എന്തൊരു ചേലാണ്

നിധിൻ രാജു
Published on Sep 26, 2025, 11:41 PM | 1 min read
ഇടുക്കി
കോടമഞ്ഞ് തലോടുന്ന പുലരിയും പ്രകൃതിയൊരുക്കുന്ന അനുപമ അനുഭവങ്ങളും തേയിലക്കാടുകൾക്കും ഏലത്തോട്ടങ്ങൾക്കും നടുവിലൂടെ വളഞ്ഞുനീളുന്ന സുന്ദരപാതകളും തുടങ്ങി കാഴ്‌ചകളുടെ നവവസന്തം തീർക്കുന്ന ഇടുക്കി ഒരു സുന്ദരകവിതയാണ്. ഓരോ വഴിയിലും ഒരു പുതിയ കാഴ്‌ച– ഇടുക്കി സഞ്ചാരികൾക്ക് വാഗ്‌ദാനം ചെയ്യുന്നത് അതാണ്. മറ്റൊരു വിനോദസഞ്ചാരദിനംകൂടി എത്തുമ്പോള്‍ സഞ്ചാരികളുടെ പറുദീസയായ ഇടുക്കി അതിഥികളെ കാത്തിരിക്കുന്നു. ലോകസഞ്ചാര ഭൂപടത്തില്‍ ഇടുക്കിയുടെ പ്രാധാന്യം വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. ഡിടിപിസിയുടെ നിയന്ത്രണത്തിലുള്ള വാഗമൺ മൊട്ടക്കുന്ന്, സാഹസിക ഉദ്യാനം, പാഞ്ചാലിമേട്, അരുവിക്കുഴി, രാമക്കൽമേട്, ഇടുക്കി പാർക്ക്, ഹിൽവ്യൂ പാർക്ക്, ശ്രീനാരായണപുരം റിപ്പിൾ വാട്ടർ ഫാൾസ്, മൂന്നാർ പാർക്ക്, ബൊട്ടാണിക്കൽ ഗാർഡൻ, മാട്ടുപ്പെട്ടി തുടങ്ങിയ കേന്ദ്രങ്ങൾ അറ്റകുറ്റപ്പണികൾക്കുശേഷം ‘ഓണാ’യിക്കഴിഞ്ഞു.
ചേർത്തുനിർത്തി സർക്കാർ
ടൂറിസം വകുപ്പിന്റെ വിവിധ പദ്ധതികളിൽപ്പെടുത്തി നിരവധി പ്രവൃത്തികളാണ് ജില്ലയിൽ നടന്നുവരുന്നത്. കുടിയേറ്റ സ്‌മാരക ടൂറിസം വില്ലേജിന് മൂന്ന് കോടി, ഇടുക്കി യാത്രിനിവാസ് 3.82 കോടി, ഇടുക്കി യാത്രിനിവാസ് ഇന്റേണൽ റോഡിന് 89.5 ലക്ഷം, പീരുമേട് ഇക്കോ ലോഡ്‌ജ് നവീകരണത്തിന് 1.38 കോടി, പീരുമേട് ഗവ. ഗസ്റ്റ്ഹൗസ് നവീകരണത്തിന് 1,79,59,678, പാഞ്ചാലിമേട് ടൂറിസം പദ്ധതി- രണ്ടാം ഘട്ടത്തിന് മൂന്നുകോടി, മൂന്നാം ഘട്ടത്തിന് 3,10,23,000, രാമക്കൽമേട് -നവീകരണത്തിന് 1,02,40,305, ദേവികുളം യാത്രീനിവാസ് നവീകരണത്തിന് 98 ലക്ഷം, മാട്ടുപെട്ടി ഡാം സൗന്ദര്യവൽക്കരണത്തിന് 1,07,55,918 എന്നിങ്ങനെയാണ് അനുവദിച്ച തുക. വകുപ്പിന്റെ ‘ഡെസ്റ്റിനേഷൻ ചലഞ്ച്’ പദ്ധതിയിൽപ്പെടുത്തി ചുനയമക്കൽ വെള്ളച്ചാട്ടത്തിന് 96 ലക്ഷം, പാപ്പിനിമേട് വ്യൂ പോയിന്റിന് 50 ലക്ഷം, ഒട്ടകത്തലമേട് വികസനത്തിന് 1.50 കോടി, തേക്കടി ടൂറിസം പാർക്കിന് 97,26,000, എരച്ചിൽപാറ കച്ചാരം വെള്ളച്ചാട്ടത്തിന് 70,32,771, ഏകയം വെള്ളച്ചാട്ടത്തിന് 1.50 കോടി, നക്ഷത്രക്കുത്ത് വെള്ളച്ചാട്ടത്തിന് 72 ലക്ഷം, കനകകുന്ന് വ്യൂ പോയിന്റിന് 88,10,045 രൂപയും വകയിരുത്തിയിട്ടുണ്ട്.









0 comments