആരംഭിച്ച ജനകീയ ആസൂത്രണ പദ്ധതിയിലൂടെയും മുന്‍മന്ത്രി എം എം മണി എംഎല്‍എ, മുന്‍ എംഎല്‍എ കെ കെ ജയചന്ദ്രന്‍ തുടങ്ങിയവരുടെ പരിശ്രമഫലമായാണ് ഉടുമ്പന്‍ചോല മാറിത്തുടങ്ങിയത്. കഴിഞ്ഞ നാലരവർഷം എൽഡിഎഫ് ഭരണസമിതി സമ്മാനിച്ചത് ജനജീവിതത്തെ നേരിട്ടുസ്വാധീനിക്കുന്ന സർവതലസ്‌പർശിയായ മാറ്റങ്ങള്‍.
എംഎൽഎയുടെ കൈത്താങ്ങ്
574 കോടി രൂപ മുടക്കി നിർമിച്ച ഉടുമ്പന്‍ചോല–രണ്ടാംമൈല്‍ റോഡ് 10 കിലോ മീറ്ററും 423 കോടി രൂപ ചെലവഴിച്ച ചെമ്മണ്ണാര്‍–ചിത്തിരപുരം റോഡ് ഏഴ് കിലോമീറ്ററും കടന്നുപോകുന്നത് പഞ്ചായത്തിലൂടെയാണ്. കാരിത്തോട്–കൈലാസം റോഡ്(15 ലക്ഷം), കുഴിത്തൊളു–പാമ്പുപാറ (15 ലക്ഷം), എഴുകുമലക്കുടി–ശ്ലീവാമല റോഡ്(30 ലക്ഷം), ആട്ടുപാറ–പെരുമാംകുളം(20 ലക്ഷം), ഉടുമ്പന്‍ചോല–മാട്ടുത്താവളം(10 ലക്ഷം), ആറുമുക്കുപടി–ഏലപ്പാറ(20 ലക്ഷം), ഉടുമ്പന്‍ചോല–വല്ലറക്കന്‍പാറ റോഡ്(15 ലക്ഷം), കാരിത്തോട്–40 ഏക്കര്‍ റോഡ്(15 ലക്ഷം), 40 ഏക്കര്‍–പുതകില്‍ റോഡ്(10 ലക്ഷം), മണത്തോട്- തലയന്‍കാവ്(15 ലക്ഷം), ഉടുമ്പന്‍ചോല-–ചാക്കുളത്തിമെട്ട് റോഡ്, താന്നിമൂട്–പാപ്പന്‍പാറ എന്നീ റോഡുകൾ യാഥാർഥ്യമാക്കി. മാട്ടുത്താവളത്ത് ആയുര്‍വേദ മെഡിക്കല്‍ കോളേജിന് അനുമതിയായി. ഉടുമ്പന്‍ചോല ടൗണില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം സജ്ജമാക്കി. തിങ്കള്‍ക്കാട് കുടിയില്‍ ഒരുകോടി രൂപ എസ്ടി ഫണ്ട് അനുവദിച്ചു. പശ്ചാത്തലമേഖലയില്‍ 13,55,48,881 രൂപയുടെ ഫണ്ട് ചെലവഴിച്ചു. റോഡുകള്‍, നടപ്പാതകള്‍, നടപ്പാലങ്ങള്‍, കലുങ്ക് എന്നിവ പൂര്‍ത്തീകരിച്ചു. രണ്ട് പകല്‍ വീടുകളും നിര്‍മിച്ചു.
കാർഷിക മേഖലയെ കൈപിടിക്കാൻ
ഏലവും കുരുമുളകും കാപ്പിയുമാണ് മേഖലയിലെ കാര്‍ഷിക വിളകള്‍. ഏഷ്യയിലെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് മൈലാടുംപാറയിലാണ്. കൃഷിക്കാര്‍ക്ക് ജൈവവളം, പച്ചക്കറി, ഫലവൃക്ഷതൈകള്‍ എന്നിവ വിതരണംചെയ്തു. നെല്‍കൃഷിക്കും പാലിനും സബ്സിഡി നല്‍കി. കാലിത്തീറ്റ, ധാതുലവണങ്ങൾ, -വിരമരുന്ന്, വളം എന്നിവ വിതരണംചെയ്‌തു. പശുവളര്‍ത്തല്‍, ആടുവളര്‍ത്തല്‍, കോഴിവളര്‍ത്തല്‍ എന്നിവയ്‌ക്ക് സബ്സിഡി നൽകുന്നുണ്ട്.
