യൂത്ത് ലീഗിന് വഴങ്ങി വാര്‍ഡ് മാറ്റം
തൊടുപുഴയിൽ കസേരകളി

തൊടുപുഴ
യൂത്ത് ലീഗ് ഭീഷണിക്ക് മുന്നില്‍ വഴങ്ങി മുസ്ലിം ലീഗ്. തൊടുപുഴ നഗരസഭയില്‍ കലാപമുയർത്തിയ യൂത്ത് ലീഗിന് ഒടുവില്‍ സീറ്റ് അനുവദിക്കേണ്ടിവന്നു. 17–ാം വാർഡിൽ സ്ഥാനാർഥിയായി ലീഗ് പ്രഖ്യാപിച്ച മുൻ നഗരസഭാ ചെയർമാൻ എ എം ഹാരിദിനെ 16–ാം വാർഡിലേക്ക് മാറ്റി. 17ൽ യൂത്ത് ലീഗ് നേതാവ് കെ എം നിഷാദിന് സീറ്റ് നല്‍കിയാണ് പൊട്ടിത്തെറിയുണ്ടാകാതെ ലീഗ് താല്‍ക്കാലിക പരിഹാരം കണ്ടത്. ജില്ലയിൽ യൂത്ത് ലീഗിന് അനുവദിച്ച ഏക സീറ്റും ഇതാണ്. മൂന്നുതവണ മത്സരിച്ചവര്‍ക്ക് വീണ്ടും അവസരം നല്‍കേണ്ടതില്ലെന്ന പാര്‍ടി സംസ്ഥാന നേതൃത്വ തീരുമാനത്തിന് വിരുദ്ധമായാണ് ലീഗ് തൊടുപുഴ നഗരസഭയില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഇതോടെയാണ് 17ാം വാര്‍ഡിലേക്ക് നിശ്ചയിച്ച എ എം ഹാരിദിനെതിരെ നിഷാദ് വിമതനായേക്കുമെന്ന് വാര്‍ത്തകള്‍ പരന്നത്. സമൂഹമാധ്യമങ്ങളില്‍ ഇത് സാധൂകരിക്കുന്ന പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ലീഗ് ഓഫീസിന് മുന്നില്‍ സംസ്ഥാന തീരുമാനം സൂചിപ്പിക്കുന്ന ബോര്‍ഡുകളും സ്ഥാപിച്ചു. ലീഗ് നേതൃത്വം ചര്‍ച്ചകള്‍ നടത്തിയിട്ടും ഫലം കണ്ടില്ല.
വിഷയം കൈവിട്ടുപോകുമെന്ന് ഉറപ്പായതോടെയാണ് നിഷാദിന് സീറ്റ് നല്‍കി പ്രശ്‍നം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നാണ് വിവരം. ഇതോടെ 16ാം വാര്‍ഡിലേക്ക് നിശ്ചയിച്ചിരുന്ന ഷാമല്‍ അസീസിന് സ്ഥാനം നഷ്‍ടമായി. പ്രഖ്യാപനം വന്നതുമുതല്‍ ഷാമല്‍ പ്രചാരണ പരിപാടികള്‍ ആരംഭിച്ചിരുന്നെന്നാണ് വിവരം. സമൂഹമാധ്യമങ്ങളില്‍ പോസ്റ്ററുകളും ഇറക്കിയിരുന്നു. സ്ഥാനാര്‍ഥിത്വം നഷ്‍ടമായതോടെ പാര്‍ടി പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നുപോകുന്നതിനാല്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്നുവെന്ന് ഷമാല്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. ജില്ലയിൽ യൂത്ത് ലീഗിന് ആവശ്യമായ പരിഗണനലഭിച്ചില്ലെന്ന വികാരമാണ് അവർക്കുള്ളത്. മറ്റ് സ്ഥാനാർഥികളെ വിജയിപ്പിക്കാൻ ഓടിനടന്ന് പ്രവർത്തിക്കുന്ന യുവാക്കൾക്ക് വേണ്ടത്ര പരിഗണനലഭിച്ചില്ലെന്ന വികാരമാണ് യൂത്ത് ലീഗിനുള്ളിൽ.









0 comments