കട്ടപ്പനയുടെ ഹെല്‍ത്ത് ‘ഓക്കെ’യാണ് കട്ടപ്പന

കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പരാധീനതകൾ ഇല്ലാതാക്കി പുതിയ ബ്ലോക്കും ഡയാലിസിസ് ഉൾപ്പെടെയുള്ള അവശ്യ ചികിത്സാസൗകര്യങ്ങളും ആരംഭിച്ച് മികച്ച ആതുരാലയമാക്കി ഉയർത്തിയത് എൽഡിഎഫ് സർക്കാരുകൾ. കിഫ്ബിയിലൂടെ ആശുപത്രിക്ക് അനുവദിച്ച 16 കോടി രൂപയുടെ ബഹുനില കെട്ടിടം കൂടി പൂർത്തിയാകുമ്പോൾ മികവിന്റെ കേന്ദ്രമായി മാറും. മുമ്പ് സ്ഥലപരിമിതികളിലും പരാധീനതകളിലും നട്ടംതിരിഞ്ഞിരുന്ന നാളുകൾക്ക് അറുതിയായത് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പുതിയ ബ്ലോക്ക് നിർമിച്ചതോടെ. നിലവിൽ ഈ കെട്ടിടത്തിൽ അത്യാഹിത വിഭാഗം, ഓപ്പറേഷൻ തിയറ്റർ, 15 വീതം കിടക്കകളുള്ള സ്ത്രീകളുടെയും പുരുഷൻമാരുടെയും വാർഡുകൾ, ഡയാലിസിസ് യൂണിറ്റ് ഉൾപ്പെടെ പ്രവർത്തിക്കുന്നു. വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ 2021 ഫിബ്രവരിയിൽ ഉദ്ഘാടനം ചെയ്ത ഡയാലിസിസ് യൂണിറ്റ് ഡിസംബറിൽ പ്രവർത്തനമാരംഭിച്ചു. ആർദ്രം ആരോഗ്യം പദ്ധതിയുടെ ഭാഗമായി 2023 നവംബറിൽ മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലിൽ രണ്ടാം ഷിഫ്റ്റും ആരംഭിച്ചു. നിലവിൽ പ്രതിദിനം 20 പേർക്ക് ഡയാലിസിസ് നടത്തുന്നു. ആർദ്രം ആരോഗ്യം പദ്ധതിയുടെ ഭാഗമായി മന്ത്രി വീണാ ജോർജിന്റെ സന്ദർശനത്തിനുശേഷം ജീവനക്കാരെ നിയമിച്ച് ഡി ലെവൽ ഐസിയു- എൻഐസിയു ആംബുലൻസും ഓടിത്തുടങ്ങി. ആശുപത്രിയിൽ മലിനജലം സംസ്‌കരിച്ച് പുനരുപയോഗിക്കുന്നതിനുള്ള ഗ്രേ വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു. മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലിൽ 50 ലക്ഷം രൂപയാണ് പ്ലാന്റിനായി അനുവദിച്ചത്. കിടപ്പുരോഗികളും ഡയാലിസിസ് യൂണിറ്റുമുള്ള ആശുപത്രിയിൽ പ്രതിദിനം 30,000 ലിറ്റർ ജലമാണ് ഉപയോഗിക്കുന്നത്. പുതിയ വാർഡിൽ അടിസ്ഥാന സൗകര്യം ഒരുക്കാൻ 10 ലക്ഷം രൂപയും മന്ത്രി റോഷി അഗസ്റ്റിൻ അനുവദിച്ചിട്ടുണ്ട്. ഭൂജലവകുപ്പ് ജില്ലയ്ക്ക് അനുവദിച്ച റിഗ് ഉപയോഗിച്ച് കുഴൽക്കിണർ നിർമിച്ച് ശുദ്ധജല സൗകര്യവും ഉറപ്പാക്കിയിട്ടുണ്ട്.









0 comments