ഇതാ അതിദരിദ്രരില്ലാത്ത ഇടുക്കി


സ്വന്തം ലേഖകൻ
Published on Oct 23, 2025, 12:00 AM | 2 min read
തൊടുപുഴ കുടിയേറ്റ ജനതയും കര്‍ഷകരും തോട്ടം തൊഴിലാളികളും ഏറെയുള്ള ജില്ലയില്‍ ഇനി അതിദരിദ്രരില്ല. സംസ്ഥാന സര്‍ക്കാരിന്റെ മുന്‍ഗണനാ പദ്ധതിയുടെ ഭാഗമായി ജില്ലയിലും അതിദാരിദ്ര നിര്‍മാര്‍ജനമെന്ന ലക്ഷ്യം പൂര്‍ണതയിലെത്തി. കഴിഞ്ഞ 1൫ന് പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായെന്നും 27ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേല്‍ പ്രഖ്യാപിക്കുമെന്നും അധികൃതര്‍ പറഞ്ഞു. 'ഒരു കുടുംബം പോലും പിന്നിലാകരുത്' എന്ന പ്രതിജ്ഞയോടെ തദ്ദേശ സ്ഥാപനങ്ങൾ, വകുപ്പുകൾ, കുടുംബശ്രീ യൂണിറ്റുകൾ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ ഏകോപിതമായ ഇടപെടലാണ് ലക്ഷ്യത്തിലെത്തിയത്. നവംബര്‍ ഒന്നിന് സംസ്ഥാനതല പ്രഖ്യാപനവും നടക്കും. വിദ്യാഭ്യാസം, സാമൂഹ്യനീതി, ആരോഗ്യം, റവന്യൂ തുടങ്ങിയ വകുപ്പുകളുടെ ഏകോപനത്തിലൂടെയാണ് ലക്ഷ്യം സാധ്യമായത്. അര്‍ഹരിലേക്ക് സൂഷ്‍മതയോടെ ജില്ലയില്‍ 2665 അതിദരിദ്ര കുടുംബങ്ങളെയാണ് സര്‍വേയിലൂടെ കണ്ടെത്തിയത്. ഇവര്‍ക്കായി 2392 മൈക്രോപ്ലാനുകള്‍ തയ്യാറാക്കി. 250കുടുംബങ്ങൾ തൊടുപുഴ, കട്ടപ്പന നഗരസഭകളിലായിരുന്നു. 52 പഞ്ചായത്തുകളിലായി 1917 കുടുംബങ്ങളും. ഭക്ഷണം, ആരോഗ്യം, പാര്‍പ്പിടം, വരുമാനം എന്നിങ്ങനെ നാല് പൊതുഘടങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പ്രവര്‍ത്തനങ്ങള്‍. ഭക്ഷ്യക്കിറ്റ് വിതരണം, പാചകംചെയ്‍ത ഭക്ഷണം എന്നിവയിലൂടെ 802 കുടുംബങ്ങള്‍ക്ക് ഭക്ഷണസുരക്ഷയൊരുക്കി. ആരോഗ്യമേഖലയില്‍ 949 കുടുംബങ്ങള്‍ക്ക് മരുന്ന്, 198 കുടുംബങ്ങള്‍ക്ക് പാലിയേറ്റീവ് ചികിത്സ, 20പേര്‍ക്ക് ആരോഗ്യസുരക്ഷാ ഉപകരണങ്ങള്‍ എന്നിവ ലഭ്യമാക്കി. പാര്‍പ്പിടവുമായി ബന്ധപ്പെട്ട് ഭവനരഹിതര്‍ക്കും ഭൂരഹിത ഭവനരഹിതര്‍ക്കും ലൈഫിലൂടെ 431 വീട് നിര്‍മിച്ച് നല്‍കി. കുടുംബശ്രീ ഉജ്ജീവനം പദ്ധതിയിലൂടെ 180കുടുംബങ്ങള്‍ക്ക് സ്വയംതൊഴില്‍ പദ്ധതികളും നടപ്പാക്കി. എല്ലാ കുടുംബങ്ങള്‍ക്കും ഇപിഐപി കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്. ഇതുപയോഗിച്ച് സര്‍ക്കാര്‍ സേവനങ്ങളെല്ലാം സൗജന്യമായി ലഭിക്കും. കുട്ടികളെ സ്‍കൂളില്‍ ചേര്‍ക്കല്‍, സൗജന്യ യാത്രാപാസ്, അഡ്മിഷൻ, പഠനോപകരണങ്ങള്‍, 131 തിരിച്ചറിയല്‍ കാര്‍ഡ്, 123 ആധാര്‍ കാര്‍ഡ്, 260 ഹെല്‍ത്ത് ഇൻഷുറൻസ്, 30 സാമൂഹ്യസുരക്ഷാ പെൻഷൻ, 29 ബാങ്ക് അക്കൗണ്ട്, രണ്ട് ഭിന്നശേഷി കാര്‍ഡ്, എട്ട് കുടുംബശ്രീ അംഗത്വം, 35 തൊഴില്‍കാര്‍ഡ്, 104 റേഷൻകാര്‍ഡ്, മൂന്ന് ഗ്യാസ് കണക്ഷൻ എന്നിവയും ലഭ്യമാക്കി. വെല്ലുവിളികളിലൂടെ നല്ല നാളേയ്‌ക്ക് ഭൂമി ലഭ്യതക്കുറവ്, ഭൂപ്രദേശത്തിന്റെ വ്യാപ്‌തി, ഉൾപ്രദേശങ്ങളിലെ സേവന ലഭ്യതക്കുറവ് എന്നിവ പ്രധാന വെല്ലുവിളികളായിരുന്നു. അതിദാരിദ്ര്യത്തിൽനിന്ന് മോചിതരായ കുടുംബങ്ങൾക്ക് തുടർച്ചയായ പിന്തുണ നല്‍കും. പുതിയ തൊഴിൽ മേഖലകളിൽ കൂടുതൽ അവസരങ്ങൾ ഒരുക്കും. ദാരിദ്ര്യത്തിലേക്ക് വീഴാൻ സാധ്യതയുള്ള കുടുംബങ്ങളെ തിരിച്ചറിഞ്ഞ് ചേര്‍ത്തുപിടിക്കും.









0 comments