മനസ്സുമയക്കും മാട്ടുപ്പെട്ടി

മാട്ടുപ്പെട്ടി ബോട്ടിങ്
പാട്രിക് വേഗസ്
Published on Oct 04, 2025, 12:15 AM | 1 min read
മൂന്നാർ
കാട്ടാനകളെ കണ്ട് ബോട്ടിങ് നടത്തണോ? എങ്കിൽ നേരെ മാട്ടുപ്പെട്ടിയിലേക്ക് പോര്. ജലസമൃദ്ധമായ മാട്ടുപ്പെട്ടി അണക്കെട്ടിന്റെ സമീപത്തുകൂടി നടന്നുനീങ്ങുന്ന കാട്ടാനകൾ സഞ്ചാരികൾക്ക് ദൃശ്യവിരുന്നാണ്. അപൂർവം സമയങ്ങളിൽ കുട്ടിയാനകളെയും കാണാനാകും. ബോട്ടിലിരുന്നു തന്നെ ആനകളുടെ ഫോട്ടോയെടുക്കാം, സെൽഫിയുമാകാം. ഡിടിപിസിയും ഹൈഡൽ ടൂറിസവുമാണ് ഇവിടെ ബോട്ടിങ് നടത്തുന്നത്. പെഡൽ ബോട്ട്, സ്പീഡ് ബോട്ട്, ഫാമിലി ബോട്ട്, ശിക്കാര ബോട്ട് എന്നിവ സഞ്ചാരികൾക്കായി സജ്ജമാണ്. സ്വകാര്യ വ്യക്തികളുടെ പാരാ സെയിലിങും ആകർഷണീയം. മൂന്നാറിലെത്തുന്ന സഞ്ചാരികൾ ആദ്യം തെരഞ്ഞെടുക്കുന്ന സ്പോട്ടുകളിലൊന്നാണ് മാട്ടുപ്പെട്ടി. ആയിരക്കണക്കിന് സഞ്ചാരികളാണ് ദിവസേന ഇവിടെയത്തുന്നത്. പച്ചപ്പട്ട് വിരിച്ച തേയിലതോട്ടങ്ങൾക്കിടയിലൂടെയുള്ള യാത്ര ആനന്ദകരം. ബോട്ടിങ് സെന്ററിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കൗബോയ് പാർക്കിലും കുട്ടികളടക്കം നിരവധിപേർ സമയം ചെലവഴിക്കുന്നു. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ചോലവനത്തിലൂടെ ട്രക്കിങ് നടത്താനും സൗകര്യമുണ്ട്. കുന്നുകൾ, തേയിലത്തോട്ടങ്ങൾ, ചോലവനങ്ങൾ എന്നിവയാൽ ചുറ്റപ്പെട്ട മാട്ടുപ്പെട്ടി സഞ്ചാരികൾക്ക് സമ്മാനിക്കുന്നത് ദൃശ്യവിരുന്നാണ്. പള്ളിവാസൽ ജലവൈദ്യുത പദ്ധതിക്ക് കീഴിലാണ് മാട്ടുപ്പെട്ടി അണക്കെട്ട്.









0 comments