പൈശാചികം, ക്രൂരം

വിധി കേട്ടശേഷം പ്രതി ഹമീദ് പൊലീസുകാര്‍ക്കൊപ്പം കോടതിക്ക് പുറത്തേക്ക് വരുന്നു

സ്വന്തം ലേഖകൻ
Published on Oct 31, 2025, 12:45 AM | 1 min read
തൊടുപുഴ
2022 മാര്‍ച്ച് 19ന് പുലര്‍ച്ചെ ചീനിക്കുഴി ആലിയക്കുന്നേല്‍ വീട്ടില്‍ നടന്നത് പൈശാചിക കൊലപാതകം. ഇന്നും നാട്ടുകാര്‍ക്കിടയില്‍ സംഭവമോര്‍ക്കുമ്പോള്‍ നടുക്കമാണ്. ഒരു കൂരയ്‌ക്ക് കീഴെ ഉറങ്ങിയിരുന്ന സ്വന്തം മകനെയും അവന് പ്രിയപ്പെട്ട ഭാര്യയെയും മക്കളെയും ചുട്ടുകൊന്നു. ജയിലില്‍ പോയാല്‍ ആഴ്‍ചയിലൊരിക്കല്‍ മട്ടണ്‍ കിട്ടും, വീട്ടിലെനിക്കിത് കിട്ടില്ല. കൊലപാതകത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ഹമീദ് ചീനിക്കുഴിയിലെ ചായക്കടയിലിരുന്ന് പറഞ്ഞപ്പോള്‍ അത് ചെയ്യാനാണെന്ന് കേട്ടവരും കരുതിയില്ല. മൂന്നുവര്‍ഷങ്ങള്‍ക്കിപ്പുറം ഹമീദ് വധശിക്ഷയ്‍ക്ക് വിധിക്കപ്പെട്ട് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുന്നു. മകനെ കൊല്ലാൻ കൃത്യവും ദയാരഹിതവുമായ പദ്ധതിയാണ് ഹമീദ് തയ്യാറാക്കിയത്. പ്ലാസ്റ്റിക് കുപ്പികളില്‍ പെട്രോള്‍ നിറച്ചു, കത്തിക്കാൻ കോട്ടണ്‍ വേസ്റ്റ് കുപ്പിയുടെ വായ്ഭാഗത്ത് തിരുകി. മകനും കുടുംബവും ഉറങ്ങിയ മുറിയും വീടിന്റെ മുൻവാതിലും പുറത്തുനിന്നും പൂട്ടി. തീയണയ്‍ക്കാതിരിക്കാൻ ടാങ്ക് കാലിയാക്കി, മോട്ടറിന്റെ വയര്‍ വിച്ഛേദിച്ചു. ശേഷം ജനലിലൂടെ തീകൊളുത്തി പെട്രോള്‍ നിറച്ച് കുപ്പി മുറിയിലേക്കിട്ടു. രക്ഷിക്കാനെത്തിയ രാഹുല്‍ തടയുന്നതിനിടയിലും നാലു കുപ്പികൂടി മുറിയിലേക്കെറിഞ്ഞ് മരണം ഉറപ്പാക്കി. ശേഷം ബന്ധുവീട്ടിലെത്തി വീടിന് തീയിട്ടതായി പറഞ്ഞു. ഓട്ടോറിക്ഷയില്‍ രക്ഷപെടാനൊരുങ്ങുമ്പോഴാണ് ഹമീദ് പിടിയിലായത്. പൊലീസിനോട് കുറ്റവും സമ്മതിച്ചു. സ്വത്ത് തര്‍ക്കം ഇല്ലാതാക്കിയത് നാലുപേരുടെ ജീവിക്കാനുള്ള അവകാശവും കുറേ സ്വപ്‍നങ്ങളും.
ഭാവഭേദമില്ലാതെ ഹമീദ്
പ്രതിക്കൂടിനരികെ ഹമീദ് വിധി കാത്തിരുന്നു. ജ‍്ഡജി ആഷ് കെ ബാല്‍ സീറ്റിലെത്തിയപ്പോഴേക്കും കൂട്ടിനുള്ളിലേക്ക് കയറി. തികച്ചും നിര്‍വികാരനായി നിന്നു. മുഖം മാസ്‍കിട്ട് മറച്ചിരുന്നു. മുട്ടം ജയിലില്‍നിന്നും കൈയാമം വച്ച് കൊണ്ടുവരുമ്പോഴും വിധി കേട്ടപ്പോഴും മറ്റ് പ്രതികരണങ്ങളൊന്നുമില്ലായിരുന്നു. പശ്‍ചാത്താപമില്ലാതെയായിരുന്നു മുഖഭാവം. വിധി വിശദീകരിക്കാനും അപ്പീല്‍ നല്‍കുന്നതുമായും ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. അവിടെനിന്നും തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കും.









0 comments