വിധി നാളെ
ചീനിക്കുഴി കൂട്ടകൊലപാതകം; പ്രതി കുറ്റക്കാരൻ

കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയശേഷം കോടതിയിൽനിന്ന് പുറത്തേക്ക് വരുന്ന പ്രതി ആലിയകുന്നേൽ ഹമീദ്
തൊടുപുഴ
സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് ചീനിക്കുഴിയില്‍ മകനെയും മകന്റെ ഭാര്യയേയും രണ്ടു മക്കളെയും പെട്രോൾ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. വ്യാഴാഴ്‌ച വിധി പറയും. 436, 302 വകുപ്പുകൾ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് തെളിഞ്ഞത്. തൊടുപുഴ മുട്ടം ഒന്നാം അഡീഷ്‍ണൽ സെഷൻസ് കോടതി ജഡ്ജ് ആഷ് കെ ബാലാണ് വിധിപറയുക. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും പ്രായം പരിഗണിക്കാതെ സമൂഹത്തിന് സന്ദേശമാകുന്ന വിധിയാകണമെന്നും സ്‌പഷ്യൽ പ്രോസിക്യൂട്ടര്‍ അഭ്യര്‍ഥിച്ചു. ഒന്നാം സാക്ഷി രാഹുലിന്റെ മൊഴിയാണ് നിര്‍ണായകമായത്. ചീനിക്കുഴി ആലിയകുന്നേൽ ഹമീദ് (74) ആണ് പ്രതി. ഇയാളുടെ മകൻ മുഹമ്മദ് ഫൈസൽ (45), ഭാര്യ ഷീബ (40), മക്കളായ മെഹ്‌റിൻ (16), അസ്‍ന (13) എന്നിവരാണ് കൊല്ലപ്പെട്ടത്. മകനും കുടുംബവും ഉറങ്ങിക്കിടന്ന മുറിയിലേക്ക് അര്‍ധരാത്രി ഹമീദ് ജനലിലൂടെ പെട്രോൾ നിറച്ച കുപ്പിയെറിഞ്ഞ് തീകൊളുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 മാര്‍ച്ച് 19ന് പുലര്‍ച്ചെ 12.45നാണ് സംഭവം. രക്ഷപ്പെടാനുള്ള എല്ലാ മാർഗങ്ങളും അടച്ചാണ് ഹമീദ് കൃത്യം ആസൂത്രണം ചെയ്തത്. നിലവിളിയും പൊട്ടിത്തെറി ശബ്ദവും കേട്ട് ഓടിയെത്തിയ അയൽവാസികൾക്ക് അകത്തേക്ക് കടക്കാനായില്ല. നാലുപേരും മുറിക്കുളിൽ വെന്ത് മരിക്കുകയായിരുന്നു. പ്രതിയെ പൊലീസ് സംഭവദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. സാക്ഷിമൊഴികൾക്കും സാഹചര്യത്തെളിവുകൾക്കും പുറമെ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്‍തിരുന്നു. പ്രോസിക്യൂഷൻ 71 സാക്ഷികളെയും തെളിവായി 137 രേഖകളും ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം സുനില്‍കുമാർ ഹാജരായി. തൊടുപുഴ ഡിവൈഎസ‍്പി ആയിരുന്ന എ ജി ലാലാണ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
നിര്‍വികാരനായി ഹമീദ്
നിശ്ചയിച്ച തീയതികളില്‍നിന്ന് രണ്ടുതവണ മാറ്റിവച്ച ശേഷമാണ് ചൊവ്വാഴ്‍ച പ്രതി കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞത്. 23നായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. പിന്നീട് 25ലേക്കും മാറ്റിയിരുന്നു. കോടതിയിലെത്തിയ പ്രതി ഹമീദ് നിര്‍വികാരനായിരുന്നു. ശരീരവേദനയുണ്ടെന്നും കേള്‍വിക്കുറവുണ്ടെന്നും മാത്രമാണ് കോടതിയോട് പറഞ്ഞത്.









0 comments