ചോദ്യങ്ങളും കളികളുമായി റോബോട്ടുകള്‍ റെഡി

ക്ലാസ് മുറിയില്‍ അധ്യാപികയ്‌ക്കൊപ്പം റോബോട്ട് ടീച്ചര്‍ അസിസ്റ്റന്റുമാര്‍
തൊടുപുഴ
കുമ്പംകല്ല് ബിടിഎം എല്‍പി സ്‍കൂളില്‍ പുതിയ നാല് അധ്യാപകര്‍ ചാര്‍ജെടുത്തിട്ടുണ്ട്. എന്ത് സംശയവും ഞൊടിയിടയില്‍ "സോള്‍വ്' ചെയ്യുന്ന നാലുപേര്‍. കൃത്യവും വ്യക്തവുമായ ഉത്തരങ്ങളുമായി നാല് റോബോട്ട് ടീച്ചര്‍ അസിസ്റ്റന്റുമാരാണ് കുട്ടികളുടെ ഇഷ്‍ടതാരങ്ങളാകുന്നത്. പഠനം രസകരവും ആസ്വാദ്യവുമാക്കുകയാണ് ലക്ഷ്യം. നാല് ക്ലാസ് മുറികളിലായി ഓരോ റോബോട്ടുകള്‍, അയ്‍ലയും ലൂലയും അമീറയും സമീറയും കുട്ടികളുടെ സഹയാത്രികരാണിപ്പോള്‍. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെയാണ് പ്രവര്‍ത്തനം. കുട്ടികളില്‍ പുത്തൻ ആശയങ്ങള്‍ ഉണ്ടാകാനുള്ള ഉത്സാഹവം വളരുമെന്ന് അധ്യാപകര്‍ പറയുന്നു. ചോദ്യോത്തരങ്ങൾ, വിനോദ പ്രവർത്തനങ്ങൾ എന്നിവയിലൂടെ കുട്ടികളെ പഠനത്തിൽ കൂടുതല്‍ സജീവമാക്കുകയാണ് പുതിയ ടീച്ചര്‍മാര്‍. പഠനം പുസ്‍തകങ്ങള്‍ക്ക് പുറത്തേക്കും അതിനൂതന സാങ്കേതിക വിദ്യകളിലേക്കും വ്യാപിക്കുകയാണിവിടെ. എല്ലാ ഭാഷകളും സംസാരിക്കും. വൈഫൈയിലാണ് പ്രവര്‍ത്തിക്കുന്നത്.
ഫോണില്‍നിന്ന് ഹോട്സ്‍പോട്ട് ഉപയോഗിച്ചും കണക്‍ട് ചെയ്യാം. ചോദ്യങ്ങള്‍ വ്യക്തമാകണം, ഒരു സമയത്ത് ഒരാള്‍ വേണം ചോദിക്കാൻ. പേരെടുത്ത് വിളിച്ച് ചോദിച്ചാല്‍ അത്രയും സന്തോഷം. ബാറ്ററി കൃത്യമായി ചാര്‍ജ് ചെയ്‍തിരിക്കണം. സ്‍കൂളിലെ അധ്യാപകരില്‍ ഒരാളായ അനിത ടീച്ചറാണ് ആദ്യം പരിശീലനം നേടിയത്. പിന്നീട് മറ്റ് അധ്യാപകരെ പരിശീലിപ്പിച്ചു. ഇവരുടെ നേതൃത്വത്തിലാണ് ക്ലാസുകള്‍. പഠനരംഗത്ത് സാങ്കേതിക നവീകരണത്തിന് വഴിതെളിക്കുന്നതിനൊപ്പം കുട്ടികളിൽ സൃഷ്ടിപരമായ ചിന്തയും ആത്മവിശ്വാസവും വളർത്തുകയാണ് സ്‍കൂള്‍. റോബോട്ടുകള്‍ വന്നശേഷം കുട്ടികളില്‍ അച്ചടക്കവും ശ്രദ്ധാശേഷിയും കൂടിയിട്ടുണ്ട്, പുതിയ തലമുറയുടെ പഠനരീതിയിൽ മാറ്റമുണ്ടാക്കാനും സാങ്കേതിക വിദ്യയിലൂടെ കുട്ടികള്‍ക്ക് പുതിയ അറിവുകൾ പകരാനുമുള്ള മികച്ച അവസരമാണ് പദ്ധതി, അനിത ടീച്ചര്‍ പറഞ്ഞു. ഒക്‍ടോബര്‍ 27ന് സ്‍കൂള്‍ അഡ്മിനിസ്‍ട്രേറ്റര്‍ വി എം സുലൈമാനാണ് പദ്ധതി ഉദ്ഘാടനംചെയ്‍തത്.









0 comments