ഗാസയിലെ കുരുന്നുകൾക്ക് ഐക്യദാർഢ്യവുമായി നവോത്ഥാന സദസ്സ്

നവോത്ഥാന സദസ്സ് എന്‍ എസ് മാധവൻ ഉദ്ഘാടനംചെയ്യുന്നു

സ്വന്തം ലേഖകൻ
Published on Nov 15, 2025, 12:00 AM | 1 min read
തൊടുപുഴ
ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകൾ വായിച്ചും ചിത്രങ്ങൾ വരച്ചും കവിതകൾ ആലപിച്ചും കലാപരിപാടികൾ അവതരിപ്പിച്ചും നവോത്ഥാന സദസ്സ്. ജില്ലാ ലൈബ്രറി കൗൺസിലും ഗാസ ഐക്യദാർഢ്യ സമിതിയും ചിന്ത രവി ഫൗണ്ടേഷനും പുരോഗമന കലാ സാഹിത്യ സംഘവും കേരള ശാസത്ര സാഹിത്യ പരിഷത്തും ചേർന്ന് തൊടുപുഴ മങ്ങാട്ടുകവലയിൽ സംഘടിപ്പിച്ച നവോത്ഥാന സദസ്സ് ശ്രദ്ധേയമായി. എഴുത്തുകാരനും ചിന്തകനുമായ എൻ എസ് മാധവൻ ഉദ്‌ഘാടനംചെയ്‌തു. മനുഷ്യവംശം കണ്ട ഭീകരവും പൈശാചികവുമായ വംശഹത്യയാണ് ഗാസയിൽ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുതലാളിത്വത്തിന്റെ പിടിയിൽ അമർന്നിരിക്കുന്ന ലോക രാഷ്‌ട്രങ്ങൾ എന്തുകൊണ്ട് ചെറുക്കുന്നില്ലെന്ന ചോദ്യം പ്രസക്തമാണ്. ബൽജിയത്തിന്റെ തലസ്ഥാനത്താണ് ആദ്യമായി ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകൾ വായിച്ചത്. അതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കേരളത്തിൽ ഇത്തരം പരിപാടി സംഘടിപ്പിച്ചത്.
ഗാസയിൽ നിരപരാധികളായ കുരുന്നുകൾ കൊല്ലപ്പെടുന്പോൾ ആഘോഷമാക്കുന്നതിനെതിരെയാണ് പ്രതികരണം. ഉത്തരേന്ത്യയിൽ ഇത് ആഘോഷിക്കുന്നവരുണ്ട്. കേരളത്തിലും മനസ് മരവിച്ച ചിലർ ഇക്കൂട്ടത്തിലുണ്ട്. മനുഷ്യത്വം വീണ്ടെടുക്കാനും ഭീകര വംശഹത്യയെ ന്യായീകരിക്കുന്നതിന് അന്ത്യം കുറിക്കാനുള്ള നീക്കത്തെ തൊട്ടുണർത്താനാണ് ഇത്തരം പരിപാടികളെന്നും അദ്ദേഹം പറഞ്ഞു. ലൈബ്രറി കൗണ്‍സിൽ ജില്ലാ പ്രസിഡന്റ് കെ എം ബാബു അധ്യക്ഷനായി. ‘കേരള പിറവിമുതൽ നവകേരളംവരെ’ എന്ന വിഷയത്തിൽ ലൈബ്രറി കൗൺസിൽ സംസഥാന എക്‌സിക്യുട്ടിവംഗം അജിത് കോളാടി പ്രഭാഷണം നടത്തി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാപഞ്ചായത്തംഗം കെ ജി സത്യൻ, തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ, തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വി ഷാജി എന്നിവർ സംസാരിച്ചു.









0 comments