തൊടുപുഴ മുനിസിപ്പല്‍ ബസ് സ്റ്റാൻഡില്‍ അപകടം പതിയിരിക്കുന്നു
സൂക്ഷിച്ച് നടക്കണേ, കാലുകീറും

മുനിസിപ്പല്‍ ബസ് സ്റ്റാൻഡില്‍ അപകടം പതിയിരിക്കുന്നു
തൊടുപുഴ
മുനിസിപ്പല്‍ ബസ് സ്റ്റാൻഡില്‍ അപകടം പതിയിരിക്കുന്നു .സൂക്ഷിച്ച് നടക്കണേ, കാലുകീറും. മുനിസിപ്പൽ ബസ് സ്‌റ്റാൻഡിൽ ബസ് കാത്ത് നിൽക്കുന്നവർ ശ്രദ്ധിച്ചില്ലെങ്കില്‍ കാലിൽ കോൺക്രീറ്റ് കന്പികൾ തറച്ചുകയറാൻ സാധ്യതയുണ്ട്. വിശാലമായ സ്‌റ്റാൻഡിന്റെ പലയിടങ്ങളിലും കാലാകാലങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്താത്തിനാൽ കോൺക്രീറ്റ് ഇളകി ചെറു ഗർത്തങ്ങളിൽ ഇരുമ്പുകന്പി തെളിഞ്ഞ് നിൽക്കുകയാണ്. അടുത്തനാളിൽ ബസ് കയറാൻ ഓടുന്നതിനിടയിൽ ഒരു വീട്ടമ്മയുടെ കാലിന് മുറിവേറ്റ സംഭവവും ഉണ്ടായി. 400ലേറെ സർവീസുകളാണ് തൊടുപുഴ മുനിസിപ്പൽ ബസ് സ്‌റ്റാൻഡിൽ ദിവസേനയുള്ളത്. ഓരോ സ്ഥലത്തേയ്‌ക്കുമുള്ള ബസുകൾ സ്‌റ്റാൻഡിൽനിന്ന് എടുക്കുന്പോൾ ബസിനെ മാത്രം ലക്ഷ്യമാക്കി ഓടുന്നവര്‍ അപകടത്തില്‍പ്പെട്ടേക്കാം.
മഴവെള്ളം നിറഞ്ഞാല്‍ കുഴിയില്‍ കമ്പി പുറത്തേക്ക് നില്‍ക്കുന്നത് മനസിലാവുകയുമില്ല. യാത്രക്കാര്‍ക്ക് പുറമേ ബസ് ടയറുകള്‍ക്കും കമ്പികൊണ്ട് തകരാര്‍ സംഭവിക്കുന്നുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലേക്കും അയൽ സംസ്ഥാനങ്ങളിലേക്കും ഇവിടെനിന്ന് ബസുകളുണ്ട്. സ്വകാര്യ ബസുകൾ സ്റ്റാൻഡിൽ കയറുന്നതിന് നഗരസഭ നിശ്‌ചിത തുകയും ഇൗടാക്കുന്നുണ്ട്. എന്നാൽ സ്‌റ്റാൻഡിലെ അറ്റകുറ്റപ്പണികൾ യഥാസമയത്ത് നടത്താൻ നഗരസഭാധികൃതർ ശ്രദ്ധിക്കുന്നില്ല. പ്രവേശന കവാടത്തിൽ സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് സ്ലാബുകൾ തകർന്ന് നാളുകൾ കഴിഞ്ഞാണ് അധികൃതരുടെ ശ്രദ്ധ പതിഞ്ഞത്. ഒരു യാത്രക്കാരി ഇവിടെ കാൽവഴുതി വീണത് ചർച്ചയാവുകയും ചെയ്‌തിരുന്നു. പ്രവേശന കവാടത്തിന്റെ പണിയും സമയബന്ധിതമായി പുർത്തീകരിച്ചിട്ടില്ല. എത്രയും വേഗം സ്റ്റാൻഡിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കണമെന്ന ആവശ്യം യാത്രക്കാരുടെയും ബസ് തൊഴിലാളികളുടെയും വ്യാപാരികളുടെയും ഭാഗത്തുനിന്ന് ഉയരുന്നുണ്ട്.









0 comments