സുന്ദരം കാറ്റൂതിമേട്


സ്വന്തം ലേഖകൻ
Published on Jul 25, 2025, 12:30 AM | 1 min read
രാജാക്കാട്
കാഴ്‌ചയും വിശ്വാസവും ഇടകലരുന്ന ഇടമാണ് കാറ്റൂതിമേട്. സമുദ്രനിരപ്പില്‍നിന്ന് 3000 അടി ഉയരത്തിലാണ് ഈ സുന്ദരഭൂമികയുള്ളത്. നിരന്തരം വീശിയടിക്കുന്ന കാറ്റാണ് കാറ്റൂതിമേട് എന്ന പേരിനാധാരം. ഏത് കൊടിയ വേനലിലും വറ്റാത്ത ആമ്പല്‍ക്കുളമാണ്, കാവും പുല്‍മേടുമൊക്കെയായി 50 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. ഉയരം പോലെ ഐതീഹ്യപ്പെരുമയിലും കാറ്റൂതിമേടിന് ഉയരമേറെയാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കാറ്റൂതി താഴ്‌വരയിലെ മുതുവാന്‍ സമുദായത്തില്‍പ്പെട്ട ആദിവാസികള്‍ മലമുകളിലെ കുളക്കരയില്‍ കണ്ണിമാരമ്മന്‍ കറുപ്പ് സ്വാമിയുടെ വിഗ്രഹം പ്രതിഷ്‌ഠിച്ചു. ഇതോടെ കറുപ്പ് സ്വാമി കാറ്റൂതിമേടിന്റെ കാവല്‍ ദൈവമായി മാറി. ആദിവാസി ഗ്രാമങ്ങളെയും കൃഷിയിടങ്ങളെയും കാക്കുന്നത് കറുപ്പ് സ്വാമിയാണെന്ന് ഇന്നും ഇവര്‍ വിശ്വസിച്ചുപോരുന്നു. കൊമ്പന്‍മീശയും കൈയില്‍ വടിവാളുമായി കറുപ്പ് സ്വാമിയുടെ വിഗ്രഹവുമുണ്ട്. ആദിവാസികളെല്ലാം തന്നെ മലയിറങ്ങിയെങ്കിലും സമീപ ഏലത്തോട്ടങ്ങളിലെ തൊഴിലാളികളാണ് കാവ് സംരക്ഷിക്കുന്നതും പൂജ നടത്തുന്നതും. മകരമാസത്തിലെ പൗര്‍ണമിയിലാണ് പൊങ്കാലയും മുളകുപറിയുമുള്‍പ്പടെയുള്ള പ്രധാന ആഘോഷം. കറുപ്പ് സ്വാമിയെക്കൂടാതെ സപ്‌ത കന്യകമാരുടെ പ്രതിഷ്‌ഠയും ഇവിടെയുണ്ട്. 1972 കാലഘട്ടത്തില്‍ സപ്‌ത കന്യകമാരുടെ വിഗ്രഹം കുളത്തിന്റെ മധ്യത്തില്‍ നിന്നും ആദിവാസികള്‍ക്ക് ലഭിച്ചതിനെ തുടര്‍ന്നാണ് കന്യകമാരുടെ പ്രതിഷ്‌ഠയുള്ള കാവ് സ്ഥാപിച്ചത്. ശാന്തന്‍പാറ, സേനാപതി റോഡിലെ പള്ളിക്കുന്ന് കവലയില്‍ നിന്നുമാണ് കാറ്റൂതിമേട്ടിലേക്ക് തിരിയുന്നത്. ഇവിടെനിന്ന് നാലു കിലോമീറ്ററോളം വന്‍മരങ്ങള്‍ തണല്‍വിരിച്ച പാതയിലൂടെ സഞ്ചരിച്ചാല്‍ മേട്ടിലെ കാറ്റിന്റെ തലോടലേല്‍ക്കാം. പ്രകൃതിയോട് ഇണങ്ങി ഇളം കാറ്റേറ്റ് മലമേട്ടില്‍ ഇരിക്കുമ്പോള്‍ അസുലഭക്കാഴ്‌ചവട്ടങ്ങളുടെ ജാലകങ്ങളും കണ്‍മുമ്പില്‍ തെളിയും. ചതുരംഗപ്പാറ, രാമക്കല്‍മേട്, സൂര്യനെല്ലി, ചിന്നക്കനാല്‍, ദേവികുളം, ഗ്യാപ്‌റോഡ് തുടങ്ങിയ പ്രദേശങ്ങള്‍ എല്ലാം വിദൂര കാഴ്‌ചകളാണ്.









0 comments