കരുതിക്കൂട്ടി നടത്തിയ കൊലപാതകം

veedu

മുഹമ്മദ് ഫൈസലും കുടുംബവും കൊല്ലപ്പെട്ട വീട്

വെബ് ഡെസ്ക്

Published on Oct 31, 2025, 12:27 AM | 1 min read

തൊടുപുഴ

കരുതിക്കൂട്ടിയ കൊലപാതകമാണിതെന്നും പ്രോസിക്യൂഷന്റെ എല്ലാ വാദങ്ങളും കോടതി അംഗീകരിച്ചെന്നും സ്‍പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം സുനില്‍കുമാര്‍. പ്രതിയുടെ പ്രായം മാത്രമായി പരിഗണിക്കാൻ പാടില്ലെന്നായിരുന്നു വാദം. മറ്റ് സാഹചര്യങ്ങളെല്ലാം കണക്കിലെടുക്കുമ്പോള്‍ നിഷ്‍ഠൂര കൊലപാതകമാണ്. ദൃക്‍സാക്ഷി രാഹുലിന്റെ മൊഴിയാണ് ഏറ്റവും നിര്‍ണായകമായത്. സംഭവശേഷം പ്രതി നടത്തിയ ഫോണ്‍ കോളുകള്‍ അയാളുടെ ഫോണില്‍ റെക്കോര്‍ഡ് ആയിരുന്നു. ബന്ധുക്കള്‍, ഓട്ടോറിക്ഷ ഡ്രൈവര്‍ തുടങ്ങിയവര്‍ക്കായിരുന്നു ഇത്. അവയുടെ ശബ്‍ദ സാമ്പിളുകളെടുത്ത് ശാസ്‍ത്രീയ പരിശോധന നടത്തി. ആ സാക്ഷികളെയെല്ലാം വിസ്‍തരിച്ചു. പ്രതിയുടെ ശരീരത്തിലെ പൊള്ളലുകളും പ്രധാനമായി. സംഭവത്തിന് രണ്ടുദിവസം മുമ്പ് പ്രതിയുടെ സാധന സാമഗ്രികളും 2,20,000 രൂപയും 50,000 രൂപയുടെ ചെക്ക് അടക്കമുള്ള കുറച്ച് രേഖകളും ജ്യേഷ്‍ഠന്റെ വീട്ടിലേക്ക് മാറ്റിയിരുന്നു. ഇത് കരുതിക്കൂട്ടിയാണ് കൃത്യം നടത്തിയതെന്ന് തെളിയിക്കുന്നു. വിചാരണ വേളയില്‍ 2,20,000 തന്റെ സ്വന്തമാണെന്ന് ഹര്‍ജിയിലൂടെ ആവശ്യപ്പെട്ട് വാങ്ങിയിരുന്നു. പ്രോസിക്യൂട്ടര്‍മാരായ ആര്‍രാകേഷ്, എസ് സന്ദീപ് എന്നിവരും ഹാജരായിരുന്നു.

വിധി കേള്‍ക്കാനെത്താതെ മൂത്തമകൻ

തൊടുപുഴ

എന്നെയും കൊന്നേനേ, അയാള്‍ പുറത്തിറങ്ങരുത്. ഹമീദിന്റെ മൂത്തമകൻ ഷാജി പറഞ്ഞു. നാടുവിട്ട് പോയി 25 വര്‍ഷത്തിന് ശേഷം കണ്ടെത്തി കൊണ്ടുവന്നത് ഞാനാണ്. ഒരുതെറ്റും ചെയ്യാത്തവരെയാണ് ചുട്ടുകൊന്നത്, വിധിയില്‍ സഹതാപമില്ല, ഷാജി പറഞ്ഞു. സ്വത്തുക്കള്‍ മക്കള്‍ക്ക് നല്‍കിയാണ് ഹമീദ് നാടുവിട്ടത്. ഹൈറേഞ്ചിലാണ് താമസമെന്നറിഞ്ഞ് ഷാജിയാണ് തിരികെ നാട്ടിലെത്തിച്ചത്. സ്വത്ത്‌ തിരിച്ചെഴുതി നൽകണമെന്നാശ്യപ്പെട്ടാണ്‌ ഷാജിയോടും മുഹമ്മദ് ഫൈസലിനോടും വഴക്കും കേസും തുടങ്ങിയത്. രണ്ടുമക്കളും പ്രതിമാസം രണ്ടായിരം രൂപ വീതം നൽകാൻ ധാരണയായിരുന്നു. ശേഷമാണ് കൊലപാതകം. പ്രതിയുടെ സ്‍കൂട്ടറില്‍നിന്നും പെട്രോള്‍ നിറച്ച കുപ്പികള്‍ പൊലീസ് കണ്ടെത്തിയിരുന്നു. മൂത്തമകനെയും കൊല്ലുമെന്ന് സഹതടവുകാരോട് പറഞ്ഞതായും വിവരമുണ്ട്. ഉടുന്പന്നൂരിൽ കച്ചവടം നടത്തുന്ന ഷാജി ഭാര്യയും മൂന്ന്‌ മക്കൾക്കുമൊപ്പമാണ് താമസം. ഇനിയൊരിക്കലും പുറംലോകം കാണാനാവാത്ത വിധിയാകണമെന്നായിരുന്നു ആഗ്രഹം, വിധി കേള്‍ക്കാൻ കോടതിയിലേക്കും ഷാജി പോയില്ല.



deshabhimani section

Related News

View More
0 comments
Sort by

Home