ത്രില്ലടിപ്പിച്ച് കാല്‍വരിക്കുന്നിലെ മഞ്ഞും മഴയും

ഇടയ്ക്കിടെ പെയ്യുന്ന ചാറ്റല്‍മഴ നനഞ്ഞ് കാല്‍വരിമൗണ്ട് മലനിരകളിലെ കോടമഞ്ഞിലൂടെ നടക്കാന്‍ പ്രത്യേക അനുഭൂതിയാണ്.
avatar
സ്വന്തം ലേഖകൻ

Published on Oct 01, 2025, 12:15 AM | 1 min read

കട്ടപ്പന

ഇടയ്ക്കിടെ പെയ്യുന്ന ചാറ്റല്‍മഴ നനഞ്ഞ് കാല്‍വരിമൗണ്ട് മലനിരകളിലെ കോടമഞ്ഞിലൂടെ നടക്കാന്‍ പ്രത്യേക അനുഭൂതിയാണ്. പൂജാ അവധിക്കാലം കാഴ്ചകളുടെ പറുദീസയായ കാല്‍വരിക്കുന്നില്‍ ആഘോഷമാക്കുകയാണ് സഞ്ചാരികള്‍. പശ്ചിമഘട്ട മലനിരകളെ ചുറ്റിപ്പിണഞ്ഞുകിടക്കുന്ന ഇടുക്കി ജലാശയത്തിന്റെ വിദൂരക്കാഴ്ചകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയെ. മലയടിവാരത്തെ ഘോരവനങ്ങളും ജലാശയത്തിലെ ദ്വീപുകളും പ്രധാന കാഴ്ചകളാണ്. കുന്നിന്‍ചെരിവുകളിലൂടെ ഒഴുകിയെത്തുന്ന കോടമഞ്ഞും പ്രത്യേക അനുഭൂതി സമ്മാനിക്കുന്നു. വേനല്‍ക്കാലത്ത് കനത്ത ചൂടിനെപ്പോലും അകറ്റിനിര്‍ത്താന്‍ ഇവിടുത്തെ കാറ്റിനു കഴിയും. സന്ദര്‍ശകരുടെ 
ഇഷ്ടയിടം സ്വദേശികളും ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള സഞ്ചാരികളുമടക്കം പ്രതിദിനം 1000ലേറെ ആളുകള്‍ ഇവിടെ എത്തുന്നുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ 2000 മുതല്‍ 3000 പേര്‍ വരെ. നവരാത്രി ആഘോഷിക്കാന്‍ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് ഏറെയും. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരും ഏറെയുണ്ട്. കുടുംബസമേതം ഏതാനും ദിവസങ്ങള്‍ ഇവിടെ താമസിച്ചാണ് മടക്കം. സഞ്ചാരികളുടെ തിരക്ക് കാല്‍വരിമൗണ്ടിലെ വ്യാപാര മേഖലയ്ക്കും ഗുണകരമായി. 
 നിലവില്‍ വന്‍കിട റിസോര്‍ട്ടുകളും ഹോംസ്റ്റേകളും ഉള്‍പ്പെടെ 50ലേറെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇടുക്കി ഗോള്‍ഡ് ഉള്‍പ്പെടെയുള്ള സൂപ്പര്‍ഹിറ്റ് സിനിമകള്‍ ചിത്രീകരിക്കപ്പെട്ട കാല്‍വരിമൗണ്ട് ജില്ലയിലെ പ്രധാന ഷൂട്ടിങ് ലൊക്കേഷനാണ്.



deshabhimani section

Related News

View More
0 comments
Sort by

Home