ഹെൽത്തിയാണ് ആരോഗ്യമേഖല
ഉടുമ്പന്‍ചോല കുടുംബാരോഗ്യ കേന്ദ്രം തുടര്‍ച്ചയായി രണ്ടുതവണ ഗുണനിലവാര പരിശോധനയില്‍ ദേശീയ അംഗീകാരം നേടി. രണ്ടുതവണ കായകല്‍പ്പ അവാര്‍ഡും ലഭിച്ചു. മൂന്ന് സബ് സെന്ററുകള്‍ ആധുനിക സൗകര്യങ്ങളോടെ പുതുക്കിപ്പണിതു. ആശുപത്രിയോട് ചേർന്ന് ഓപ്പണ്‍ ജിം ആരംഭിച്ചിരുന്നു. ഒരേസമയം 147 കിടപ്പുരോഗികള്‍ക്ക് പരിചരണം ലഭ്യമാണ്. മരുന്നുകൾ, ഓക്സിജന്‍ കോണ്‍സന്റേറ്റര്‍, വീല്‍ചെയറുകള്‍, വാക്കറുകള്‍, വാക്കിങ് സ്റ്റിക്ക്, എയര്‍ബെഡ്ഡുകള്‍, ഓക്സിമീറ്റര്‍, നെബുലൈസറുകള്‍ തുടങ്ങിയവ എത്തിച്ചു. വാടക കെട്ടിടത്തില്‍നിന്ന് ഹോമിയോ ആശുപത്രി പുതിയകെട്ടിടത്തിലെത്തി. എഫ്എച്ച്സി 45.66ലക്ഷം രൂപയും ആയുര്‍വേദ ആശുപത്രിക്ക് 33.5 ലക്ഷം രൂപയും ഹോമിയോ ആശുപത്രിക്ക് ഒമ്പത് ലക്ഷം രൂപയും മരുന്നുവാങ്ങാൻ ചെലവഴിച്ചു. മാലിന്യമുക്ത പഞ്ചായത്ത്
പഞ്ചായത്തിനെ മാലിന്യമുക്തമാക്കാൻ എല്ലാവാര്‍ഡിലും എംസിഎഫുകളും 20 ബോട്ടില്‍ ബൂത്തുകളും സ്ഥാപിച്ചു. മാലിന്യം വലിച്ചെറിയുന്നത് കണ്ടെത്തി പിഴയീടാക്കാൻ ക്യാമറകള്‍ സ്ഥാപിച്ചു. വീടുകളില്‍ മാലിന്യം ശേഖരിക്കുന്നതിന് ബിന്നുകളും റിങ് കമ്പോസ്റ്റുകളും വിതരണംചെയ്തു. മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ ഒരേക്കര്‍ ഏറ്റെടുത്ത് നിര്‍മാണം തുടങ്ങി.
ജനക്ഷേമം ഉറപ്പ്
484 കുടുംബങ്ങള്‍ക്ക് ഒമ്പത് വര്‍ഷംകൊണ്ട് വീടുകള്‍ നിര്‍മിച്ച് നല്‍കി. 15 ഹൈമാസ്റ്റ് ലൈറ്റുകളും 460 സ്ട്രീറ്റ് ലൈറ്റുകളും സ്ഥാപിച്ചു. എസ്‌സി, എസ്ടി വിഭാഗത്തിലെ കുട്ടികള്‍ക്ക് പഠനമുറി, പഠനോപകരണങ്ങള്‍, സ്കോളര്‍ഷിപ്പ്, വയോധികർക്ക് കട്ടില്‍, വാട്ടര്‍ടാങ്ക് എന്നിവ നല്‍കി. 24 അങ്കണവാടികള്‍ പുതുക്കിപ്പണിതു. പോഷകാഹാരവിതരണം, ഗര്‍ഭിണികളുടെയും -മുലയൂട്ടുന്ന അമ്മമാരുടെയും സംരക്ഷണം, കൗമാരക്കാരായ കുട്ടികള്‍ക്കുള്ള പോഷകാഹാരം, കൗണ്‍സിലിങ് എന്നിവ നടക്കുന്നു. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിരവധി കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. കൈലാസം–ഇന്ദിരാനഗര്‍, ഭൂതാളപ്പാറ കുടിവെള്ള പദ്ധതിയുടെ നിര്‍മാണം നടന്നുവരുന്നു. ജൽജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. കുടുംബശ്രീ ജെഎല്‍ജിക്ക് അഞ്ച് കോടിയും ലിങ്കേജ് വായ്പയ്‌ക്ക് ആറുകോടിയും നല്‍കി. ഉടുമ്പന്‍ചോല ടൗണില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ ടേക്ക് എ ബ്രേക്ക് കെട്ടിടവും സ്ഥാപിച്ചു.









0 comments